ADVERTISEMENT

വിക്കറ്റിന് പിന്നിൽ ധോണിയ്ക്ക് പകരമാകാൻ ആരുമില്ലെന്ന് വിരേന്ദർ സെവാഗ്. ഐപിഎൽ ഫൈനൽ മത്സരത്തിൽ ശുഭ്മാൻ ഗില്ലിനെ സ്റ്റംപ് ചെയ്ത് ഔട്ടാക്കിയതിനെ പ്രകീർത്തിച്ചാണ് സെവാഗ് ട്വിറ്ററിൽ കുറിച്ചത്.

‘‘ബാങ്കിൽ നിന്നും നോട്ടുകൾ മാറ്റിയെടുക്കാം. എന്നാൽ വിക്കറ്റിനു പിന്നിൽ ധോണിക്ക് പകരമാകാൻ ആർക്കും സാധിക്കില്ല. ധോണിയുടെ വേഗതയ്ക്കും പകരമില്ല’’. സേവാഗ് ട്വിറ്ററിൽ കുറിച്ചു. മിന്നൽ വേഗത്തിലായിരുന്നു ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ധോണി പുറത്താക്കിയത്. 0.1 സെക്കൻഡിൽ ധോണി ഗില്ലിനെ സ്റ്റംപ് ഔട്ടാക്കി. മിന്നൽ സ്റ്റംപിങ്ങിലൂടെ തന്റെ മികവിനെ പ്രായം തളർത്തിയിട്ടില്ല എന്നു ധോണി തെളിയിക്കുകയും ചെയ്തു.

ഐപിഎൽ  മത്സരം തുടങ്ങിയതു മുതൽ എല്ലാ കണ്ണുകളും ധോണിയിലായിരുന്നു. ഇത്തവണത്തേത് ധോണിയുടെ അവസാന മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിരമിക്കൽ സാധ്യത ധോണി തള്ളി.

‘‘ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക എന്നതാണ് എനിക്കു മുന്നിലുള്ള എളുപ്പവഴി. പക്ഷേ ഞാൻ കഠിനമായ വഴിയാണ് ഇഷ്ടപ്പെടുന്നത്. ഇനിയുള്ള 9 മാസം അധ്വാനിച്ച് അടുത്ത ഐപിഎൽ കളിക്കുക എന്നതാണത്. ശരീരം സജ്ജമെങ്കിൽ ഇനിയും ചെന്നൈ ടീമിനൊപ്പം ഞാനുണ്ടാകും. ആരാധകരിൽനിന്ന് എനിക്കു കിട്ടിയ സ്നേഹത്തിനുള്ള പ്രത്യുപകാരമാണിത്..’’– ഐപിഎൽ വിജയത്തിനു ശേഷം ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രതികരണം ഇതായിരുന്നു.

ക്യാപ്റ്റനെന്ന നിലയിൽ അടുത്ത വർഷവും ധോണി ചെന്നൈ ടീമിനൊപ്പം ഉണ്ടാവുകയാണെങ്കിൽ അദ്ദേഹത്തിന്റെ അടങ്ങാത്ത നിശ്ചയദാർഢ്യത്തിന്റെ പ്രതീകം കൂടിയാകുമത്. ലോക ക്രിക്കറ്റിലെ ഏറ്റവും മത്സരവീര്യമുള്ള ട്വന്റി20 ലീഗിൽ, പലരും പരിശീലകരും മെന്റർമാരുമായി വേഷം മാറുന്ന 43–ാം വയസ്സിൽ ഒരു ടീമിനെ നയിക്കുക എന്ന അപൂർവതയും ധോണിക്കു വന്നുചേരും.  വിക്കറ്റ് കീപ്പർ സ്ഥാനത്തു കൂടി തുടരുകയാണെങ്കിൽ ധോണിയുടെ ഉടയാത്ത ഫിറ്റ്നസിന്റെ പ്രഖ്യാപനം കൂടിയാകും അത്. ന്യൂസീലൻഡ് ടീമിന്റെ വിക്കറ്റ് കീപ്പർമാരിലൊരാളായ മുപ്പത്തിയൊന്നുകാരൻ ഡെവൻ കോൺവേ ചെന്നൈ ടീമിലുണ്ടായിട്ടും ധോണി തന്നെയാണ് ഇത്തവണ എല്ലാ മത്സരങ്ങളിലും ചെന്നൈയുടെ വിക്കറ്റ് കാത്തത്. 

 

English Summary: Virender Sehwag's unique praise for MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com