ADVERTISEMENT

ഇംഗ്ലണ്ടിലെ ഓവലിൽ 7ന് ആരംഭിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഉപയോഗിക്കുന്നത് റെഡ് ഡ്യൂക്ക് ബോളുകളാണ്. മത്സരം ഇന്ത്യയിലായിരുന്നെങ്കിൽ ഉത്തർപ്രദേശിലെ മീററ്റിൽ നിർമിക്കുന്ന എസ്ജി പന്തുകൾ ആയിരുന്നു ഉപയോഗിക്കുക. ടെസ്റ്റ് ഫൈനലിന്റെ വേദി ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ ആയിരുന്നെങ്കിൽ കൂക്കബൂറ പന്തുകളാകും ഉപയോഗിക്കുക. ടെസ്റ്റ് ക്രിക്കറ്റിൽ വേദികൾ മാറുന്നത് അനുസരിച്ച് പന്തുകളും മാറാൻ കാരണമെന്താണ്?  നിഷ്പക്ഷ വേദിയിൽ നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ‍ഡ്യൂക്ക് ബോൾ ഉപയോഗിക്കാൻ കാരണമെന്താണ്?

3 പന്തുകൾ

ഇംഗ്ലണ്ടിൽ നിർമിക്കുന്ന ഡ്യൂക്ക്, ഇന്ത്യയിൽ നിർമിക്കുന്ന എസ്ജി, ഓസ്ട്രേലിയയിൽ നിർമിക്കുന്ന കൂക്കബൂറ എന്നീ 3 പന്തുകളാണ് നിലവിൽ ടെസ്റ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഡ്യൂക്ക് ബോളുകൾ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ഹോം ടെസ്റ്റുകളിൽ ഉപയോഗിക്കുമ്പോൾ എസ്ജി പന്തുകളിൽ മത്സരം നടക്കുന്നത് ഇന്ത്യയിൽ മാത്രം. ടെസ്റ്റ് പദവിയുള്ള മറ്റെല്ലാ രാജ്യങ്ങളും നിലവിൽ ഹോം മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത് കൂക്കബൂറയാണ്.

ഡ്യൂക്ക് ബോൾ

ഇന്ത്യക്കാരൻ ദിലീപ് ജജോദിയയുടെ ഉടമസ്ഥതയിലുള്ള ഇംഗ്ലണ്ടിലെ കമ്പനി പുറത്തിറക്കുന്ന ഡി്യൂക്ക് ബോളുകൾ കൈകൊണ്ട് നിർമിക്കുന്നവയാണ്. കൂടുതൽ സമയം സീം (പന്തിലെ തുന്നൽ) നിലനിൽക്കുന്ന, പെട്ടെന്നു മൃദുവാകാത്ത ഡ്യൂക് ബോളുകൾ ഫാസ്റ്റ് ബോളർമാർക്ക് അനുകൂലമാണ്. പന്തിന് ഈർപ്പത്തെ അതിജീവിക്കാനും കൂടുതൽ നേരം പ്രതലത്തിലെ തിളക്കം നിലനിർത്താനുമാകും. ഇംഗ്ലണ്ടിലെ പച്ചപ്പ് നിറഞ്ഞ പിച്ചിൽ പേസർമാർക്ക് മികച്ച സ്വിങ് ലഭിക്കും. എന്നാൽ സ്പിൻ ബോളർമാർക്ക് പന്തിൽ ‘ഗ്രിപ്പ്’ കിട്ടാൻ പ്രയാസമാണ്.

എസ്ജി ബോൾ

ഡ്യൂക്ക് ബോളുകൾ പോലെ കൈകൊണ്ട് നിർമിക്കുന്നവയാണ് എസ്ജി ബോളുകളും. കട്ടികൂടിയ നൂലുകൾകൊണ്ടു നിർമിച്ച പന്തിലെ സീം പെട്ടെന്നു നശിക്കില്ല. കട്ടികൂടിയ പ്രതലം ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുകൂലം. പന്തിലെ സീം സ്പിൻ ബോളർമാർക്ക് മികച്ച ഗ്രിപ്പ് കിട്ടാൻ സഹായിക്കുന്നു. എന്നാൽ ഷൈനിങ് നഷ്ടപ്പെടുന്നതോടെ  മൃദുവാകുന്നുവെന്നത് വെല്ലുവിളി.

കൂക്കബൂറ

യന്ത്രനിർമിതമാണ് കൂക്കബൂറ ബോളുകൾ. ഫാസ്റ്റ് ബോളർമാർക്ക് മികച്ച ബൗൺസ് ലഭിക്കുന്ന രീതിയിലാണ് പന്തിന്റെ നിർമാണം. എന്നാൽ സീം നീണ്ടുനിൽക്കില്ലെന്നതും ഫാസ്റ്റ് ബോളർമാർക്ക് മികച്ച സ്വിങ് ലഭിക്കില്ലെന്നതും വെല്ലുവിളി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത മത്സര സാഹചര്യങ്ങൾ കൂക്കബൂറ ബോളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല.

ഡ്യൂക്കിനുമുണ്ട് ഇന്ത്യൻ ബന്ധം !

dileep
ദിലിപ് ജജോദിയ

വിഖ്യാതമായ ആഷസ് ടെസ്റ്റ് മത്സരങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഡ്യൂക്ക് ബോൾ ഇംഗ്ലണ്ടിൽ നിർമിക്കുന്നത് ഇന്ത്യക്കാരൻ ദിലിപ് ജജോദിയയുടെ ഉടമസ്ഥതയിലുള്ള കമ്പനി. 1760ൽ ആരംഭിച്ച ബ്രിട്ടിഷ് ക്രിക്കറ്റ് ബോൾസ് ലിമിറ്റ‍ഡ് എന്ന കമ്പനി 1987ലാണ് രാജസ്ഥാൻ സ്വദേശിയായ ജജോദിയ ഏറ്റെടുത്തത്. ഡ്യൂക്ക് പന്തിനു പുറമേ മറ്റു ക്രിക്കറ്റ് ഉപകരണങ്ങളും ഈ കമ്പനിയിൽ നിർമിക്കുന്നുണ്ട്. ബാംഗ്ലൂർ ബിഷപ് കോട്ടൻ സ്കൂൾ വിദ്യാർഥിയായിരിക്കെ ക്രിക്കറ്റ് ഭ്രമം തലയ്ക്കു പിടിച്ച ദിലിപ് ജജോദിയ ഉപരിപഠനത്തിനായി 1962ൽ ഇംഗ്ലണ്ടിലെത്തി.  തുടർന്നാണ് ബിസിനസ് ആരംഭിച്ചത്.

English Summary: 3 types of balls for test matches!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com