ADVERTISEMENT

അഹമ്മദാബാദ്∙ ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടമോഹങ്ങൾ തച്ചുടയ്ക്കാൻ ചെന്നൈയിൽ പിറന്ന ഒരു 21 വയസ്സുകാരൻ പയ്യനെ തന്നെയാണ് ഗുജറാത്ത് ഒരുക്കിനിർത്തിയിരുന്നത്– സായ് സുദർശൻ. എന്നാൽ മഴ പലതവണ കളിമുടക്കി മൂന്നാം ദിവത്തേയ്ക്കും നീണ്ട ഫൈനൽ പോരാട്ടത്തിൽ ആവേശം ഒട്ടുചോരാതെ ആർത്തുവിളിച്ച ആരാധകർക്കു വേണ്ടി കിരീടം നേടുകയല്ലാതെ ചെന്നൈയ്ക്കു മറ്റു നിർവ്വാഹമില്ലായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അവസാന പന്തു വരെ ആവേശം നീണ്ട മത്സരത്തിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് ഐപിഎൽ ചരിത്രത്തിൽ പത്താം ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം കിരീടം ചൂടിയത്. തുടർച്ചയായ രണ്ടാം ഐപിഎൽ കീരിടമെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഹാർദിക് പാണ്ഡ്യയ്ക്കും സംഘത്തിനും നിരാശയോടെ മടക്കം.

∙ ‘തല’പ്പത്ത് ചെന്നൈ

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിലെ മൂന്നു പന്തുകൾക്കു ശേഷമാണ് മഴയെത്തിയത്. ഇതോടെ രണ്ടു മണിക്കൂറിലേറെ മത്സരം തടസ്സപ്പെട്ടു. സമയക്രമം അനുസരിച്ച് ഐപിഎൽ ഫൈനൽ മൂന്നാദിനത്തിലേക്ക് നീളുകയും ചെയ്തു. എന്നാൽ ഇടവേളയ്ക്കു ശേഷം ക്രീസിലെത്തിയ ചെന്നൈ ബാറ്റർ മഴയുടെ യാതൊരു ആലസ്യവുമില്ലാതെ കൂടുതൽ ഊർജസ്വലതോടെയാണ് എത്തിയത്. ഓപ്പണിങ്ങിൽ പതിവു പോലെ ഡെവൺ കോൺവേ (25 പന്തിൽ 47), ഋതുരാജ് ഗെയ്‌ക്‌വാദ് (16 പന്തിൽ 26) സഖ്യം വിശ്വാസം കാത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 74 റൺസാണ് കൂട്ടിച്ചേർത്തത്. ഏഴാം ഓവറിൽ ഇരുവരെയും പുറത്താക്കി നൂർ അഹമ്മദാണ് ഗുജറാത്തിന് മത്സരത്തിൽ ബ്രേക്ക് ത്രൂ നൽകിയത്.

എന്നാൽ മൂന്നാം വിക്കറ്റിൽ ശിവം ദുബെയും (21 പന്തിൽ 32*) അജങ്ക്യ രഹാനെയും (13 പന്തിൽ 27) ഒന്നിച്ചതോടെ പതറാതെ ചെന്നൈ മുന്നോട്ട് കുതിച്ചു. രണ്ടു സിക്സും രണ്ടു ഫോറും സഹിതമായിരുന്നു രഹാനെയും ഇന്നിങ്സ്. പതിന്നൊന്നാം ഓവറിൽ മോഹിത് ശർമയാണ് രഹാനെയ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയത് കരിയറിലെ അവസാന ഐപിഎൽ മത്സരം കളിക്കുന്ന അമ്പാട്ടി റായുഡു. രണ്ടു സിക്സും ഒരു ഫോറും സഹിതം എട്ടു പന്തിൽനിന്ന് 19 റൺസെടുത്ത റായുഡുവിന്റെ ‘കാമിയോ അപ്യറൻസ്’ ചെന്നൈയെ വിജയത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. 13–ാം ഓവറിൽ റായുഡു പുറത്താകുമ്പോൾ ചെന്നൈ ഏറെക്കുറെ വിജയമുറപ്പിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ ക്യാപ്റ്റൻ ധോണി (പൂജ്യം) ഗോൾഡൻ ഡക്കായതോടെ മത്സരത്തിൽ ആദ്യമായി സ്റ്റേഡിയം നിശബ്ദമായി. ചെന്നൈ തോൽവി ഭയന്നു.

15–ാം ഓവറിൽ 13 റൺസാണ് ചെന്നൈയ്ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളിൽ മൂന്ന് റൺസ് മാത്രമാണ് ശിവം ദുബെയ്ക്കും രവീന്ദ്ര ജഡേജയ്ക്കും നേടാനായത്. അവസാന രണ്ടു പന്തിൽ വിജയലക്ഷ്യം 10 റൺസ്. ഐപിഎൽ ഫൈനൽ പോലെ അതിസമർദമുള്ള മത്സരത്തിൽ ഏറെക്കുറെ അപ്രാപ്യമെന്ന് തോന്നിക്കുന്ന വിജയലക്ഷ്യം. എന്നാൽ ചെന്നൈയ്ക്കു വേണ്ടി രവീന്ദ്ര ജഡ‍േജ എന്ന രക്ഷകൻ അവിടെ അവതാരമെടുത്തു. അഞ്ചാം പന്തിൽ മോഹിത് ശർമയെ ലോങ് ഓണിൽ സിക്സർ പറത്തി ജഡ്ഡു ചെന്നൈ ആരാധകരെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. അവസാനം പന്തിൽ വേണ്ടത് നാല് റൺസ്. മോഹിത് ശർമ എറിഞ്ഞ ഫുൾ ടോസ് പന്ത് ജഡേജ ഫ്ലിക്ക് ചെയ്ത് അതിർത്തി കടത്തിയതോടെ ചെന്നൈയ്ക്ക് അഞ്ചാം ഐപിഎൽ കിരീടം.

അഞ്ചാം കീരിടമണിഞ്ഞ് ‘തല’

ആറാം ഐപിഎൽ ഫൈനൽ കളിച്ച ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക്, ഫൈനലിൽ തോറ്റിട്ടില്ലെന്ന റെക്കോർഡ് നഷ്ടമായി. 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് താരമായും 2022, 2023 സീസണുകളിൽ ഗുജറാത്ത് ക്യാപ്റ്റനായിട്ടുമായിരുന്നു ഹാർദിക്കിന്റെ ഫൈനൽ മത്സരങ്ങൾ. എന്നാൽ ഇത്തവണ മാത്രം തോൽക്കേണ്ടി വന്നു.

അതേസമയം, പതിനൊന്നാം ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ നായകൻ എം.എസ്.ധോണി, അഞ്ചാം തവണയാണ് വിജയിക്കുന്നത്. 10 തവണയും ചെന്നൈ ക്യാപ്റ്റനായിട്ടാണ് ഫൈനൽ കളിച്ചതെങ്കിൽ 2017ൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സ് താരമായിട്ടായിരുന്നു ഫൈനൽ പ്രവേശം. 2010, 2011, 2018, 2021 സീസണുകളിലാണ് ഇതിനു മുൻപ് ചെന്നൈ കിരീടം ചൂടിയത്. ഐപിഎലിൽ അഞ്ച് കിരീടമെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.

തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുന്ന മൂന്നാമത്ത ടീമെന്ന റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരമാണ് ഗുജറാത്ത് ടൈറ്റൻസ് നഷ്ടമാക്കിയത്. ഇതിനു മുൻപ് ചെന്നൈയും മുംബൈ ഇന്ത്യൻസുമാണ് തുടർച്ചയായ രണ്ടു തവണ ഐപിഎൽ ചാംപ്യന്മാരായത്. 2010, 2011 സീസണുകളിലായിരുന്നു ചെന്നൈയുടെ നേട്ടം. മുംബൈ 2019, 2020 വർഷങ്ങളിലും തുടർച്ചയായി ചാംപ്യന്മാരായി.

∙ ‘ഔട്ട് ഓഫ് സിലബസ്’

ശുഭ്മാൻ ഗിൽ എന്ന പരീക്ഷയ്ക്ക് തയാറായി എത്തിയ ധോണിപ്പടയ്ക്കു മുന്നിലെത്തിയ ‘ഔട്ട് ഓഫ് സിലബസ്’ ചോദ്യമായിരുന്നു സായ് സുദർശൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി വെറും 47 പന്തിൽ 96 റൺസെടുത്ത സായ് സുദർശന്റെ കിടിലൻ ബാറ്റിങ്ങാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. ആറു സിക്സും എട്ടു ഫോറും സഹിതമാണ് ഈ തമിഴ്നാട്ടുകാരൻ ക്രിക്കറ്റർ ഗുജറാത്തിനായി കത്തിക്കയറിയത്. സൂപ്പർ ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗിൽ, ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ മിന്നൽ സ്റ്റംപിങ്ങിലൂടെ പുറത്തായതിനു പിന്നാലെ എട്ടാം ഓവറിൽ മൂന്നാമനായാണ് സായ് സുദർശൻ ക്രീസിലെത്തിയത്.

തുടക്കത്തിൽ മികച്ച രീതിയിൽ കളിച്ച വൃദ്ധിമാൻ സാഹയ്ക്കു (39 പന്തിൽ 54) പിന്തുണ നൽകുന്ന കർത്തവ്യമാണ് സായ് ഏറ്റെടുത്തത്. 14–ാം ഓവറിൽ സാഹ പുറത്താകുന്നതു വരെ രണ്ടു ഫോറും ഒരു സിക്സും മാത്രമാണ് സായ്‌യുടെ ബാറ്റിൽനിന്നു പിറന്നത്. എന്നാൽ മൂന്നാം വിക്കറ്റിൽ കൂട്ടായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയയെ കിട്ടിയതോട സായ് സുദർശൻ ഗിയർ മാറ്റി. 15–ാം ഓവറിൽ തുഷാർ ദേശ്പാണ്ഡയ്‌ക്കെതിരെ രണ്ടു സിക്സറാണ് സായ് പറത്തിയത്. 16–ാം ഓവറിൽ മതീഷ് പതിരണയ്‌ക്കെതിരെ ഫോർ അടിച്ച് സീസണിലെ മൂന്നാം അർധസെഞ്ചറിയും തികച്ചു.

തൊട്ടടുത്ത ഓവറിൽ തുഷാർ വീണ്ടും സായ്‌യുടെ ബാറ്റിന്റെ ചൂടറിഞ്ഞു. മൂന്നു ഫോറും ഒരു സിക്സും സഹിതം 20 റൺസാണ് ആ ഓവറിൽ പിറന്നത്. ഇന്നിങ്സിന്റെ അവസാന ഓവറിൽ പതിരണയെ അടുപ്പിച്ച് രണ്ടു സിക്സർ പറത്തിയതോടെ, സെഞ്ചറിയിലേക്ക് അതിവേഗം സായ് എത്തുമെന്ന് തോന്നിച്ചെങ്കിലും മൂന്നാം പന്തിൽ പതിരണയുടെ ഫുൾ ലെങ്ത് ബോളിൽ സായ് വിക്കറ്റിനു മുന്നിൽ കുടുങ്ങി. അർഹിച്ച സെഞ്ചറി നഷ്ടമായെങ്കിലും അക്കങ്ങളെ കവച്ചുവയ്ക്കുന്ന സായ്‌യുടെ മനോഹര ഇന്നിങ്സാണ് കാണികൾ സാക്ഷ്യം വഹിച്ചത്.

സായ് സുദർശൻ
സായ് സുദർശൻ

∙ ‘മാ’സായ് സുദർശൻ

ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ ‘മാസ്’ പെർഫോർമറായ സായ് സുദർശൻ ഒരുപിടി റെക്കോർഡുകളും കീശയിലാക്കി. ഐപിഎല്‍ ഫൈനലുകളുടെ ചരിത്രത്തില്‍ ഒരു അണ്‍ക്യാപ്‌ഡ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് മോദി സ്റ്റേഡിയത്തിൽ സായ് കുറിച്ചത്. ഐപിഎൽ ഫൈനിൽ അമ്പതിലധികം റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഐപിഎൽ ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിൽ മൂന്നാം സ്ഥാനത്താണ് സായ് സുദർശന്റെ ഇന്നിങ്സ്. ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടലാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് നേടിയത്.

∙ റെക്കോർഡ് ബുക്ക്

ഐപിഎൽ പ്ലേഓഫിൽ അൺക്യാപ്ഡ് താരങ്ങളുടെ ഏറ്റവും ഉയർന്ന സ്‌കോറുകൾ

112* - രജത് പാട്ടിദാർ (ബാംഗ്ലൂർ) vs ലക്നൗ, കൊൽക്കത്ത, 2022 എലിമിനേറ്റർ
96 - സായ് സുദർശൻ (ഗുജറാത്ത്) vs ചെന്നൈ, അഹമ്മദാബാദ്, 2023 ഫൈനൽ
94 - മനീഷ് പാണ്ഡെ (കൊൽക്കത്ത) vs പഞ്ചാബ്, ബെംഗളൂരു, 2014 ഫൈനൽ
89 - മൻവിന്ദർ ബിസ‌്‌ല (കൊൽക്കത്ത) vs ചെന്നൈ, ചെന്നൈ, 2012 ഫൈനൽ

ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ

233/3 - ഗുജറാത്ത് vs മുംബൈ, അഹമ്മദാബാദ്, 2023 ക്വാളിഫയർ 2
226/6 - പഞ്ചാബ് vs ചെന്നൈ, മുംബൈ, 2014 ക്വാളിഫയർ 2
222/5 - ചെന്നൈ vs ഡൽഹി, ചെന്നൈ, 2012 ക്വാളിഫയർ 2
214/4 - ഗുജറാത്ത് vs ചെന്നൈ, അഹമ്മദാബാദ്, 2023 ഫൈനൽ
208/7 - ഹൈദരാബാദ് vs ബാംഗ്ലൂർ, ബെംഗളൂരു, 2016 ഫൈനൽ

ഐപിഎൽ ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ

117* - ഷെയ്ൻ വാട്സൺ (ചെന്നൈ) vs ഹൈദരാബാദ്, മുംബൈ, 2018
115* - വൃദ്ധിമാൻ സാഹ (പഞ്ചാബ്) vs കൊൽക്കത്ത, ബെംഗളൂരു, 2014
96 - സായ് സുദർശൻ (ഗുജറാത്ത്) vs ചെന്നൈ, അഹമ്മദാബാദ്, 2023
95 - മുരളി വിജയ് (ചെന്നൈ) vs ബാംഗ്ലൂർ, ചെന്നൈ, 2011
94 - മനീഷ് പാണ്ഡെ (കൊൽക്കത്ത) vs പഞ്ചാബ്, ബെംഗളൂരു, 2014

ഐപിഎൽ ഫൈനലിൽ 50ലധികം സ്കോർ നേടിയ പ്രായം കുറഞ്ഞ ബാറ്റർമാർ

20 വർഷം, 318 ദിവസം - മനൻ വോറ (പഞ്ചാബ്) vs കൊൽക്കത്ത, ബെംഗളൂരു, 2014
21 വർഷം, 226 ദിവസം - സായ് സുദർശൻ (ഗുജറാത്ത്) vs ചെന്നൈ, അഹമ്മദാബാദ്, 2023
22 വർഷം, 37 ദിവസം - ശുഭ്മാൻ ഗിൽ (കൊൽക്കത്ത) vs ചെന്നൈ, ദുബായ്, 2021
23 വർഷം, 37 ദിവസം - ഋഷഭ് പന്ത് (ഡൽഹി) vs മുംബൈ, ദുബായ്, 2020

ഐപിഎൽ ഫൈനലിൽ കൂടുതൽ റൺസ് വിട്ടുകൊടുത്ത ബോളർമാർ

0/61 - ഷെയ്ൻ വാട്സൺ (ബാംഗ്ലൂർ) vs ഹൈദരാബാദ്, ബെംഗളൂരു, 2016
0/56 - ലോക്കി ഫെർഗൂസൺ (കൊൽക്കത്ത) vs ചെന്നൈ, ദുബായ്, 2021
0/56 - തുഷാർ ദേശ്പാണ്ഡെ (ചെന്നൈ) vs ഗുജറാത്ത്, അഹമ്മദാബാദ്, 2023
4/54 - കരൺവീർ സിങ് (പഞ്ചാബ്) vs കൊൽക്കത്ത, ബെംഗളൂരു, 2014

English Summary: Chennai Super Kings vs Gujarat Titans, Final- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com