മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് മൂന്നു വർഷമായെങ്കിലും മികച്ച പ്രകടനമാണ് എം.എസ്. ധോണി ഐപിഎല്ലിൽ നടത്തുന്നത്. 2023 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ച ധോണി, അടുത്ത സീസൺ കളിക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് ധോണി ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിച്ചത്. എന്നാൽ ധോണിക്കു വേണമെങ്കിൽ ഇപ്പോഴും ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വാസിം അക്രത്തിന്റെ നിലപാട്.
‘‘അദ്ദേഹത്തിന്റെ പ്രകടനം പരിഗണിച്ചാണെങ്കിൽ, ധോണിക്ക് വേണമെങ്കിൽ ഇപ്പോഴും ഇന്ത്യൻ ടീമില്‍ കളിക്കാൻ സാധിക്കും. എന്നാൽ ധോണി കൃത്യ സമയത്തു വിരമിക്കൽ പ്രഖ്യാപിച്ചു. അതാണു ധോണിയെ ധോണിയാക്കുന്നത്. അടുത്ത വര്‍ഷം ഐപിഎല്ലിലും ധോണി കളിക്കുമെന്നാണു തോന്നുന്നത്. അദ്ദേഹത്തിന് അനുഭവ സമ്പത്തുണ്ട്. ശാന്തസ്വഭാവമാണ്, ഫിറ്റ്നസുണ്ട്. അതിനേക്കാളെല്ലാം ഉപരിയായി ക്രിക്കറ്റ് കളിക്കാനുള്ള അതിയായ ആഗ്രഹം ധോണിക്ക് ഇപ്പോഴുമുണ്ട്.’’– വാസിം അക്രം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ധോണി ഫിറ്റാണ്. 2023 ഐപിഎല്ലിൽ ഒരു മത്സരത്തിൽ പോലും പുറത്തിരുന്നിട്ടില്ല. ഒരു പ്രായം കഴിഞ്ഞാല്‍ തിരിച്ചുവരികയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ എന്തു ചെയ്യണമെന്നു ധോണിക്കു നന്നായി അറിയാം. ധോണിക്ക് ഏതു ടീമിനെയും ഫൈനലിൽ എത്തിക്കാനും കിരീടം നേടാനും സാധിക്കും. ചെന്നൈ സൂപ്പർ കിങ്സ് അഞ്ച് ഐപിഎല്‍ കിരീടങ്ങൾ നേടിയത് സ്വപ്നതുല്യമായ കാര്യമാണ്. ധോണി ക്രിക്കറ്റ് മതിയാക്കിയാലും മെന്ററായോ, പ്രസിഡന്റായോ ഒക്കെ ചെന്നൈ സൂപ്പർ കിങ്സിൽ തുടരും. ധോണിയും സിഎസ്കെയും ഒരിക്കലും വേർപിരിയില്ല.’’– അക്രം വ്യക്തമാക്കി.
English Summary: Wasim Akram praise MS Dhoni