കാൽമുട്ടിന് പരുക്ക്; ഐപിഎൽ വിജയത്തിനു പിന്നാലെ ധോണി ആശുപത്രിയിലേക്ക്
Mail This Article
മുംബൈ∙ ഐപിഎൽ കിരീട നേട്ടത്തിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടാൻ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണി. കാല്‍മുട്ടിനേറ്റ പരുക്കിന് പരിഹാരം തേടിയാണ് ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തുന്നത്. ഈ ആഴ്ച തന്നെ ആശുപത്രിയില്‍ അഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഐപിഎല്‍ സീസണ്‍ കാല്‍മുട്ടിനേറ്റ പരുക്കുമായിട്ടാണ് ധോണി കളിച്ചത്. കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ആരോഗ്യം അനുവദിച്ചാൽ അടുത്ത സീസണിലും കളിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു.
ഐപിഎൽ മത്സരം തുടങ്ങിയതു മുതൽ എല്ലാ കണ്ണുകളും ധോണിയിലായിരുന്നു. ഇത്തവണത്തേത് ധോണിയുടെ അവസാന മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിരമിക്കൽ സാധ്യത ധോണി തള്ളി.
‘‘ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക എന്നതാണ് എനിക്കു മുന്നിലുള്ള എളുപ്പവഴി. പക്ഷേ ഞാൻ കഠിനമായ വഴിയാണ് ഇഷ്ടപ്പെടുന്നത്. ഇനിയുള്ള 9 മാസം അധ്വാനിച്ച് അടുത്ത ഐപിഎൽ കളിക്കുക എന്നതാണത്. ശരീരം സജ്ജമെങ്കിൽ ഇനിയും ചെന്നൈ ടീമിനൊപ്പം ഞാനുണ്ടാകും. ആരാധകരിൽനിന്ന് എനിക്കു കിട്ടിയ സ്നേഹത്തിനുള്ള പ്രത്യുപകാരമാണിത്..’’– ഐപിഎൽ വിജയത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രതികരണം ഇതായിരുന്നു.
English Summary: MS Dhoni set to be admitted to hospital