ADVERTISEMENT

ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി നാളെ ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ഇന്ത്യയുടെ മുന്നിൽ ഒറ്റ ലക്ഷ്യം മാത്രം; കഴിഞ്ഞ തവണ ഫൈനലിലേറ്റ പരാജയം മറക്കാൻ ഇത്തവണ കിരീടം നേടുക. ഓസ്ട്രേലിയയ്ക്കാവട്ടെ ഏകദിന, ട്വന്റി20 ലോകകപ്പുകൾക്കൊപ്പം ടെസ്റ്റ് ലോക ചാംപ്യൻഷിപ് കിരീടം കൂടി സ്വന്തമാക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി മാറാനുള്ള അവസരമാണ് ഈ ഫൈനൽ.

ബോളർമാർക്കും ബാറ്റർമാർക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന ഓവലിലെ പിച്ചിൽ ഇരുടീമുകളുടെയും ടോപ് 4 ബാറ്റർമാരുടെ പ്രകടനം നിർണായകമാകും. ഐപിഎൽ ഹാങ്ഓവർ മാറാതെയാണ് ഇന്ത്യൻ ബാറ്റർമാർ ഇറങ്ങുന്നതെങ്കിൽ ഡേവിഡ് വാർണറും കാമറൂൺ ഗ്രീനും ഒഴികെയുള്ള ഓസ്ട്രേലിയൻ ബാറ്റർമാർ ഇതിനോടകം കൗണ്ടി ക്രിക്കറ്റിൽ സജീവമായി ടെസ്റ്റ് ചാംപ്യൻഷിപ്പിനുള്ള ഒരുക്കം നടത്തിക്കഴിഞ്ഞു. ഇന്ത്യൻ ബാറ്റിങ് നിരയിൽ ചേതേശ്വർ പൂജാര മാത്രമാണ് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ 2 മാസം മുൻപേ ലണ്ടനിൽ എത്തിയത്.

രോഹിത് & കമ്പനി

ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരം ശുഭ്മൻ ഗില്ലുമായിരിക്കും ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. മൂന്നാം നമ്പറിൽ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാരയെത്തും. വിരാട് കോലിയാണ് 4–ാം നമ്പറിൽ ഇറങ്ങുക. മധ്യനിരയിൽ അജിൻക്യ രഹാനെ ഒഴിച്ച് ബാക്കി എല്ലാവരും താരതമ്യേന പുതുമുഖങ്ങളായതിനാൽ ടോപ് ഫോറിന്റെ പ്രകടനം ഇന്ത്യയ്ക്കു നിർണായകമാണ്. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ ശുഭ്മൻ ഗില്ലും വിരാട് കോലിയും ഫൈനലിലും അതാവർത്തിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടോപ് 4

(താരം മത്സരം റൺസ് ശരാശരി)

രോഹിത് ശർമ 49 3379 45.7

ശുഭ്മൻ ഗിൽ 15 890 34.2

ചേതേശ്വർ പൂജാര 102 7154 43.9

വിരാട് കോലി 108 8416 48.9

wtct

ഇൻ ഫോം ഓസീസ്

ബാറ്റർമാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ 4 പേരും ഓസ്ട്രേലിയൻ താരങ്ങളാണ്. ഒന്നാം റാങ്കുകാരൻ മാർനസ് ലബുഷെയ്ൻ, മൂന്നാം റാങ്കുകാരൻ സ്റ്റീവ് സ്മിത്ത്, ആറാം റാങ്കുകാരൻ ട്രാവിസ് ഹെഡ്, ഏഴാം റാങ്കുകാരൻ ഉസ്മാൻ ഖവാജ എന്നിവർ തന്നെയാണ് ഓസ്ട്രേലിയയുടെ കരുത്ത്. ഓപ്പണിങ്ങിൽ ഖവാജയ്ക്കൊപ്പം ഡേവിഡ് വാർണറായിരിക്കും ഇറങ്ങുക. അങ്ങനെ വന്നാൽ ട്രാവിസ് ഹെഡ് അഞ്ചാം നമ്പറിലേക്ക് മാറും. ഇത് മധ്യനിര ശക്തിപ്പെടുത്തുമെന്നാണ് ഓസ്ട്രേലിയയുടെ കണക്കുകൂട്ടൽ. മികച്ച ഫോമിലുള്ള ഓസീസ് ടോപ് ഫോറിനെ പൂട്ടാൻ ഇന്ത്യൻ ബോളർമാർ നന്നായി അധ്വാനിക്കേണ്ടിവരും.

ടെസ്റ്റ് ക്രിക്കറ്റിൽ ഓസീസ് ടോപ് 4

(താരം മത്സരം റൺസ് ശരാശരി)

ഡേവിഡ് വാർണർ 103 8158 45.6

ഉസ്മാൻ ഖവാജ 60 4495 47.8

മാർനസ് ലബുഷെയ്ൻ 37 3394 57.5

സ്റ്റീവ് സ്മിത്ത് 96 8792 59.8

സമ്മർദമില്ല: ദ്രാവിഡ്

ലണ്ടൻ ∙ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് ഇറങ്ങുമ്പോൾ ഒരു സമ്മർദവുമില്ലെന്ന് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ഐസിസി ടൂർണമെന്റുകൾ ജയിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ, അതൊരു സമ്മർദമായി എനിക്കു തോന്നുന്നില്ല. രണ്ടു വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ ഫൈനൽ. ഈ കാലയളവിൽ ഒട്ടേറെ പരമ്പരകൾ ഞങ്ങൾ ജയിച്ചു. ആ നേട്ടങ്ങളെല്ലാം ഐസിസി കിരീടം പോലെതന്നെ പ്രധാനമാണ്– ദ്രാവിഡ് പറഞ്ഞു.

രാഹുൽ ദ്രാവിഡ്
രാഹുൽ ദ്രാവിഡ്

English Summary: World Test Championship Final from tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com