ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി ഇന്ത്യയും ഓസ്ട്രേലിയയും ഇറങ്ങുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഇരു ടീമിലെയും പേസ് ബോളർമാരുടെ നിരയിലേക്കാണ്. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിലാണ് ഇന്ത്യ എത്തുന്നതെങ്കിൽ പരുക്കുമൂലം പിൻമാറിയ ജോഷ് ഹെയ്സൽവുഡ് ഇല്ലാതെയാണ് ഓസ്ട്രേലിയയുടെ വരവ്. മറ്റ് ഇംഗ്ലിഷ് ഗ്രൗണ്ടുകളെ അപേക്ഷിച്ച് ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാണ് ഓവലിലേതെങ്കിലും പേസ് ബോളർമാരുടെ പ്രകടനം തന്നെയായിരിക്കും ഇവിടെയും മത്സരഫലം നിർണയിക്കുക. പുല്ലിന്റെ അളവ് കുറവായിരിക്കുമെങ്കിലും പിച്ചിലെ ഈർപ്പവും ഇടയ്ക്കിടെ ഉണ്ടായേക്കാവുന്ന ചാറ്റൽ മഴയും കാറ്റുമെല്ലാം ഓവലിൽ പേസർമാർക്ക് മുൻതൂക്കം നൽകുമെന്നാണ് മുൻ ഓസ്ട്രേലിയൻ താരം ജെയ്സൻ ഗില്ലസ്പി പറഞ്ഞത്. 3 പേസർ, ഒരു പേസ് ബോളിങ് ഓൾ റൗണ്ടർ, ഒരു സ്പിന്നർ എന്ന ഫോർമാറ്റിലായിരിക്കും ഇരു ടീമുകളും ഇറങ്ങുക.
ഇന്ത്യൻ അറ്റാക്ക്
മുഹമ്മദ് ഷമിയായിരിക്കും ഇന്ത്യൻ പേസ് അറ്റാക്കിനെ നയിക്കുക. ഷമിക്കൊപ്പം മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. ടീമിലെ ഏക ഇടംകയ്യൻ പേസറായ ജയദേവ് ഉനദ്കട്ടിനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ പേസ് ബോളിങ് ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറിനെ പുറത്തിരുത്തേണ്ടിവരും. എന്നാൽ 2021ൽ ഓവലിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപിച്ചപ്പോൾ 2 ഇന്നിങ്സിലും അർധ സെഞ്ചറി നേടി ടീമിന്റെ വാലറ്റത്തെ താങ്ങിനിർത്തിയത് ഷാർദൂൽ ആയിരുന്നു. രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനുള്ള സാധ്യത കുറവായതിനാൽ രവീന്ദ്ര ജഡേജയ്ക്കു മാത്രമായിരിക്കും പ്ലേയിങ് ഇലവനിൽ അവസരം.
ഓസ്ട്രേലിയ ഓൺ
ക്യാപ്റ്റൻ പാറ്റ് കമിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ പേസ് നിരയിൽ മിച്ചൽ സ്റ്റാർക്, സ്കോട്ട് ബോളണ്ട് എന്നിവർക്കു പുറമേ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനും ഇടംപിടിച്ചേക്കും. ജോഷ് ഹെയ്സൽവുഡിനു പകരം ടീമിലെത്തിയ മൈക്കൽ നീസർ കളിക്കാൻ സാധ്യത കുറവാണ്. സ്റ്റാർക്കും കമിൻസും ന്യൂബോളുമായി എത്തുമ്പോൾ ചേഞ്ച് ബോളറുടെ റോളിലായിരിക്കും ബോളണ്ട്. ടോഡ് മർഫി ടീമിലുണ്ടെങ്കിലും അനുഭവസമ്പത്തുള്ള നേഥൻ ലയൺ തന്നെയായിരിക്കും ആദ്യ ഇലവനിൽ ഇടംപിടിക്കുന്ന സ്പിന്നർ.
ഫൈനലിന് ഹെയ്സൽവുഡ് ഇല്ല
പരുക്കിൽ നിന്ന് മോചിതനാവാത്ത ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ നിന്നു പിൻമാറി. ഹെയ്സൽവുഡിനു പകരം മൈക്കൽ നീസർ ടീമിനൊപ്പം ചേർന്നു. ഹെയ്സൽവുഡ് പിൻമാറിയതോടെ സ്കോട്ട് ബോളണ്ടായിരിക്കും സ്റ്റാർക്കിനും കമിൻസിനുമൊപ്പം ആദ്യ ഇലവനിൽ കളിക്കുക. മുപ്പത്തിരണ്ടുകാരനായ ഹെയ്സൽവുഡിന് ഐപിഎലിനിടെയാണ് ഇടതുകാലിന് പരുക്കേറ്റത്. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി 3 മത്സരങ്ങൾ മാത്രമാണ് ഇത്തവണ ഹെയ്സൽവുഡ് കളിച്ചത്. ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ ഹെയ്സൽവുഡ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു മുൻപു കായികക്ഷമത വീണ്ടെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും പരുക്കു ഭേദമായില്ല.
English Summary: World Test Championship; India, Australia Team's Pace Bowling Attack