കോലിയുടെ റെക്കോർഡ് തകർക്കാൻ ധോണി ‘സമ്മതിച്ചില്ല’; മിന്നൽ സ്റ്റംപിങ്ങിൽ ഗിൽ പുറത്ത്– വിഡിയോ
Mail This Article
അഹമ്മദാബാദ്∙ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ക്രിക്കറ്റ് ഫൈനൽ മത്സരത്തിൽ സൂപ്പർ ഫോമിലുള്ള ഗുജറാത്ത് ബാറ്റർ ശുഭ്മാൻ ഗില്ലിനെ കിടിലൻ സ്റ്റംപിങ്ങിലൂടെ പുറത്താക്കി ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി. ഗുജറാത്ത് ഇന്നിങ്സിന്റെ ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. 20 പന്തിൽ ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്ത്തിയത്. 250–ാം ഐപിഎൽ മത്സരം കളിക്കുന്ന ധോണിയുടെ 42–ാം സ്റ്റംപിങ്ങാണ് ഇത്.
ഫൈനൽ പോരാട്ടത്തിൽ രണ്ടു തവണയാണ് ഗിൽ, ഔട്ടാകാതെ രക്ഷപ്പെട്ടത്. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ ദീപക് ചാഹറാണ് ഗില്ലിന്റെ ക്യാച്ച് വിട്ടുകളഞ്ഞത്. വെറു മൂന്നു റൺസ് മാത്രമായിരുന്നു അപ്പോൾ ഗില്ലിന്റെ സമ്പാദ്യം. ഇതിനുശേഷമാണ് ഗിൽ ഫോമിലേക്കെത്തിയത്. ദേശ്പാണ്ഡെ തന്നെ എറിഞ്ഞ നാലാം ഓവറിൽ ഹാട്രിക് ഫോർ അടക്കം 13 റൺസാണ് ഗിൽ നേടിയത്. ഇതേ ഓവറിൽ തന്നെ ഗില്ലിനെ റണ്ണൗട്ടാക്കാൻ കിട്ടിയ അവസരം രവീന്ദ്ര ജഡേജയും പാഴാക്കി.
മറ്റൊരു ഓപ്പണർ വൃദ്ധിമാൻ സാഹയ്ക്കും നിരവധിത്തവണയാണ് ചെന്നൈയുടെ ഫീൽഡിങ് പിഴവിലൂടെ ‘ജീവൻ’ തിരിച്ചുകിട്ടിയത്. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറുമായി ഗില്ലും സാഹയും മുന്നേറുമ്പോഴാണ് ഏഴാം ഓവറിൽ മിന്നൽ സ്റ്റംപിങ്ങിലൂടെ ധോണി, ഗില്ലിനെ പുറത്താക്കിയത്. ഓഫ് സൈഡില്‍ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റില്‍ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തില്‍ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ ഗില്‍ ക്രീസിന് പുറത്തായിരുന്നു. പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 62 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത് ടൈറ്റൻസ്.
അതേസമയം, ഫൈനലിൽ 39 റൺസെടുത്ത് പുറത്തായതോടെ ഐപിഎലിൽ ഒരു സീസണിൽ 900 അധികം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലിനു സാധിച്ചില്ല. മത്സരത്തിന് മുൻപ് 851 റൺസ് സമ്പാദ്യമുണ്ടായിരുന്ന ഗില്ലിന് 49 റൺസാണ് 900 റൺസിലേക്ക് വേണ്ടിയിരുന്നത്. എന്നാൽ 17 മത്സരങ്ങളിൽ 890 റൺസുമായി ഗില്ലിന് തൃപ്തിപ്പെടേണ്ടി വന്നു. സീസണിൽ ഓറഞ്ച് ക്യാപ് ഉറപ്പിക്കുകയും ചെയ്തു. ഒരു സീസണിൽ 900+ റൺസ് നേടിയ ഏക ബാറ്റർ വിരാട് കോലിയാണ്. 2016 സീസണിൽ, 973 റൺസാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോലി നേടിയത്.
English Summary: MS Dhoni Stumping Against Shubman Gill- Video