ADVERTISEMENT

ലണ്ടൻ ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങുന്ന ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഫൈനൽ ജയിക്കുന്നതുപോലെ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്; ഓവലിനെ മെരുക്കുക ! വിശ്വവിജയികളായിരുന്ന മൈറ്റി ഓസീസിന്റെ (റിക്കി പോണ്ടിങ് ക്യാപ്റ്റനായിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം) കാലത്തുപോലും ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആധിപത്യം സ്ഥാപിക്കാൻ ഓസ്ട്രേലിയയ്ക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ 50 വർഷത്തിനിടെ ഓവലിൽ 2 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ഓസ്ട്രേലിയ ജയിച്ചത് (2001ലും 2015ലും). ഓവലിൽ ആകെ 38 ടെസ്റ്റ് കളിച്ച ഓസീസ്, 17 എണ്ണത്തിലും തോറ്റപ്പോൾ 7 എണ്ണത്തിൽ മാത്രമാണ് ജയിച്ചത്; വിജയശതമാനം 18.42. ഇംഗ്ലണ്ടിലെ മറ്റെല്ലാ ഗ്രൗണ്ടുകളിലും ഓസ്ട്രേലിയയുടെ വിജയശതമാനം 30നു മുകളിലാണ്. ഇതിൽ ലോഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെക്കാൾ ( 39.72%) വിജയശതമാനം ഓസ്ട്രേലിയയ്ക്കുണ്ട് (43.59). അതുകൊണ്ടുതന്നെ ഫൈനൽ ജയത്തോടൊപ്പം ഓവൽ ശാപം ഒഴിവാക്കാൻ കൂടിയാകും ഓസീസ് ഇറങ്ങുക.

ഇന്ത്യയ്ക്കാവട്ടെ ഓവലിൽ കളിച്ച 14 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ജയിക്കാൻ സാധിച്ചത്. 5 എണ്ണം തോറ്റപ്പോൾ 7 എണ്ണം സമനിലയായി. എന്നാൽ 2021ൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് വിജയിക്കാനായത് ഇന്ത്യയ്ക്ക് ആത്മധൈര്യം നൽകും. 

കോലിയെയും പൂജാരെയും വീഴ്ത്തണം: പോണ്ടിങ്

ലണ്ടൻ ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഓസ്ട്രേലിയയ്ക്കു ജയിക്കണമെങ്കിൽ വിരാട് കോലിയെയും ചേതേശ്വർ പൂജാരയെയും തുടക്കത്തിലേ പുറത്താക്കണമെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കൗണ്ടി ചാംപ്യൻഷിപ്പിലെ അനുഭവസമ്പത്തുമായാണ് പൂജാര വരുന്നത്. ഐപിഎലിൽ 2 സെഞ്ചറികൾ ഉൾപ്പെടെ മിന്നും ഫോമിലായിരുന്നു കോലി. ആ ഫോം ടെസ്റ്റിലും തുടരാൻ കോലി ശ്രമിക്കും. അതുകൊണ്ടുതന്നെ കോലിയെയും പൂജാരെയും എങ്ങനെ പൂട്ടണം. ശുഭ്മൻ ഗില്ലിന്റെ പ്രകടനവും ഫൈനലിൽ നിർണായകമാകും– പോണ്ടിങ് പറഞ്ഞു

നിർണായകമാകുക കോലിയും സ്മിത്തും: ആരോൺ ഫിഞ്ച്

ലണ്ടൻ ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ ഫലം നിർണയിക്കുക വിരാട് കോലിയുടെയും സ്റ്റീവ് സ്മിത്തിന്റെയും പ്രകടനങ്ങളായിരിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. രണ്ടുപേരും നാലാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ടീമിന്റെ ബാറ്റിങ് നിയന്ത്രിക്കുന്നത് ഇവരായിരിക്കും. തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെട്ടാൽ ഇരുവരും സമ്മർദത്തിലാകാൻ സാധ്യതയുണ്ട്. അതുവഴി അവരുടെ വിക്കറ്റെടുത്താൽ എതി‍ർ ടീമിനു കാര്യങ്ങൾ എളുപ്പമാകും. സ്മിത്ത് നന്നായി കളിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ, കോലിയെ ഒരിക്കലും എഴുതിത്തള്ളാൻ സാധിക്കില്ലെന്നും ഫിഞ്ച് പറഞ്ഞു.

ഐപിഎൽ കാലത്തും ഡ്യൂക്ക് ബോളിൽ പരിശീലിച്ചു: അക്ഷർ പട്ടേൽ

ലണ്ടൻ ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഉപയോഗിക്കുന്ന ഡ്യൂക്ക് ബോളിൽ ഐപിഎൽ സമയത്തുതന്നെ പരിശീലനം ആരംഭിച്ചിരുന്നതായി ഇന്ത്യൻ താരം അക്ഷർ പട്ടേലിന്റെ വെളിപ്പെടുത്തൽ. ടെസ്റ്റ് ടീമിലേക്കു സാധ്യത കൽപിച്ചിരുന്ന താരങ്ങളെല്ലാം  ടെസ്റ്റ് ചാംപ്യ‍ൻഷിപ് ഫൈനലിന് ഉപയോഗിക്കുന്ന റെഡ് ഡ്യൂക്ക് ബോളിൽ പരിശീലനം നടത്തിയിരുന്നു. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളിൽ സാധാരണയായി എസ്ജിയുടെ പന്തുകളാണ് ഉപയോഗിക്കാറ്. എന്നാൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ എസ്ജിയെക്കാൾ യോജിച്ചതു ഡ്യൂക്ക് പന്തുകളാണ്. എസ്ജിയെ അപേക്ഷിച്ച്  കൂടുതൽ സമയം ഈടുനിൽക്കും.

ജഡേജയും രഹാനെയും ടീമിനൊപ്പം

ലണ്ടൻ ∙ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ബാറ്റർമാരായ അജിൻക്യ രഹാനെയും ശുഭ്മൻ ഗില്ലും പേസർ മുഹമ്മദ് ഷമിയും ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വിരാട് കോലി, അക്ഷർ പട്ടേൽ, ഉമേഷ് യാദവ് തുടങ്ങിയ താരങ്ങൾ കഴി‍ഞ്ഞ ആഴ്ച തന്നെ ഇംഗ്ലണ്ടിൽ എത്തിയിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ അടക്കമുള്ളവർ മൂന്നുദിവസം മുൻപ് എത്തി. ഐപിഎൽ ഫൈനലിനു ശേഷമാണ് ജഡേജയും രഹാനെയും ഉൾപ്പെടെയുള്ളവർ ലണ്ടനിലേക്ക് തിരിച്ചത്. ഇതോടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ടീമിലെ എല്ലാ അംഗങ്ങളും ഇംഗ്ലണ്ടിലെത്തി.

English Summary : India and Australia cricket team in ovel cricket ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com