ADVERTISEMENT

അഹമ്മദാബാദ്∙ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്നു ദിവസത്തോളം നീണ്ട ഐപിഎൽ ഫൈനൽ മത്സരത്തിനൊടുവിൽ വിജയച്ചിരി ചെന്നൈയ്‌ക്കൊപ്പമാണ്. കനത്ത മഴയെ തുടർന്നാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഐപിഎൽ ഫൈനൽ പോരാട്ടം റിസർവ് ദിനമായ തിങ്കളാഴ്ചത്തേയ്ക്കു മാറ്റിയത്. എന്നാൽ തിങ്കളാഴ്ച രണ്ടാം ഇന്നിങ്സിനിടെ വീണ്ടും മഴയെത്തിയതോടെ മത്സരം മൂന്നാം ദിവസത്തിലേക്കു നീണ്ടു. ഇതിനിടെ സ്റ്റേഡിയത്തിൽനിന്നു പുറത്തുനിന്നുമുള്ള നിരവധി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഫൈനലിലെ വിജയത്തിനുശേഷം ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി, വിജയറൺ നേടിയ രവീന്ദ്ര ജഡേജയെ എടുത്തുയർത്തുന്ന ദൃശ്യം മുതൽ ഞായറാഴ്ചത്തെ മത്സരം മാറ്റിയതോടെ ചെന്നൈ ആരാധകർ അഹമ്മദാബാദിലെ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുന്നതും വരെയുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. എന്നാൽ അതിനിടെ, ഫൈനൽ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽനിന്നു ക്യാമറയിൽ പതിഞ്ഞ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച.

ദൃശ്യങ്ങളിലുള്ളത് മറ്റാരുമല്ല, ബിസിസിഐ സെക്രട്ടറി ജയ് ഷായാണ്. ചെന്നൈ ഇന്നിങ്സിന്റെ അവസാന ഓവറിൽ, ഗുജറാത്ത് ബോളർ മോഹിത് ശർമ ആദ്യ നാലു പന്തുകൾ മനോഹരമായി എറിഞ്ഞപ്പോൾ ഗുജറാത്ത് വിജയം ഉറപ്പിച്ചെന്ന രീതിയിൽ മുഷ്ടി ചുരുട്ടി ആംഗ്യം കാട്ടുന്ന ജയ് ഷായുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അളന്നു മുറിച്ച യോർക്കറുകളുമായി ആദ്യ 4 പന്തുകളിൽ മോഹിത് വിട്ടുകൊടുത്തത് 3 റൺസ് മാത്രമാണ്.

അവസാന 2 പന്തിൽ വിജയത്തിലേക്കുള്ള ലക്ഷ്യം 10 റൺസായി. സ്ട്രൈക്കിൽ രവീന്ദ്ര ജഡേജ. മറ്റൊരു യോർക്കറിനായുള്ള മോഹിത്തിന്റെ ശ്രമം ഒരിഞ്ച് വ്യത്യാസത്തിൽ മാറിയപ്പോൾ പന്ത് ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ സിക്സർ. അവസാന പന്തിൽ വേണ്ടത് 4 റൺസ്. മോഹിത് ശർമയുടെ മറ്റൊരു യോർക്കറിനായുള്ള ശ്രമം ലെഗ് സൈഡിൽ ലോ ഫുൾടോസായി മാറി. ഫ്ലിക് ഷോട്ടിലൂടെ ജഡേജ പന്ത് ഫൈൻ ലെഗ് ബൗണ്ടറി കടത്തിയതോടെ ചെന്നൈ ഓടിക്കയറിയത് അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക്.

ഇതിനുശേഷം ജയ് ഷായുടെ ദൃശ്യങ്ങൾ ക്യാമറകൾ കാണിച്ചില്ല. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നിരാശനായി ഇരിക്കുന്ന ബിസിസിഐ സെക്രട്ടറിയുടെ മുഖം കാണേണ്ടി വരുമായിരുന്നെന്ന് ആരാധകര്‍ പറയുന്നു. ബിസിസിഐ സെക്രട്ടറി തന്നെ ഗുജറാത്തിന്‍റെ ജയം ആഗ്രഹിച്ചിരുന്നുവെന്നതിന്‍റെ തെളിവാണിതെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുമ്പോള്‍ ‘ഒന്നും പേടിക്കണ്ട, ചെന്നൈ ഇപ്പോ അടിക്കും’ എന്നാണ് ജയ് ഷാ പറയുന്നതെന്ന് മറുവിഭാഗവും പറയുന്നു. എല്ലാം നേരത്തെ തയാറാക്കിയ തിരക്കഥയാണെന്നും അതു മറന്നു പ്രതികരിച്ചതാണ് ജയ് ഷായ്ക്ക് വിനയായതെന്നും ചിലർ പരിഹസിക്കുന്നു.

English Summary: ‘Best Script Writer’, Watch Fans troll BCCI Secretary Jay Shah for ‘Dirty’ Hand Gesture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com