ADVERTISEMENT

ഇസ്‍ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാക്കിസ്ഥാനിൽവച്ചുതന്നെ നടത്താൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ അവസാന അടവ്. എങ്ങനെയെങ്കിലും പിസിബി മുന്നോട്ടുവച്ച  ‘ഹൈബ്രിഡ് മോഡൽ’ ബിസിസിഐയെക്കൊണ്ട് അംഗീകരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടു. ഹൈബ്രിഡ് മോഡൽ അംഗീകരിക്കില്ലെന്ന് ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡുകൾ കൂടി നിലപാടെടുത്തതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ നീക്കം.  ഏഷ്യാ കപ്പ് മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തി, ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പുറത്തു നടത്തുന്നതാണ് ‘ഹൈബ്രിഡ് മോഡല്‍’.

ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിൽ പോകില്ലെന്നും പകരമുള്ള ഹൈബ്രിഡ് മോഡൽ അംഗീകരിക്കില്ലെന്നുമാണ് ബിസിസിഐ തുടക്കം മുതൽ സ്വീകരിച്ച നിലപാട്. വരുമാനം ആവശ്യമുള്ളതിനാൽ പാക്കിസ്ഥാൻ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്നു തോന്നുന്നില്ലെന്ന് ബിസിസിഐ പ്രതിനിധി ലണ്ടനിൽവച്ച് ഒരു സ്പോർട്സ് മാധ്യമത്തോടു വെളിപ്പെടുത്തി. ‘‘പാക്കിസ്ഥാൻ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും കളിക്കും. ഇപ്പോൾ പാക്കിസ്ഥാന്‍ അവരുടെ തീരുമാനം നടപ്പാക്കാൻ ശ്രമിക്കുക മാത്രമാണു ചെയ്യുന്നത്. പക്ഷേ അതു സംഭവിക്കില്ല.’’– ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ചൂട് പ്രശ്നമായതിനാൽ ഏഷ്യാ കപ്പ് യുഎഇയിൽവച്ചു നടത്താനാകില്ലെന്നും ബിസിസിഐ നിലപാടെടുത്തിരുന്നു. ശ്രീലങ്കയിൽ മത്സരങ്ങൾ നടത്തുന്നതിന് ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക ബോർഡുകൾക്കു താൽപര്യമുണ്ട്. തർക്കങ്ങൾ പരിഹരിക്കുന്നതിന് ഐസിസി പ്രസിഡന്റ് ഗ്രെക് ബാര്‍ക്ലെ, സിഇഒ ജിയോഫ് അലാർഡിസ് എന്നിവര്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു.

2025ൽ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് നടക്കേണ്ടതും പാക്കിസ്ഥാനിലാണ്. ഈ ടൂർണമെന്റിലും ടീമിനെ വിടേണ്ടതില്ലെന്ന നിലപാടിലാണു ബിസിസിഐ. ഏഷ്യാ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ, ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായി ഐസിസിയുടേയും ബിസിസിഐയുടേയും പ്രതിനിധികൾ ലണ്ടനിലുണ്ട്. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകൾ ഇവിടെ നടക്കുമെന്നാണു വിവരം.

English Summary: Pakistan Cricket Board has urged ICC to convince BCCI on approving Asia Cup Hybrid model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com