നേരിയ വിജയപ്രതീക്ഷയുമായാണ് മൂന്നാം ദിവസം ഇന്ത്യ അവസാനിപ്പിച്ചത്. പിച്ചിലെ അപ്രതീക്ഷിത ബൗൺസ് ആദ്യം ഇന്ത്യൻ ബാറ്റർമാരെയും രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റർമാരെയും നന്നായി വിഷമിപ്പിച്ചു. അജിൻക്യ രഹാനെയും ഷാർദൂൽ ഠാക്കൂറും ഒന്നിലേറെത്തവണ ഏറുകൊണ്ട് പുളഞ്ഞത് ഈ അപ്രതീക്ഷിത ബൗൺസ് മൂലമാണ്. മാർനസ് ലബുഷെയ്നിന്റെ ദേഹത്തും ചില പന്തുകൾ കൊണ്ടു.
ബാറ്റിങ്ങിന് അനുകൂലമാകുമെന്നു പ്രതീക്ഷിച്ച ഓവലിലെ പിച്ചിന്റെ സ്വഭാവം പെട്ടെന്നാണ് മാറിയത്. കൃത്യമായ തയാറെടുപ്പും നല്ല ആത്മസമർപ്പണവും ഉണ്ടെങ്കിൽ മാത്രമേ ഈ പിച്ചിൽ റൺസ് നേടാനാകൂ. ഐപിഎൽ കഴിഞ്ഞ് നേരിട്ട് ടെസ്റ്റ് കളിക്കാൻ ഇറങ്ങിയതിന്റെ പ്രശ്നങ്ങൾ ഇന്ത്യൻ ബാറ്റർമാരെ അലട്ടുന്നുണ്ട്. ഒരു ഇടവേളയ്ക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ രഹാനെ തന്റെ ക്ലാസ് നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു.
എന്നാൽ, ഓസ്ട്രേലിയയുടെ സ്ലിപ് ഫീൽഡിങ് പിഴവുകൾ അദ്ഭുതപ്പെടുത്തി. എത്ര അവസരങ്ങളാണ് അവർ നഷ്ടപ്പെടുത്തിയത്. നാലാം ദിനത്തിലെ ആദ്യ സെഷനായിരിക്കും മത്സരത്തിന്റെ വിധി നിർണയിക്കുക.

English Summary : India vs Australia ICC Test Championship Final- Analysis