ബാസ്ബോളിന് മറുപടി ‘പാറ്റ് ’ബോൾ; ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ കീഴടക്കിയത് എങ്ങനെ?
Mail This Article
ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ബാറ്റിൽ നിന്നു പാഞ്ഞ പന്ത് എജ്ബാസ്റ്റൻ സ്റ്റേഡിയത്തിലെ തേഡ്മാൻ ബൗണ്ടറിയിലേക്കു കുതിക്കുമ്പോൾ ബർമിങ്ങാമിൽ സമയം വൈകിട്ട് 7.21. ഡൈവ് ചെയ്ത് ബൗണ്ടറി തടയാൻ ശ്രമിച്ച ഇംഗ്ലിഷ് താരം ഹാരി ബ്രൂക്കിന്റെ കയ്യിൽ തട്ടി പന്ത് വര കടന്നപ്പോൾ, അതുവരെ സൗത്ത് സ്റ്റാൻഡിൽ ശ്വാസമടക്കിപ്പിടിച്ചു നിന്ന ഓസീസ് ആരാധകർ സന്തോഷാധിക്യത്താൽ വിണ്ണിലേക്കുയർന്നു.
2 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ടിന്റെ ആക്രമണശൈലിയായ ബാസ്ബോൾ തന്ത്രത്തെ കീഴടക്കി ഓസ്ട്രേലിയ ആഷസ് പരമ്പരയിൽ 1–0 ലീഡ് നേടിയിരിക്കുന്നു. 5 നാൾ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ, ആരാധകരുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. ആഷസ് പരമ്പര ഇക്കുറി തങ്ങൾക്കുതന്നെയെന്ന് ഓസീസ് ആരാധകർ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. അതേസമയം, സമീപകാലത്ത് ഇംഗ്ലണ്ടിന്റെ മിന്നുന്ന ടെസ്റ്റ് വിജയങ്ങളുടെ ആവർത്തനം പ്രതീക്ഷിച്ച ഇംഗ്ലിഷ് ആരാധകർക്ക് ഈ തോൽവി അപ്രതീക്ഷിതമായി. പക്ഷേ, ഇരുകൂട്ടരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: ‘എന്തൊരു മത്സരമായിരുന്നു ഇത്!’.
‘സ്മാർട് ക്രിക്കറ്റ്’
ആദ്യ പന്തിൽ കമിൻസ് ബൗണ്ടറി വഴങ്ങുന്ന കാഴ്ചയോടെ ആരംഭിച്ച ബർമിങ്ങാം ടെസ്റ്റ് അവസാനിച്ചത് കമിൻസ് ഫോർ നേടുന്ന ദൃശ്യത്തോടെയാണ്. ഇതടക്കം പല യാദൃച്ഛികതകളും ഈ പോരാട്ടത്തിലുണ്ട്. പ്ലെയർ ഓഫ് ദ് മാച്ച് ഉസ്മാൻ ഖവാജ 5 ദിവസവും ബാറ്റ് ചെയ്തുവെന്നതാണ് ഒന്ന്. 518 പന്തുകളാണ് ഈ മത്സരത്തിലെ 2 ഇന്നിങ്സുകളിലായി ഖവാജ നേരിട്ടത്. നേടിയത് 218 റൺസ്. ബുള്ളറ്റ് ട്രെയിൻ പോലെ കുതിക്കുന്ന ബാസ്ബോൾ കാലത്ത് ഇത് വെറും കാളവണ്ടി വേഗം.
‘ബോറിങ്, ബോറിങ് ഓസീസ്’ എന്ന് ഇംഗ്ലിഷ് ആരാധകർ കളിയാക്കിയിട്ടും ക്ഷമയോടെ ഖവാജ പിടിച്ചു നിന്നു. ടെസ്റ്റിൽ 8 വിക്കറ്റുകൾ നേടിയ നേഥൻ ലയണും ആകെ 82 റൺസും 4 വിക്കറ്റും നേടിയ കമിൻസും ഖവാജയ്ക്കൊപ്പം വിജയത്തിൽ വലിയ പങ്കുവഹിച്ചു. ടീമിലെ സൂപ്പർ ബാറ്റർമാരായ മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും 2 ഇന്നിങ്സുകളിലായി 35 റൺസ് മാത്രം സംഭാവന ചെയ്ത മത്സരമാണ് ഓസീസ് ജയിച്ചതെന്നതും ശ്രദ്ധേയം.
ബാസ്ബാറ്റ് മാത്രമോ?
ബാസ്ബോൾ തന്ത്രത്തിൽ ബാറ്റിങ് അടിപൊളിയാണെങ്കിലും ബോളിങ് അത്ര പോര. ഇംഗ്ലിഷ് പേസർമാരായ സ്റ്റുവർട്ട് ബ്രോഡും ഒലീ റോബിൻസണും നന്നായി പന്തെറിഞ്ഞെങ്കിലും ജിമ്മി ആൻഡേഴ്സൻ നിരാശപ്പെടുത്തി. ഓഫ് സ്പിന്നറുടെ റോളിലെത്തിയ മൊയീൻ അലിക്കു വിരലിലെ പരുക്കു വിനയായി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ സംഭാവനയും പരിമിതമായതോടെ ഓസ്ട്രേലിയൻ ബാറ്റർമാരെ 2 തവണ പുറത്താക്കാനുള്ള വെടിക്കോപ്പ് ഇംഗ്ലണ്ടിന്റെ ആയുധപ്പുരയിലുണ്ടായിരുന്നില്ല.
40 പിന്നിട്ട ആൻഡേഴ്സനും ശനിയാഴ്ച 37 തികയുന്ന ബ്രോഡുമാണ് ഓപ്പണിങ് ബോളർമാരെന്നതും കൗതുകകരമായ കാര്യം. പ്രായത്തെ മറികടന്ന് ബ്രോഡ് പുറത്തെടുത്ത ഉജ്വല പ്രകടനമാണ് ബോളിങ്ങിലെ പോരായ്മകൾ ഒരു പരിധിവരെ മറച്ചുവച്ചത്. ഇന്ത്യയിലേതിനു സമാനമായ വേഗം കുറഞ്ഞ എജ്ബാസ്റ്റൻ പിച്ചും ഇംഗ്ലിഷ് സീമർമാർക്കു ചേരുന്നതായില്ല. ബാറ്റിങ് വെടിക്കെട്ടിനെ ആശ്രയിക്കുന്ന ബാസ്ബോൾ ശൈലിക്കു വേണ്ടി പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചുകളാണോ ഇംഗ്ലണ്ട് ഒരുക്കുന്നതെന്ന് കണ്ടറിയണം. 28ന് ലോഡ്സ് മൈതാനത്ത് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളുണ്ടാകും.
ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 2 പോയിന്റ് നഷ്ടം
ആഷസ് ഒന്നാം ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ 2 പോയിന്റ് വീതം നഷ്ടം. ഇരുടീമിലെയും കളിക്കാർക്കെല്ലാം മാച്ച് ഫീയുടെ 40 ശതമാനവും നഷ്ടമാകും. മൂന്ന്, അഞ്ച് ദിവസങ്ങളിൽ മഴ മൂലം ഓവറുകൾ നഷ്ടമായ ടെസ്റ്റിൽ 2 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. രണ്ടാം ഇന്നിങ്സിൽ 281 റൺസ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ചാം ദിനം 27 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി.9–ാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമിൻസും (73 പന്തിൽ 44*) നേഥൻ ലയണും (28 പന്തിൽ 16*) നേടിയ 55 റൺസ് കൂട്ടുകെട്ടാണ് ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചത്. സ്കോർ: ഇംഗ്ലണ്ട്– 8ന് 393 ഡിക്ലയേഡ്, 273നു പുറത്ത്. ഓസ്ട്രേലിയ– 386നു പുറത്ത്, 8ന് 282. ഓസീസിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചറിയും രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറിയും നേടിയ ഓപ്പണർ ഉസ്മാൻ ഖവാജയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
English Summary : Ashes 2023: Aussies deflate England’s Bazball