‘കായികലോകത്തിന്റെ ദൈവം, നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയി?’; സച്ചിന്റെ വീടിനു മുന്നിൽ ഫ്ലെക്സ് വച്ച് യൂത്ത് കോൺഗ്രസ്

sachin-tendulkar-youth-congress-01
സച്ചിൻ തെൻഡുൽക്കർ (ഇടത്), യൂത്ത് കോൺഗ്രസ് സച്ചിന്റെ വീടിനു മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് (വലത്)
SHARE

മുംബൈ∙ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കാത്തതിൽ ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മുംബൈയിൽ സച്ചിന്റെ വസതിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫ്ലെക്സ് സ്ഥാപിച്ചു. ഇതു പിന്നീട് പൊലീസ് നീക്കം ചെയ്തു.

‘‘സച്ചിൻ തെൻഡുൽക്കർ, താങ്കൾ ഭാരത രത്ന സ്വീകരിച്ചയാളാണ്, മുൻ എംപിയും ഇതിഹാസ ക്രിക്കറ്റ് താരവുമാണ്. എന്നാൽ ഗുസ്തി പരിശീലകർക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ താങ്കൾ എന്താണ് പ്രതികരിക്കാത്തത്? വർഷങ്ങളായി ഗുസ്തി താരങ്ങൾ പീഡനത്തിനിരയാകുന്നു. താങ്കളുടെ വാക്കുകൾക്ക് വലിയ സ്വാധീനമുണ്ട്. അത് ഈ പെൺകുട്ടികളെ സഹായിക്കാൻ ഉപയോഗിച്ചൂടെ? ദയവായി ശബ്ദിക്കൂ, അവർക്ക് നീതി വാങ്ങിനൽകൂ.’’– എന്നെഴുതിയ ഫ്ലക്സാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ വസതിക്കു മുന്നിൽ സ്ഥാപിച്ചത്. കായികലോകത്ത് നിങ്ങളാണ് ദൈവമാണെന്നും എന്നാൽ വനിതാ താരങ്ങൾ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ നിങ്ങളുടെ മനുഷ്യത്വം എവിടെപ്പോയെന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു വനിതാ താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രിൽ 23നു താരങ്ങൾ ജന്തർമന്തറിൽ സമരം ആരംഭിക്കുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസിൽ ബ്രിജ്ഭൂഷനെയും റെസ്‌ലിങ് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും പ്രതിചേർത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354എ(ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക), 354ഡി(ശല്യപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളാണു രണ്ടാമത്തെ എഫ്ഐആറിൽ. 2012 മുതൽ 2022 വരെയുള്ള സമയത്തായി പല തവണ ബ്രിജ്ഭൂഷൻ ശല്യപ്പെടുത്തിയെന്നാണു പരാതി. 4 തവണ അതിക്രമമുണ്ടായത് അശോക റോഡിലെ ബ്രിജ്ഭൂഷന്റെ എംപി വസതിയിലാണ്. റെസ്‌ലിങ് ഫെഡറേഷൻ ഓഫിസും ഇതു തന്നെയാണ്.

സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം, തങ്ങൾക്കു കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തിയിരുന്നു. എന്നാൽ കർഷക നേതാക്കൾ പിന്തിരിപ്പിച്ചതിനെ തുടർന്നു താരങ്ങൾ പിന്മാറുകയായിരുന്നു. താരങ്ങളുടെ കയ്യിൽനിന്നു മെഡലുകൾ ഏറ്റുവാങ്ങിയ കർഷകനേതാവും ഖാപ്പ് പഞ്ചായത്ത് തലവനുമായ നരേഷ് ടിക്കായത്ത് 5 ദിവസത്തെ സാവകാശം തേടി.

English Summary: Youth Congress put up posters outside Sachin Tendulkar's house, matter related to the performance of wrestlers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS