ഇന്ത്യയോ ഐപിഎലോ? ഐപിഎൽ മതിയെങ്കിൽ ടെസ്റ്റ് ചാംപ്യൻഷിപ് മറന്നേക്കൂ: പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
Mail This Article
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ ഫലം ഉറപ്പിക്കാറായിട്ടില്ലെങ്കിലും മത്സരത്തിന്റെ നാലാം ദിവസവും മുൻതൂക്കം ഓസ്ട്രേലിയയ്ക്കു തന്നെയാണ്. ഒന്നാം ദിനത്തിന്റെ ആദ്യ സെക്ഷനുശേഷം ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരാൻ രോഹിത്തിനും സംഘത്തിനും സാധിച്ചിട്ടില്ല. ഒന്നാം ഇന്നിങ്സിൽ 173 റൺസിന്റെ ലീഡാണ് ഇന്ത്യ വഴങ്ങിയത്. ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ചേതേശ്വർ പൂജാര അടങ്ങുന്ന ടോപ് ഓർഡറിന് 71 റൺസ് മാത്രമേ എടുക്കാനായുള്ളൂ. അജിൻക്യ രഹാനെ, ഷാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിങ്ങാണ് വലിയ നാണക്കേടിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്.
ഇതിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കോച്ചുമായ രവി ശാസ്ത്രി. ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാരിൽ നാലിൽ മൂന്നു പേരും ഐപിഎലിൽ കളിച്ച മത്സരപരിചയവുമായാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനെത്തിയത്. ഐപിഎലിൽ സെഞ്ചറി ഉൾപ്പെടെ നേടി മിന്നും ഫോമിലായിരുന്നു ശുഭ്മാൻ ഗില്ലും വിരാട് കോലിയും. എന്നിട്ടും ഫൈനൽ പോലെ നിർണായകമായ ഒരു മത്സരത്തിൽ പരാജയപ്പെട്ടതിലാണ് രവി ശാസ്ത്രിയുടെ വിമർശനം.
ഐപിഎലിലും ദേശീയ ടീമിലും കളിക്കുമ്പോൾ താരങ്ങൾ അവരുടെ മുൻഗണന കൃത്യമായി നിശ്ചയിക്കണമെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. “നിങ്ങൾ നിങ്ങളുടെ മുൻഗണന നിശ്ചയിക്കണം. എന്താണ് മുൻഗണന, ഇന്ത്യൻ ടീമോ ഫ്രാഞ്ചൈസി ക്രിക്കറ്റോ? അതു നിങ്ങൾ തീരുമാനിക്കണം. ഫ്രാഞ്ചൈസി ക്രിക്കറ്റ് എന്നാണെങ്കിലും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ കാര്യം മറന്നേക്കൂ. മറിച്ച് ഇതിനാണ് പ്രാധാന്യമെങ്കിൽ ഐപിഎലില്‍ കളിക്കാരുമായി കരാറിലെത്തുമ്പോള്‍ ദേശീയ ടീമിനു വേണ്ടി കളിക്കാനായി അയാള്‍ക്ക് ഐപിഎലില്‍നിന്ന് പിന്മാറാനുള്ള അവകാശം ബിസിസിഐ നൽകണം.’’ രവി ശാസ്ത്രി പറഞ്ഞു.
ആദ്യം ഈ നിബന്ധന ഐപിഎൽ കരാറില്‍ ബിസിസിഐ ഉള്‍പ്പെടുത്തട്ടെയെന്നും അതിനുശേഷം ഓരോ കളിക്കാരനെയും ടീമിലെടുക്കുമ്പോള്‍ ഫ്രാഞ്ചൈസികൾക്കു തീരുമാനമെടുക്കാമെന്നും ശാസ്ത്രി നിർദേശിച്ചു. രാജ്യത്തെ ക്രിക്കറ്റിന്‍റെ സംരക്ഷകരെന്ന നിലയില്‍ ബിസിസിഐ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് രവി ശാസ്ത്രി ആവശ്യപ്പെട്ടു. ഇത് ആദ്യമായല്ല ശാസ്ത്രി ഈ വിഷയം ഉന്നയിക്കുന്നത്.
ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള താരങ്ങൾ ഐപിഎൽ സീസണിലെ തങ്ങളുടെ ജോലിഭാരം ശ്രദ്ധിക്കണെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മേയ് 29 വരെ ഐപിഎലില്‍ കളിച്ച് ഒരാഴ്ചയുടെ ഇടവേളയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനിറങ്ങിയത്. ഓസ്ട്രേലിയയാകട്ടെ ആഷസിന് മുന്നോടിയായി ഒരു മാസം മുൻപേ ഇംഗ്ലണ്ടിലെത്തി പരിശീലനം തുടങ്ങിയിരുന്നു.
English Summary: 'India or IPL? If you say franchise cricket then forget WTC final': Shastri blasts Rohit and Co. after top-order failure