ADVERTISEMENT

അഹമ്മദാബാദ് ∙ ഒരു ഇംപാക്ട് പ്ലെയറുമായാണ് ഗുജറാത്ത് ടൈറ്റൻസ് ‌ ഐപിഎൽ ഫൈനലിന് ഇറങ്ങിയതെങ്കിൽ ഒരു ‘ഇംപാക്ട് ടീമുമായാണ്’ ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിനെത്തിയത്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിച്ചപ്പോൾ ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്നു മനസ്സിലുറപ്പിച്ചാണ് ഓരോ ചെന്നൈ ബാറ്റർമാരും ക്രീസിലെത്തിയത്. 5 വിക്കറ്റ് ജയവുമായി ചെന്നൈയ്ക്ക് അഞ്ചാം ഐപിഎൽ കിരീടം നേടിക്കൊടുത്തതും ഈ ടീം ഗെയിം തന്നെ. 

ഓപ്പൺ ചെന്നൈ സ്റ്റൈൽ

പവർപ്ലേയി‍ൽ പരമാവധി റൺസ്; ഇതായിരുന്നു ഋതുരാജ് ഗെയ്ക്‌വാദ് (16 പന്തിൽ 26) – ഡെവൻ കോൺവെ (25 പന്തിൽ 47) സഖ്യത്തിനുള്ള നിർദേശം. 4 ഓവറായി ചുരുക്കിയ പവർപ്ലേയിൽ 52 റൺസാണ് ഇരുവരും നേടിയത്. ഇത്രയും വലിയ സ്കോർ പിന്തുടരുമ്പോൾ ഇതിലും ‘ഇംപാക്ട്’ ഉള്ള തുടക്കം ചെന്നൈയ്ക്കു വേറെ കിട്ടാനില്ല. ചെന്നൈയുടെ ടോപ്സ്കോററായ ഡെവൻ കോൺവേയാണു പ്ലെയർ ഓഫ് ദ് മാച്ച്.

എക്സ് മാൻ രഹാനെ

സീസണിൽ ചെന്നൈയുടെ എക്സ് ഫാക്ടറായ അജിൻക്യ രഹാനെ ഫൈനലിലും പ്രതീക്ഷ തെറ്റിച്ചില്ല. ഓപ്പണർമാർ പുറത്തായതിനു പിന്നാലെ ചെന്നൈയുടെ സ്കോറിങ്ങിനു വേഗം കുറഞ്ഞപ്പോൾ 13 പന്തിൽ 2 വീതം സിക്സും ഫോറുമടക്കം രഹാനെ നേടിയ 27 റൺസാണ് ടീമിനെ താങ്ങിനിർത്തിയത്.

ആ മൂന്നു പന്തുകൾ

അവസാന 3 ഓവറിൽ 38 റൺസായിരുന്നു ചെന്നൈയ്ക്ക് ആവശ്യം. മോഹിത് ശർമ എറിഞ്ഞ 13–ാം ഓവറിലെ ആദ്യ 3 പന്തുകളിൽ 2 സിക്സും ഒരു ഫോറുമടക്കം അമ്പാട്ടി റായുഡു നേടിയ 16 റൺസാണ് കൈവിട്ടുപോയ കളി തിരികെ ചെന്നൈയുടെ കൈകളിൽ എത്തിച്ചത്. നാലാം പന്തിൽ പുറത്തായെങ്കിലും തന്നെ ഏൽപിച്ച ജോലി ഭംഗിയായി നിർവഹിച്ച ശേഷമാണ് റായുഡു മടങ്ങിയത്.

ധും ധും ദുബെ

ഒരു ഘട്ടത്തിൽ ടീമിനെ തോൽവിയിലേക്കു തള്ളിവിടുമെന്ന കരുതിയ തന്റെ ഇന്നിങ്സ് ടീമിന്റെ വിജയത്തിൽ നിർണായക ഘടകമാക്കി മാറ്റാൻ ശിവം ദുബെയ്ക്ക് വേണ്ടിവന്നത് രണ്ടേ രണ്ട് പന്തുകൾ മാത്രം. റാഷിദ് ഖാൻ എറിഞ്ഞ 12–ാം ഓവറിലെ അവസാന 2 പന്തുകളും ദുബെ സിക്സറിനു പറത്തിയതോടെയാണ് വിജയലക്ഷ്യം 3 ഓവറിൽ 38 ആയി കുറയ്ക്കാൻ ചെന്നൈയ്ക്കു സാധിച്ചത്.

നാടകാന്തം ജഡേജ

സ്വിച്ചിട്ടാൽ യോർക്കർ വരുന്ന മെഷീൻ കണക്കെ പന്തെറിഞ്ഞ മോഹിത് ശർമയുടെ അവസാന ഓവറിലെ ആദ്യ 4 പന്തുകളിൽ 3 റൺസ് മാത്രമാണ് ചെന്നൈയ്ക്കു നേടാൻ സാധിച്ചത്. അവസാന 2 പന്തിൽ 10 റൺസ് ഏറക്കുറെ അസാധ്യമായ ലക്ഷ്യമായി അവർക്കു മുന്നിൽ നിന്നപ്പോഴാണ് രവീന്ദ്ര ജഡേജ യഥാർഥ ഇംപാക്ട് താരമായി മാറിയത്. യോർക്കറിനുള്ള ശ്രമം കടുകുമണി വ്യത്യാസത്തിൽ പിഴച്ചപ്പോൾ രണ്ടു പന്തുകളിൽ 10 റൺസ് നേടി ജഡേജ ചെന്നൈയ്ക്ക് അവിശ്വസനീയമായ ജയം നേടിക്കൊടുത്തു.

CRICKET-IND-IPL-T20-GUJARAT-CHENNAI

കപ്പിൽ ധോണിയുടെ പേര്  മുൻപേ എഴുതപ്പെട്ടത് 

വിധി അദ്ദേഹത്തിനൊപ്പമാണ്. ഈ കപ്പിൽ എം.എസ്.ധോണിയുടെ പേര് മുൻപേ എഴുതപ്പെട്ടതാണ്. ഈ രാത്രി ഉദിച്ചത് ധോണി ഭായ്ക്കു വേണ്ടിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു. തോൽക്കാൻ എനിക്ക് ഇഷ്ടമല്ലെങ്കിലും അത് അദ്ദേഹത്തിന്റെ മുന്നിൽ ആയതിനാൽ സന്തോഷമേയുള്ളൂ

ഹാർദിക് പാണ്ഡ്യ  (ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ)

ഇതിനെക്കാൾ മികച്ച ഒരു യാത്രയയപ്പില്ല 

ഒരു നാടോടിക്കഥയുടെ അവസാനം പോലെയാണ് എനിക്കു തോന്നുന്നത്. ഇതിലും മനോഹരമായ ഒരു യാത്രയയപ്പ് എനിക്കു ലഭിക്കാനില്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾക്കുവേണ്ടി (മുംബൈ, ചെന്നൈ) കളിക്കാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ ക്രിക്കറ്റ് കരിയർ ഒരു പുഞ്ചിരിയോടെ ഞാൻ അവസാനിപ്പിക്കുന്നു.

അമ്പാട്ടി റായുഡു (ചെന്നൈ സൂപ്പർ കിങ്സ് താരം) 

ambatti-rayudu-21

സ്വന്തം മണ്ണിൽ നേടിയ ഈ കപ്പ് മഹിഭായ്ക്ക്

ഈ കപ്പ് മഹിഭായ്ക്കു (ധോണി) വേണ്ടിയുള്ളതാണ്. ഞാനൊരു ഗുജറാത്തിയാണ്. എന്റെ സ്വന്തം മണ്ണിൽ എന്റെ സ്വന്തം ടീമിനു വേണ്ടി കിരീടം നേടുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത്രയും ദൂരം താണ്ടി, മഴയും വെയിലും സഹിച്ച് ഞങ്ങളെ പിന്തുണയ്ക്കാനെത്തിയ ചെന്നൈ ആരാധകരോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു

രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പർ കിങ്സ് താരം)

കഠിനവഴി തിരഞ്ഞെടുക്കുന്നു: ധോണി

അഹമ്മദാബാദ് ∙ ‘ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക എന്നതാണ് എനിക്കു മുന്നിലുള്ള എളുപ്പവഴി. പക്ഷേ ഞാൻ കഠിനമായ വഴിയാണ് ഇഷ്ടപ്പെടുന്നത്. ഇനിയുള്ള 9 മാസം അധ്വാനിച്ച് അടുത്ത ഐപിഎൽ കളിക്കുക എന്നതാണത്. ശരീരം സജ്ജമെങ്കിൽ ഇനിയും ചെന്നൈ ടീമിനൊപ്പം ഞാനുണ്ടാകും. ആരാധകരിൽനിന്ന് എനിക്കു കിട്ടിയ സ്നേഹത്തിനുള്ള പ്രത്യുപകാരമാണിത്..’’– ഐപിഎൽ വിജയത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ വാക്കുകൾ അഹമ്മദാബാദിലെ ഗാലറി സ്വീകരിച്ചത് ഹർഷാരവങ്ങളോടെയാണ്.

ക്യാപ്റ്റനെന്ന നിലയിൽ അടുത്ത വർഷവും ധോണി ചെന്നൈ ടീമിനൊപ്പം ഉണ്ടാവുകയാണെങ്കിൽ അദ്ദേഹത്തിന്റെ അടങ്ങാത്ത നിശ്ചയദാർഢ്യത്തിന്റെ പ്രതീകം കൂടിയാകുമത്. ലോക ക്രിക്കറ്റിലെ ഏറ്റവും മത്സരവീര്യമുള്ള ട്വന്റി20 ലീഗിൽ, പലരും പരിശീലകരും മെന്റർമാരുമായി വേഷം മാറുന്ന 43–ാം വയസ്സിൽ ഒരു ടീമിനെ നയിക്കുക എന്ന അപൂർവതയും ധോണിക്കു വന്നുചേരും.  വിക്കറ്റ് കീപ്പർ സ്ഥാനത്തു കൂടി തുടരുകയാണെങ്കിൽ ധോണിയുടെ ഉടയാത്ത ഫിറ്റ്നസിന്റെ പ്രഖ്യാപനം കൂടിയാകും അത്. ന്യൂസീലൻഡ് ടീമിന്റെ വിക്കറ്റ് കീപ്പർമാരിലൊരാളായ മുപ്പത്തിയൊന്നുകാരൻ ഡെവൻ കോൺവേ ചെന്നൈ ടീമിലുണ്ടായിട്ടും ധോണി തന്നെയാണ് ഇത്തവണ എല്ലാ മത്സരങ്ങളിലും ചെന്നൈയുടെ വിക്കറ്റ് കാത്തത്. ഫൈനലിൽ ഗുജറാത്ത് ഓപ്പണർ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ മിന്നൽ സ്റ്റംപിങ്ങിലൂടെ തന്റെ മികവിനെ പ്രായം തളർത്തിയിട്ടില്ല എന്നു ധോണി തെളിയിക്കുകയും ചെയ്തു.

ക്യാപ്റ്റനോ വിക്കറ്റ് കീപ്പറോ ബാറ്ററോ ആയി ടീമിലില്ലെങ്കിൽ കൂടി ധോണിയെ ചെന്നൈ ഡഗ്ഔട്ടിൽ വരും സീസണുകളിലും കാണാം. അത് ഒരു പക്ഷേ പരിശീലകനോ മെന്ററോ ആയിട്ടാവാം. ചെന്നൈ ആരാധകരോടുള്ള അടുപ്പം മുതൽ ടീം ഉടമ എൻ.ശ്രീനിവാസനുമായുള്ള ബന്ധം വരെ അതിനു കാരണം. 

shammi-wicket

 

കൂടുതൽ റൺസ്

1) ശുഭ്മൻ ഗിൽ ഗുജറാത്ത്:  890റൺസ്

2) ഫാഫ് ‍ഡുപ്ലെസി  (ബാംഗ്ലൂർ): 730

3) ഡെവൻ കോൺവേ   (ചെന്നൈ): 672

കൂടുതൽ വിക്കറ്റ് മുഹമ്മദ് ഷമി ഗുജറാത്ത് : 28 വിക്കറ്റ്

2) മോഹിത് ശർമ  (ഗുജറാത്ത്): 27

3) റാഷിദ് ഖാൻ  (ഗുജറാത്ത്): 27

ഉയർന്ന വ്യക്തിഗത സ്കോർ:

ശുഭ്മൻ ഗിൽ (ഗുജറാത്ത്): 129

കൂടുതൽ ഫോർ

ശുഭ്മൻ ഗിൽ (ഗുജറാത്ത്): 85

കൂടുതൽ സിക്സ്

ഫാഫ് ‍ഡുപ്ലെസി (ബാംഗ്ലൂർ): 36

കൂടുതൽ അർധ സെഞ്ചറി:

ഫാഫ് ‍ഡുപ്ലെസി (ബാംഗ്ലൂർ): 8

കൂടുതൽ സെ​ഞ്ചറി:

ശുഭ്മൻ ഗിൽ (ഗുജറാത്ത്): 3

വേഗമേറിയ അർധ സെഞ്ചറി:

യശസ്വി ജയ്‌സ്വാൾ (രാജസ്ഥാൻ): 13 പന്തുകൾ

വേഗമേറിയ സെഞ്ചറി

കാമറൂൺ ഗ്രീൻ (മുംബൈ): 47 പന്തുകൾ

കൂടുതൽ മെയ്ഡൻ ഓവർ:

ട്രെന്റ് ബോൾട്ട് (രാജസ്ഥാൻ): 3

കൂടുതൽ ഡോട്‌ ബോൾ:

മുഹമ്മദ് ഷമി (ഗുജറാത്ത്): 193

മികച്ച ബോളിങ് പ്രകടനം:

ആകാശ് മധ്‌വാൾ (മുംബൈ): 5/5

ഹാട്രിക് നേട്ടം

റാഷിദ് ഖാൻ (ഗുജറാത്ത്): 1

ആകെ സിക്സർ:1124

ആകെ ഫോർ: 2174

പുരസ്കാരങ്ങൾ

മോസ്റ്റ് വാല്യുബൾ പ്ലെയർ: ശുഭ്മൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്)

ഗെയിം ചെയ്ഞ്ചർ ഓഫ് ദ് സീസൺ: ശുഭ്മൻ ഗിൽ (ഗുജറാത്ത് )

എമേർജിങ് പ്ലെയർ : യശസ്വി ജയ്‌സ്വാൾ (രാജസ്ഥാൻ റോയൽസ്)

India IPL Cricket
ഭാര്യയും ഗുജറാത്തിലെ എംഎൽഎയുമായ റിവാബയ്ക്കും മകൾ നിധ്യാനയ്ക്കുമൊപ്പം ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ.

ക്യാച്ച് ഓഫ് ദ് സീസൺ: റാഷിദ് ഖാൻ (ഗുജറാത്ത് ടൈറ്റൻസ്)

സൂപ്പർ സ്ട്രൈക്കർ : ഗ്ലെൻ മാക്സ്‌വെൽ (ബാംഗ്ലൂർ)

 

English Summary: 5th IPL title for Chennai Super Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com