‘വിരാട് കോലിയെയും പൂജാരയെയും പുറത്താക്കാൻ പന്തു ചുരണ്ടി, ആരും മിണ്ടുന്നില്ല’

Mail This Article
ഓവൽ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ ഓസ്ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം. ഇന്ത്യൻ ബാറ്റർമാരായ വിരാട് കോലിയെയും ചേതേശ്വർ പൂജാരയെയും പന്തു ചുരണ്ടലിനു ശേഷമാണ് ഓസ്ട്രേലിയ പുറത്താക്കിയതെന്നാണ് പാക്കിസ്ഥാൻ മുൻ താരം ബാസിത് അലിയുടെ ആരോപണം. 13 മുതൽ 18 വരെയുള്ള ഓവറുകൾക്കിടയിൽ പരിശോധിച്ചാൽ പന്തു ചുരണ്ടിയതിനു തെളിവു ലഭിക്കുമെന്നാണ് പാക്ക് മുൻ താരത്തിന്റെ വാദം.
‘‘18–ാം ഓവറില്‍ പന്തിന്റെ രൂപം മാറിയെന്നു പറഞ്ഞ അംപയർ പുതിയ പന്ത് ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു. പക്ഷേ ആ സമയം ആയപ്പോഴേക്കും ഇന്ത്യന്‍ നിര തകർന്നിരുന്നു. കമന്ററി ബോക്സിൽ ഇരുന്ന് കളി കാണുന്ന ആളുകൾക്കും അംപയർമാർക്കുമാണ് ആദ്യം കയ്യടിക്കേണ്ടത്. പന്തിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് ആരും പറയുന്നില്ല. എന്താണ് ഇവിടെ നടക്കുന്നത്? മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്ക് ബോളുകൾ 40 ഓവറെങ്കിലും കഴിയാതെ റിവേഴ്സ് സ്വിങ് ചെയ്യില്ല. 15-20 ഓവറിനുള്ളില്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?.’’– ബാസിത് അലി ചോദിച്ചു.
‘‘കോലി ഔട്ടായ പന്തിന്റെ തിളങ്ങുന്ന ഭാഗം പുറത്തേക്ക് ആയിരുന്നു. പക്ഷേ പന്ത് എതിർ ദിശയിലേക്കു സ്വിങ് ചെയ്തു. പൂജാരയെ പുറത്താക്കിയ പന്തിന്റെ തിളങ്ങുന്ന ഭാഗം അകത്തായിരുന്നു. ആ പന്ത് പ്രതീക്ഷിക്കാതെയാണ് അകത്തേക്കു തിരിഞ്ഞത്. പന്ത് ലീവ് ചെയ്യുമ്പോഴാണ് ഇവിടെ ബാറ്റർമാർ പുറത്താകുന്നത്.’’– ബാസിത് അലി ആരോപിച്ചു.
English Summary: Ex Pakistan cricketer accuses Australia over ball tampering