മുംബൈ∙ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസിന്റെ യുവപേസർ യാഷ് ദയാൽ. ലവ് ജിഹാദുമായി ബന്ധപ്പെട്ട ഒരു കാർട്ടൂണാണ് കഴിഞ്ഞ ദിവസം യാഷ് ദയാൽ ഇൻസ്റ്റയിൽ പങ്കുവച്ചത്. സംഭവം വൻ വിവാദമായതോടെ ഇന്ത്യൻ യുവതാരം സ്റ്റോറി പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് യാഷ് ദയാലിന്റെ പുതിയ വിശദീകരണം.
വിവാദ കാർട്ടൂണ്‍ പങ്കുവച്ചതും അതു കഴിഞ്ഞുള്ള ഖേദപ്രകടനവും നടത്തിയത് താൻ അറിഞ്ഞുകൊണ്ടല്ലെന്നാണു ദയാലിന്റെ വാദം. മറ്റാരോ സമ്മതമില്ലാതെ തന്റെ ഐഡി ഉപയോഗിച്ചിട്ടുണ്ടെന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുമാണു യാഷ് ദയാലിന്റെ വിശദീകരണം. എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണു താനെന്നും, വിദ്വേഷം പ്രചരിപ്പിക്കില്ലെന്നും ദയാൽ ഇൻസ്റ്റഗ്രാം കുറിപ്പിൽ പ്രതികരിച്ചു.
‘‘അക്കൗണ്ട് പൂർണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം എന്റെ വിശ്വാസ പ്രകാരമുള്ളതല്ല.’’– യാഷ് ദയാൽ പ്രതികരിച്ചു. 2023 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച ദയാല്‍ രണ്ടു വിക്കറ്റുകളാണ് ആകെ വീഴ്ത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ റിങ്കു സിങ് അഞ്ച് സിക്സുകൾ നേടിയത് യാഷ് ദയാലിന്റെ പന്തുകളിലായിരുന്നു.
English Summary: Yash Dayal claims account was hacked