ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് 3 ദിവസം മാത്രം ശേഷിക്കേ ഇന്ത്യൻ ടീം മാനേജ്മെന്റ് ധർമസങ്കടത്തിലാണ്; ഫൈനലിൽ വിക്കറ്റ് കീപ്പറുടെ റോളിൽ ആരെ കളിപ്പിക്കും? ഇരുപത്തിയൊൻപതുകാരനായ കെ.എസ്.ഭരത്തും ഇരുപത്തിനാലുകാരനായ ഇഷൻ കിഷനുമാണ് ടീം സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ.
വാഹനാപകടത്തിൽ പരുക്കേറ്റ ഋഷഭ് പന്തിനു പകരക്കാരനായാണ് ഭരത് ടീമിൽ എത്തുന്നത്. ഐപിഎലിനിടെ പരുക്കേറ്റ കെ.എൽ.രാഹുലിന് പകരമാണ് ഇഷൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയത്. 4 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചു പരിചയമുള്ള ഭരത്തും ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാത്ത കിഷനും ഫൈനലിന്റെ സമ്മർദം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ മാനേജ്മെന്റിന് ആശങ്കയുണ്ട്. പ്രത്യേകിച്ച്, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഇരുവർക്കും കീപ്പിങ് ചെയ്തു പരിചയമില്ലാത്ത അവസ്ഥയിൽ.

കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഭരത്, 4 മത്സരങ്ങളിൽ നിന്ന് 20.2 റൺസ് ശരാശരിയിൽ 101 റൺസാണ് നേടിയത്. കീപ്പിങ്ങിനിടെ ക്യാച്ചും സ്റ്റംപിങ് ചാൻസും നഷ്ടപ്പെടുത്തിയതിന് വിമർശനവും നേരിട്ടു.
∙ ക്യാച്ചിങ് പരിശീലനത്തിന് റിയാക്‌ഷൻ ബോൾ
ഇംഗ്ലണ്ടിലെ സ്വിങ്ങിങ് സാഹചര്യം കണക്കെടുത്ത് വിക്കറ്റ് കീപ്പർമാർക്കും 30 യാർഡ് സർക്കിളിനകത്ത് ഫീൽഡ് ചെയ്യുന്ന താരങ്ങൾക്കും റിയാക്‌ഷൻ ബോളുപയോഗിച്ച് ക്യാച്ചിങ് പരിശീലനം നൽകി ടീം ഇന്ത്യ. ഇരുവശങ്ങളിലും വ്യത്യസ്ത നിറങ്ങളുള്ള റബർ പന്തുകളാണ് റിയാക്‌ഷൻ ബോൾ. സാധാരണ ക്രിക്കറ്റ് ബോളുകളെക്കാൾ കൂടുതൽ ഇവ വായുവിൽ സ്വിങ് ചെയ്യും. അതിനാലാണ് ഫീൽഡിങ് പരിശീലനത്തിനായി ഇത്തരം പന്തുകൾ ഉപയോഗിക്കുന്നത്. കളിക്കാരുടെ റിഫ്ലക്സ് മെച്ചപ്പെടുത്തുകയാണ് പ്രധാന ഉദ്ദേശം.

കീപ്പർമാരായ ഭരത്തും കിഷനും ഇതുവരെ ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കാത്തതിനാൽ അവരുടെ കീപ്പിങ് റിഫ്ലക്സ് മെച്ചപ്പെടുത്താൻ ഈ പന്തിലുള്ള പരിശീലനം സഹായിക്കും.
English Summary : Who play as keeper in indian cricket team on champion ship final