ADVERTISEMENT

ന്യൂഡൽഹി∙ ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും വേൾഡ് റസ്‍ലിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക്, 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പിന്തുണ പ്രഖ്യാപിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റ് റോജർ  ബിന്നി. 1983ൽ കിരീടം നേടിയ ടീമിൽ താനും അംഗമാണെങ്കിലും, ഗുസ്തി താരങ്ങളെ പിന്തുണച്ച സംഘത്തിനൊപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയവും സ്പോർട്സും കൂട്ടിക്കലർത്തരുതെന്ന അഭ്യർഥനയോടെയാണ്, ഗുസ്തി താരങ്ങളെ പിന്തുണച്ച ടീമിനൊപ്പം താനില്ലെന്ന ബിന്നിയുടെ വിശദീകരണം.

‘‘ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ചു. ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട്  1983ലെ ലോകകപ്പ് ടീം പുറത്തിറക്കിയെന്നു പറയുന്ന പ്രസ്താവനയിൽ എനിക്കു പങ്കില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു മുൻ ക്രിക്കറ്റ് താരമെന്ന നിലയിൽ, സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതില്ലെന്നാണ് എന്റെ നിലപാട്’ – ബിന്നി പറഞ്ഞു.

നേരത്തെ, ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീം രംഗത്തെത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ വേദനിപ്പിച്ചെന്നും രാജ്യാന്തര വേദികളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാനെടുത്തതു പോലുള്ള കടുത്ത തീരുമാനങ്ങളിൽനിന്ന് താരങ്ങൾ പിന്മാറണമെന്നും ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ദേശീയ വാർത്ത ഏജൻസിയായ പിടിഐയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ക്രിക്കറ്റ് താരങ്ങൾ ഇപ്രകാരം അറിയിച്ചത്.

‘നമ്മുടെ ചാംപ്യന്മാരായ ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ ഏറെ വിഷമമുണ്ടാക്കി. വളരെയധികം കഷ്ടപ്പെട്ട് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള അവരുടെ തീരുമാനവും ഞങ്ങളെ ആശങ്കയിലാഴ്ത്തി. വർഷങ്ങളുടെ പരിശ്രമവു ത്യാഗവും ദൃഢനിശ്ചയവും മനക്കരുത്തും എല്ലാം ഈ നേട്ടത്തിന് പിന്നിലുണ്ട്. അവരുടെ മാത്രമല്ല രാജ്യത്തിന്റെ ആകെ അഭിമാനവും ആഹ്ലാദവുമാണ് ഈ നേട്ടങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് താരങ്ങളോട് ആവശ്യപ്പെടുകയാണ്.അതുപോലെ അവരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും വിഷമങ്ങൾക്കും എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമം നടപ്പിലാകട്ടെ’– പ്രസ്താവനയിൽ ക്രിക്കറ്റ് താരങ്ങൾ ചൂണ്ടിക്കാട്ടി.

English Summary: Wrestlers protest: Roger Binny distances himself from statement issued by 1983 World Cup team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com