ഒരു ചൂതാട്ടം, ഇന്ത്യയുടെ ഹൃദയം കപിലിന്റെ കൈകളിൽ; ഷാംപെയ്ൻ ബിൽ കൊടുക്കാനും ടെൻഷനടിച്ച നായകൻ
Mail This Article
‘1983-ൽ സ്കൂൾ വിദ്യാർഥിയായിരുന്ന ഞാൻ ഇന്ത്യയുടെ ലോകവിജയം കാണുമ്പോൾ, ആ നിമിഷം മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവം വരുമെന്ന് ചിന്തിച്ചത് പോലുമില്ല. സ്വാഭാവിക പ്രതിഭയും വിജയതൃഷ്ണയും കൈമുതലായ ആ യുവ ഇന്ത്യൻ ടീമിന്റെ യാത്ര, ഒരു ചലച്ചിത്രകാരനെന്ന നിലയിൽ ഞാൻ പങ്കുചേർന്ന ഏറ്റവും ആവേശകരമായ കഥകളിൽ ഒന്നാണ്.’–കബീർ ഖാൻ, 2021
83ലെ വിജയകഥ ഇന്ത്യയുടെ സ്പോർട്സ് ഫോക്‌ലോറിന്റെ ഭാഗമാണ്. പറഞ്ഞു പഴകിയ, പഴകുന്തോറും വീര്യം കൂടുന്ന കഥകൾ. വിജയശേഷം വീരന്മാരെ വാഴ്ത്താൻ രാജ്യം മൽസരിച്ചു; പക്ഷേ പടയ്ക്ക് പോകുന്നതിനു മുന്‍പ് അവരെയാരും കണ്ടില്ല. ആനയും അമ്പാരിയുമുള്ള യാത്രയയപ്പ് ഉണ്ടായില്ലെന്നു മാത്രമല്ല, കിട്ടിയ അവസരങ്ങളിൽ അപഹസിച്ചു. ഇന്ത്യ ലോകകപ്പ് നേടുമത്രേ! അതും വെസ്റ്റിൻഡീസിനെ തോൽപിച്ചിട്ട്. അങ്ങനെ പറയുന്നവർ ഭ്രാന്തുള്ളവരായിരിക്കും. പക്ഷേ അങ്ങനെ ചിന്തിക്കാൻ മാത്രം തലയ്ക്ക് ഓളമുള്ള, ഇരുപത്തിനാലുകാരനായ, മേൽമീശ വച്ച ഒരു ഗ്രാമീണ യുവാവായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. കപിൽ ദേവ് രാംലാൽ നികഞ്ച്. പേര് മാത്രം ധാരാളം!
ആദ്യ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ, കപ്പ് നേടാനല്ലാതെ പിന്നെന്തിനാണ് ഞങ്ങൾ വന്നതെന്ന, ഇംഗ്ലിഷ് അക്ഷരങ്ങൾ പെറുക്കി വച്ചുള്ള കപിലിന്റെ ചോദ്യം മാലോകർ പുച്ചിച്ചു തള്ളി, ഒരു മാസത്തിനു ശേഷം ലോകകിരീടം നേടി നിറഞ്ഞു ചിരിച്ച് അയാൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ലോഡ്സിൽ കളിക്കാൻ ഇന്ത്യയ്ക്ക് അർഹതയെന്ത് എന്ന ചോദ്യമെറിഞ്ഞ ഇംഗ്ലിഷ് കോളമിസ്റ്റ് ഡേവിഡ് ഫിർത്ത്, ജൂൺ 25നു ശേഷം തന്റെ വാക്കുകൾ അച്ചടിച്ച പത്രക്കടലാസ് ലോഡ്സ് പ്രസ് ബോക്സിൽ ബീയറും കൂട്ടി ചവച്ചു. ആ ഇംഗ്ലിഷ് വേനലിൽ വിമർശകർക്ക് പറഞ്ഞതു വിഴുങ്ങേണ്ടി വന്നു.
1983 അദ്ഭുതമായിരുന്നു! അതിനു മുൻപ് ഇന്ത്യ ലോകകപ്പിൽ ഒരേയൊരു കളി മാത്രമാണു ജയിച്ചത് - ഈസ്റ്റ് ആഫ്രിക്കയ്ക്ക് എതിരെ. സാങ്കേതികമായി അങ്ങനെയൊരു രാജ്യമില്ല. കെനിയ, യുഗാണ്ട, ടാൻസാനിയ, വടക്കൻ റൊഡേഷ്യ- കൂടിച്ചേർന്ന താൽക്കാലിക സംവിധാനം. കൃഷ്ണമാചാരി ശ്രീകാന്ത് ലോകകപ്പ് വേളയിൽ ലണ്ടനിലെ ഒരു പാർട്ടിയിൽ പറഞ്ഞതു പോലെ, പരദേശികളായ കുറച്ചു മാർവാഡികളെയും ഗുജറാത്തികളെയും ചേർത്ത് തട്ടിക്കൂട്ടിയുണ്ടാക്കിയ ടീം. അങ്ങനെയൊരു കളി ജയിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്ന കമന്റേറ്റർ ടോണി ഗ്രെഗിനോട്, ‘ഉണ്ട്, ഞാനായിരുന്നു മാൻ ഓഫ് ദ മാച്ച്’ എന്ന് സഹകമന്റേറ്റർ ഫറോക്ക് എൻജിനീയർ അഭിപ്രായപ്പെടുന്നു. ഗാവസ്കറെ പോലുള്ള ക്ലാസിക് ബാറ്റർമാരുടെയും മാന്ത്രിക സ്പിന്നർമാരുടെയും നാടായ ഇന്ത്യയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ മേൽവിലാസം ഉണ്ടായിരുന്നു. പക്ഷേ ഏകദിന ക്രിക്കറ്റ് എങ്ങനെ കളിക്കണമെന്ന് പോലുമറിയില്ല. 1975-ൽ ഒന്നാം ലോകകപ്പിലെ ആദ്യ മത്സരത്തിൽ, ഇംഗ്ലണ്ടിന്റെ സ്കോർ 335 പിന്തുടർന്ന ഇന്ത്യ അറുപത് ഓവറിൽ നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ്. ഓപ്പണർ ഗാവസ്കർ 174 പന്തിൽ 36 റൺസ് നോട്ടൗട്ട്.!
1983ലെ ഇംഗ്ലിഷ് വേനൽ
ക്ളൈവ് ലോയ്ഡിന്റെ വെസ്റ്റിൻഡീസ്, കിം ഹ്യൂസിന്റെ ഓസ്‌ട്രേലിയ, ബോബ് വില്ലിസിന്റെ ഇംഗ്ലണ്ട് - എന്തിനും പോന്ന എതിരാളികൾ. ക്ളൈവ് ലോയ്ഡ് നയിക്കുന്ന വിൻഡീസിന്റെ പേസ് പട വിക്കറ്റെടുത്തും, തീപാറുന്ന പന്തുകൊണ്ട് ബാറ്റേന്തിയവരുടെ ശരീരത്തിന്റെ അഴകളവുകൾ അളന്നും തകർക്കും. അവർ എതിരാളിയിൽ ഉണ്ടാക്കുന്ന ഭയവും, നേടുന്ന മാനസിക മേധാവിത്വവും വിവരണാതീതം. മൈക്കൽ ഹോൾഡിങ്, ആന്റി റോബർട്ട്സ്, ജോയൽ ഗാർണർ, മാൽക്കം മാർഷൽ. മന്ത്രിക്കുന്ന മരണം! 150 കിലോമീറ്റർ സ്പീഡിൽ കുത്തിയുയർന്നു പായുന്ന പന്ത് തലയെടുക്കുമെന്ന് തോന്നും. ശ്രമപ്പെട്ട് ഒഴിഞ്ഞു മാറിയാൽ കാലൻ മൂക്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോകും. റിച്ചാർഡ്സ് ഇറങ്ങുന്നത് തലയെടുപ്പുള്ള കൊമ്പനെ പോലെ. ബോളറെ ബഹുമാനിക്കാത്ത അയാൾ അന്തകനാണ്. വിൻഡീസ് ബഹുമാനിക്കുന്ന ഒരേയൊരു ഇന്ത്യൻ ബാറ്റർ സുനിൽ ഗാവസ്കർ. ഓൾഡ് ട്രാഫഡിലെ ആദ്യ കളിയിൽ ഗാവസ്കർ മങ്ങി, പക്ഷേ യശ്പാൽ ശർമയുടെ ചിറകിലേറി ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 34 റൺസിന് അട്ടിമറിച്ചു. രണ്ടാം മൽസരത്തിൽ സിംബാബ്‌വെയെ അഞ്ചു വിക്കറ്റിനു തോൽപിച്ചു. രണ്ടു കളി ജയിച്ചതോടെ വിശ്വാസം വർധിച്ചു. പക്ഷേ ജൂൺ 25ന് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ നേരിടുമെന്ന് പറഞ്ഞാൽ നാട്ടുകാർ പോലും പരിഹസിക്കും.
പത്രക്കാർക്കോ ആരാധകർക്കോ ടീമിൽ വിശ്വാസമില്ല. പക്ഷേ കപിലിന് കുലുക്കമില്ല. അയാൾ പറയുന്നു, ‘കുട്ടിക്കാലത്ത് ഞാൻ കളിക്കാനിറങ്ങുമ്പോൾ അമ്മ പറയും- മോനേ, ജയിച്ചു വാ. ബെസ്റ്റ് ഓഫ് ലക്ക് എന്നു പറയാൻ അറിയില്ല, എല്ലാ കളിയും ജയിക്കാനാണ് ഇറങ്ങുന്നത്, ഭാഗ്യമുണ്ടെങ്കിൽ ജയിക്കാമെന്ന് കരുതാറില്ല.’ എന്നും വിജയിക്കാൻ ആർക്കുമാവില്ല, എന്നാൽ ആ മനോഭാവം ശരീരവും മനസ്സും പൂർണമായും കളിയിൽ അർപ്പിക്കാൻ സഹായിക്കും, വിജയത്തിനുള്ള ആദ്യപടിയാണത്. രണ്ടു കളി ജയിച്ച് തൃപ്തിപ്പെടുന്ന ഇന്ത്യയുടെ ശീലം കപിലിനെ നിരാശനാക്കുന്നു, പക്ഷേ അയാൾ പിന്നോട്ടില്ല. കില്ലർ ഇൻസ്റ്റിംഗ്ക്റ്റ് കുത്തി വയ്ക്കണം.
ഡബിൾ റൗണ്ട് റോബിൻ രീതിലാണ് ടൂർണമെന്റ്. ഗ്രൂപ്പ് എ- ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ശ്രീലങ്ക. ഗ്രൂപ്പ് ബി- വെസ്റ്റിൻഡീസ്, ഇന്ത്യ, ഓസ്‌ട്രേലിയ, സിംബാബ്‌വെ. ടീമുകൾ രണ്ടു തവണ പരസ്പരം കളിക്കും. കൂടുതൽ പോയിന്റ് കിട്ടുന്ന നാലു ടീമുകൾ സെമിയിൽ. വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 34 റൺസിനു വിജയിച്ചു. സിംബാബ്‍വെയോട് അഞ്ച് വിക്കറ്റിനും ജയിച്ചു. ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിൽ കപിൽ അഞ്ചു വിക്കറ്റ് നേടിയെങ്കിലും ഇന്ത്യ 162 റൺസിന് തോറ്റു, റിട്ടേൺ മാച്ചിൽ കരീബിയൻ പട പക വീട്ടി, ഇന്ത്യക്ക് 66 റൺസ് തോൽവി.
ജൂൺ 18ന് ടൺബ്രിഡ്ജ് വെൽസിലെ നിർണായക മൽസരത്തിൽ കപിലിന്റെ ടീം സിംബാബ്‌വെയെ നേരിടുന്നു. അതേദിവസം ലോഡ്സിൽ ഓസ്‌ട്രേലിയ വിൻഡീസിനെതിരെ. അതാണ് ശ്രദ്ധ നേടുന്ന മൽസരം, ഇന്ത്യയുടെ കളിയിൽ അക്കാദമിക് താൽപര്യം കുറവാണ്. ബിബിസിയുടെ ഒരു വിഭാഗം സമരത്തിൽ, അവശേഷിച്ചവർ ലോഡ്സിൽ. ഇന്ത്യയുടെ കളിക്ക് ടെലിവിഷൻ കവറേജില്ല. കളി തോറ്റാൽ പുറത്തുപോകും, കപിലിന്റെ നേതൃത്വവും തെറിക്കും. ടീമിലെ രണ്ടു മുൻനിര ബാറ്റർമാർ പതറുന്നു - ഗാവസ്കർ ഫോമിലല്ല, വെങ്സർക്കറെ വിൻഡീസ് പേസ് പട നേരത്തേ എറിഞ്ഞു വീഴ്ത്തിയിരുന്നു. താടിയെല്ലിൽ ആറ് തുന്നിക്കെട്ടുകൾ, ടൂർണമെന്റിൽ ഇനി കളിക്കില്ല. ഇന്ത്യയുടെ ഇന്നിങ്സ് തുടങ്ങിയപ്പോൾ ചൂടുവെള്ളത്തിൽ സുഖസ്നാനത്തിന് കയറിയ കപിൽ ദേവ് ബഹളം കേട്ട് തിടുക്കത്തിൽ പുറത്തിറങ്ങി ഡ്രസ്സിങ് റൂമിലെ കാഴ്ച കണ്ട് ഞെട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുൻനിര നേരം കളയാതെ കൂടാരം കയറി വന്നിരിക്കുന്നു. പത്തൊമ്പത് റൺസിന് നാല് വിക്കറ്റ്. തയാറെടുപ്പില്ലാതെ ക്യാപ്റ്റൻ ബാറ്റിങ്ങിന് ചാടിയിറങ്ങി. ഇരുപത്തേഴ് റണ്ണിൽ അഞ്ചു വിക്കറ്റ്. ബെസ്റ്റ്! വാലറ്റക്കാരുടെ പിന്തുണയിൽ സ്കോർ മെല്ലെ ഉയർത്തി.
36-ാം ഓവറിൽ ലഞ്ച് ബ്രേക്ക്, ഏകദിനത്തിൽ അന്ന് അറുപത് ഓവറാണ്. ഉച്ചഭക്ഷണത്തിനു വന്ന നായകന് ഒന്നും ദഹിച്ചില്ല, ഇനി പഴി പറഞ്ഞിട്ട് കാര്യവുമില്ല. യശ്പാൽ, തൽവാർ ലീജിയേ! ഉടവാൾ പുറത്തു വന്നു- ഹാൻഡിലിന് നീളം കൂടിയ, ക്വിന്റലടിക്കു പാകമായ മങ്കൂസ് ബാറ്റ്. ക്രീസിൽ തിരിച്ചുവന്ന കപിൽ നടരാജ നൃത്തം തുടങ്ങി, അക്ഷരാർത്ഥത്തിൽ താണ്ഡവം. ആറു സിക്സർ മൂളിപ്പറന്നു പോയി, പവിലിയന്റെ ചില്ലു തകർന്നു. സെഞ്ചറി കടന്നു, നൂറ്റമ്പതും കടന്നു. 171 പിന്നിട്ടപ്പോൾ സ്റ്റാൻഡിങ് ഓവേഷൻ. എന്തിന്? ന്യൂസീലൻഡിന്റെ ഗ്ളെൻ ടർണറുടെ, ഏകദിനത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറിന്റെ റെക്കോർഡ് തകർന്നു വീണു, കപിൽ അറിഞ്ഞതേയില്ല. ഇന്ത്യ: 266/8, കപിൽ 175 നോട്ടൗട്ട്. ഇന്ത്യക്കാരന്റെ ആദ്യ ഏകദിന സെഞ്ചറി. വിജയം 31 റൺസിന്.
ഓസ്ട്രേലിയയെ 118 റൺസിനും ഇന്ത്യ കീഴടക്കി. ഇന്ത്യയുടെ വിജയം ഭാഗ്യം മൂലമാണ് എന്നെഴുതിയ ഇംഗ്ലിഷ് പത്രങ്ങൾ കപിൽ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. ടീമിനെ അധിക്ഷേപിച്ചതിൽ രോഷാകുലരായി, പത്രക്കാർക്ക് ചുട്ട മറുപടി കൊടുക്കണമെന്ന് പറയുന്ന കൂട്ടുകാരെ നായകൻ വിൻഡീസ് ടീമിന്റെ പ്രതികരണം ഓർമിപ്പിക്കുന്നു. 1976ലെ പരമ്പരയ്ക്കു മുൻപ് കൊളോണിയൽ ആധിപത്യം ഓർമിപ്പിച്ച്, വെസ്റ്റിൻഡീസിനെ കടന്നാക്രമിച്ച ഇംഗ്ലിഷ് ക്യാപ്റ്റൻ ടോണി ഗ്രെഗിന് ക്ളൈവ് ലോയ്ഡ് മറുപടി നൽകിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് സ്വന്തം ടീമിന് വ്യക്തമായ നിർദ്ദേശം നൽകി. മൈതാനത്ത് ലോയ്ഡും റിച്ചാർഡ്സും എന്തിനും പോന്ന പേസർമാരും ചേർന്ന് ഇംഗ്ലണ്ടിനെ ചവച്ചു തുപ്പി. അതുപോലെ, നിങ്ങളുടെ രോഷം കളത്തിൽ കാണട്ടെ! പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കപിലിന് ടീമിനെ പ്രചോദിപ്പിക്കാനറിയാം. ആത്മബലത്തിൽ വിശ്വസിക്കുമ്പോൾ വിജയതൃഷ്ണ ഉണരും. കഠിനമായ ജീവിതവഴിയുടെ സൃഷ്ടിയാണ് കപിൽ, മുംബൈ പോലുള്ള വൻനഗരങ്ങളിലെ അക്കാദമി ഉൽപ്പന്നമല്ല. നേരെ വാ നേരെ പോ മനോഭാവമുള്ള ഗ്രാമീണൻ - ഹൃദയം കൊണ്ട് കളിക്കാനേ അയാൾക്കറിയൂ, മധുരം പുരട്ടിയ വാക്കുകളിൽ സംസാരിക്കാൻ അറിയില്ല. നേരെ ചെവ്വേ ഇംഗ്ലിഷ് പറയാൻ പോലുമറിയില്ല.
സെമിയിൽ ഇന്ത്യ ആറു വിക്കറ്റിന് ഇംഗ്ലണ്ടിനെ മറികടന്നു. ബോളിങ്ങിൽ കപിലും റോജർ ബിന്നിയും അമർനാഥും തിളങ്ങി. ബാറ്റിങ്ങിൽ അർധസെഞ്ചറി നേടി യശ്പാൽ ശർമയും സന്ദീപ് പാട്ടീലും നങ്കൂരമിട്ടു. ഫൈനൽ ഇങ്ങെത്തി. തുടർച്ചയായ മൂന്നാം കിരീടം നേടി അധീശത്വം തുടരാൻ കരീബിയൻ പട തയ്യാർ. ഇന്ത്യ ഇവിടെയെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരു വേനൽക്കാല രാവിന്റെ സുന്ദരസ്വപ്നത്തിന് ജൂൺ 25ന് ലോഡ്സിൽ അറുതിയാകുമോ? അതോ അങ്ങകലെ ഇന്ത്യയിൽ പടരുന്ന ക്രിക്കറ്റ് ജ്വരം, അപരനെ സതീർത്ഥ്യനാക്കുന്ന ആ പൊതുവികാരം അസാധ്യ സ്വപ്നത്തെ യാഥാർഥ്യമാക്കുമോ?
ലോഡ്സിൽ മഹാമേരു പോലെ റിച്ചാർഡ്സ് കാത്തിരിക്കുന്നു, ഫൈനൽ കളിക്കേണ്ടത് എങ്ങനെയെന്ന് അയാൾക്ക് വ്യക്തമായി അറിയാം. മറുഭാഗത്ത് ഇന്ത്യയ്ക്ക് ചൂണ്ടിക്കാട്ടാൻ ഒരു സൂപ്പർ താരമില്ല, ഗാവസ്കർ ഏകദിനത്തിൽ ഒരു മാച്ച് വിന്നറല്ല, ടൂർണമെന്റിൽ മികവ് പുലർത്തുന്നുമില്ല. ആരും വലിയ പ്രതീക്ഷ വയ്ക്കാതിരുന്ന ഒരു പറ്റം കളിക്കാരുടെ തുണയിൽ കപിൽ പദ്ധതി മെനയുന്നു - മൊഹീന്ദർ അമർനാഥ്, റോജർ ബിന്നി, മദൻ ലാൽ, സന്ദീപ് പാട്ടീൽ,ബൽവീന്ദർ സിങ് സന്ധു, സയ്യിദ് കിർമാനി. 1975ലെ വെസ്റ്റിൻഡീസിനെ പോലെയാണ് 1983ലെ ഇന്ത്യ. സംഘബലത്തിലൂടെ പുതിയ ചരിത്രം എഴുതാനിരിക്കുന്നു. അതു പുതിയ തലമുറയെ ഉണർത്തും, മിന്നും താരങ്ങളുടെ ഒരു പട പിന്നാലെ വരും, അവരിൽ ഒരാളുടെ പേര് സച്ചിൻ എന്നാകും.
കലാശപ്പോര് തുടങ്ങുന്നു. ടോസ് നേടിയ ക്ളൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഗാവസ്കർ വേഗം മടങ്ങി. ടൂർണമെന്റിൽ അതു വരെ മങ്ങിയ തമിഴ്നാടുകാരൻ ജനപ്രിയൻ ശ്രീകാന്തിന്റെ ബാറ്റ് മിന്നൽ വേഗത്തിൽ ചലിച്ചു. പ്രതിരോധത്തിൽ പണ്ടേ താൽപര്യമില്ല. അശ്വവേഗത്തിൽ കുതിച്ചു വന്ന ആന്റി റോബർട്ട്സിനെതിരെ വെടിച്ചില്ലു പോലൊരു സ്ക്വയർ ഡ്രൈവ്, കണ്ണിമ ചിമ്മുന്നതിനു മുൻപ് പന്ത് അതിർത്തി കടന്നു. പോയിന്റിൽ നിന്ന റിച്ചാർഡ്സ് കയ്യടിച്ചു. ടൂർണമെന്റിലെ ഏറ്റവും മികച്ച ഷോട്ട് - കമന്റേറ്റർ ടോണി ഗ്രെഗ് വിധിയെഴുതി. ഹ്രസ്വമായ കൊടുങ്കാറ്റിനു ശേഷം 38 റൺസുമായി ശ്രീകാന്ത് മടങ്ങി. ആ ഇന്നിങ്സ് അമൂല്യം, ചരിത്രത്തിലെ ഏറ്റവും വിനാശകാരികളായ പേസ് പടയ്ക്കെതിരെ ലോകകപ്പ് ഫൈനലിൽ നാലു പാടും സ്ട്രോക്കുകൾ - ഏഴ് ഫോർ, ഒരു സിക്സർ. കൂട്ടുകാരുടെ ഭയം ഇതോടെ തീരണം.
26 റൺസ് നേടിയ മൊഹീന്ദർ അമർനാഥും 27 റൺസ് നേടിയ സന്ദീപ് പാട്ടീലും പ്രതിരോധം ഉയർത്തിയെങ്കിലും മധ്യനിര തകർന്നു. പക്ഷേ വാലറ്റത്ത് നിർഭയരായി ബാറ്റു വീശിയ മദൻലാലും ബൽവീന്ദറും കിർമാനിയും 50 റൺസ് കൂട്ടിച്ചേർത്തു, 183 റൺസിൽ ഇന്ത്യ ഒതുങ്ങി. ഇടവേളയിൽ നിരാശരായിരുന്ന ടീമിനെ കപിൽ ഉണർത്തി. ഇതൊരു ലോകകപ്പ് ഫൈനലാണ്. നമ്മൾ 183 റൺസേ നേടിയുള്ളൂ, പക്ഷേ 184 നേടാതെ അവർക്കു ജയിക്കാൻ കഴിയില്ല. ഈ ഫൈനൽ നമ്മുടെ സ്വപ്നമാണ്. ലോഡ്സിൽ, ക്രിക്കറ്റിന്റെ പവിത്രഭൂമിയിൽ ഇതൊരു അപൂർവ്വാവസരം. പോയി ആസ്വദിക്കൂ. മനസ്സിൽ ഭയമുണ്ടായാലും നായകൻ അങ്ങനെ തന്നെ പറയണം. വെസ്റ്റിൻഡീസ് ബാറ്റിങ് തുടങ്ങി.
ലോകോത്തര ഓപ്പണർമാർ ഗോർഡൻ ഗ്രിനിഡ്ജും ഡെസ്മണ്ട് ഹെയിൻസും തയ്യാർ. ഇന്ത്യയുടെ ന്യൂബോൾ ബോളർമാർ കപിലും ബൽവീന്ദർ സിങ് സന്ധുവും. സീം കവർ ചെയ്ത് ബാറ്റ്സ്മാനെ കബളിക്കുന്ന ഒരു പന്ത് ബൽവീന്ദർ നെറ്റ്സിൽ എറിയുമായിരുന്നു. റിവേഴ്‌സ് സ്വിങ് അല്ല, അതിന് പഴയ പന്ത് വേണം. ഇത് പുതിയ പന്തിലെ ഒരു കൗശലം. കപിൽ ദേവ് ഒഴികെയുള്ള ഇന്ത്യയുടെ മീഡിയം പേസർമാരെ ഒരു ഭീഷണിയായി വിൻഡീസ് ഓപ്പണർമാർ പരിഗണിക്കുന്നില്ല. പക്ഷേ അനുകൂലമായ സാഹചര്യത്തിൽ അവർ മുറിവുകൾ ഏൽപ്പിക്കും. നെറ്റ്സിലെ ആ ‘പെശക് പന്ത്’ ഓപ്പണർ ഗ്രിനിഡ്ജിനു നേരെ പ്രയോഗിക്കാൻ ഗാവസ്കർ ബൽവീന്ദറിനെ ഉപദേശിക്കുന്നു. ഔട്ട്സ്വിങ്ങർ എന്നു കരുതി ഗ്രീനിഡ്ജ് കളിക്കാതെ വിട്ട പന്ത് ഇൻസ്വിങ്ങറായി ഓഫ് സ്റ്റംപ് ഇളക്കുന്നു. ചെകുത്താന്മാർ രക്തം രുചിച്ചു!
അപ്പോൾ കാലിപ്സോ കിംഗ് വിവിയൻ റിച്ചാർഡ്സിന്റെ ഊഴമായി. ചെകുത്താനെ പോലും പേടിയില്ലാതെ സിംഹഹൃദയനായി ച്യൂയിംഗം ചവച്ച് ഒരു വരവുണ്ട്. ഗാലറിയിൽ കരീബിയൻ സംഗീതം അലയടിക്കുന്നു. ദ്രുതതാളത്തിൽ ആരാധകരുടെ കിന്നരങ്ങൾ, കാറ്റിൽ ഊയലാടുന്ന അവരുടെ മുടിയിഴകൾ. മുട്ടുമടക്കാത്ത ആഫ്രിക്കൻ പാരമ്പര്യം. റിച്ചാർഡ്സ് സംഹാരം ആരംഭിച്ചു, പെട്ടെന്ന് തീർത്തു കളയാം. ഇന്ത്യൻ ബോളർമാർ പ്രഹരമേറ്റ് തളർന്നു, മദൻലാലിനെ നിരന്തരം അതിർത്തി കടത്തി, ഏഴു ബൗണ്ടറി. 28 പന്തിൽ 33 റൺസ്. ആഘാതം താങ്ങാൻ കെൽപില്ലാതെ കപിലിന്റേയും മദൻലാലിന്റേയും ഭാര്യമാർ സ്റ്റേഡിയം വിട്ടു.
മൽസരം കൈവിടുന്നു, ഇത് നിർണായക നിമിഷം; മദൻലാൽ ഒരോവർ കൂടി ചോദിച്ചു വാങ്ങി. റിച്ചാർഡ്സ് കൊല്ലാനുള്ള മൂഡിലാണ്, പക്ഷേ അവിടെ ഒരവസരമുണ്ട്, ഒരു ചൂതാട്ടം. മദൻലാൽ പന്തുമായി ഓടിയടുത്തു. സിക്സറിന് ഹുക്ക് ചെയ്ത റിച്ചാർഡ്സിന് ടൈമിങ് പിഴച്ചു. ഉയർന്നു പൊങ്ങിയ പന്ത് താണു വരുന്നു, രണ്ടു പേർ അത് ലക്ഷ്യമാക്കി പായുന്നു. മുന്നോട്ടോടുന്ന യശ്പാൽ, പിന്നോട്ടോടുന്ന കപിൽ. ‘ഇതെന്റെ’യെന്ന് പറഞ്ഞ് യശ്പാലിനെ നിശ്ചലനാക്കിയ കപിൽ പന്തിനെ സുരക്ഷിതമായി ഏറ്റുവാങ്ങി, ഇന്ത്യയുടെ ഹൃദയം ആ കൈകളിൽ ഭദ്രം.
രാജാവ് വീണു, എന്തൊരു നിമിഷം! വർധിതവീര്യരായി ഇന്ത്യ പാഞ്ഞു കയറി. മിലിട്ടറി മീഡിയം പേസർമാർ കളം ഭരിച്ചു. സ്ലിപ്പിൽ ഗാവസ്കറുടെ കൈകൾ സുരക്ഷിതം. കപിൽ ദേവ് മുന്നിൽ നിന്നു നയിച്ചു. അമർനാഥിന് ഏഴ് ഓവറിൽ 12 റൺസിന് മൂന്ന് വിക്കറ്റ്. ഓൺറൗണ്ട് മികവിൽ സെമിയിലും ഫൈനലിലും കളിയിലെ കേമൻ. വിജയലഹരിയിൽ കാണികൾ മൈതാനം കയ്യേറി, ആനന്ദം തോരാതെ പെയ്ത രാവിൽ നുരഞ്ഞു പൊട്ടിയ ഷാംപെയിൻ കുപ്പികളുടെ ബില്ല് ആര് കൊടുക്കുമെന്ന് ക്യാപ്റ്റൻ കപിൽ ഭയന്നു. ടൂർണമെന്റിൽ ഉടനീളം പരിമിത വിഭവങ്ങളാലും സാമ്പത്തിക പരാധീനതയാലും അവർ വലഞ്ഞിരുന്നു. ക്രിക്കറ്റ് കൺട്രോൾ ബോർഡ് പാരിതോഷികമായി പ്രഖ്യാപിച്ച ഇരുപത്തയ്യായിരം രൂപ ഒരാൾക്ക് വീതമാണോ അതോ ടീമിന് മൊത്തമായാണോ എന്നുപോലും സംശയിച്ചു. പക്ഷേ പരിമിതികൾക്കിടയിലും അവർ കൈമെയ് മറന്നു കളിച്ചു. ഫ്രഞ്ച് റൊമാൻസ് നോവലിസ്റ്റ് അലക്സാണ്ടർ ഡ്യൂമയുടെ 'ത്രീ മസ്കറ്റിയേഴ്സിലെ' ഡാർട്ടാന്യൻ പറഞ്ഞതു പോലെ - All for one, one for all.
ശേഷം സ്ക്രീനിൽ
ആ രാത്രിയിൽ ഇന്ത്യയിൽ ക്രിക്കറ്റ് ഭ്രാന്ത് ജനിച്ചു. 1983ൽ ചോര തിളച്ച അനേകം കുട്ടികളിൽ ഒരാളായ കബീർ ഖാന്റെ ഉചിതമായ ഒരു സ്മരണാജ്ഞലിയാണ് ‘83’ എന്ന സിനിമ. 260 കോടി രൂപ ബജറ്റിൽ യാതൊരു ഒത്തു തീർപ്പിനും വഴങ്ങാതെ, ഉന്നത നിലവാരത്തിൽ നിർമിച്ച ആവേശകരമായ സ്പോർട്സ് ഡ്രാമ. നാടകീയത നിർമിക്കേണ്ടി വന്നില്ല, യഥാർത്ഥ കഥയിൽ അത് ധാരാളമായി ഉണ്ടായിരുന്നു. സങ്കൽപ്പത്തേക്കാൾ ആവേശകരമാണ് ജീവിതം, പക്ഷേ ഇതിഹാസം ഉണ്ടാകുന്നത് രണ്ടര മണിക്കൂർ കൊണ്ടല്ല. അതിന്റെ കഠിനമായ, വിരസമായ പ്രധാന ഭാഗങ്ങൾ ജനദൃഷ്ടിയിൽ നിന്നകലെയാണ് സംഭവിക്കുക. കയ്യടി നേടുന്നതിനു മുൻപു ഭാവിനായകർ കല്ലേറും നേരിടും.
മൈതാനത്തും പുറത്തുമുള്ള അതീവ രസകരവും ആവേശകരവുമായ ഗതിവിഗതികൾ കോർത്തിണക്കിയ തിരക്കഥയാണ് ഈ സിനിമയുടെ ബലം. ചെകുത്താന്മാർ ആസ്വദിച്ചാണ് കളിച്ചത്, അവർക്കിടയിൽ ആഴമുള്ള സൗഹൃദം ഉണ്ടായിരുന്നു. സിനീയർ താരങ്ങൾക്ക് കപിലിനെ വിശ്വാസവുമുണ്ടായിരുന്നു. നായകൻ മുന്നിൽനിന്നു നയിച്ച് ബഹുമാനം നേടി. യശ്പാൽ ഒഴികെ അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ആരേയും മുറിവേൽപ്പിക്കാതെ ഡ്രസിങ് റൂമിലേയും ഹോട്ടലിലേയും സാഹസങ്ങൾ വിവരിച്ച് സിനിമയെ വിനോദകരമാക്കി. കപിലിന്റെ ഇംഗ്ലിഷ് ഭാഷയിലുള്ള പ്രശ്നങ്ങൾ നർമരസപ്രദമായി അവതരിപ്പിച്ചു, കപിൽ പോലും അത് ആസ്വദിച്ചു. ഈ കഥകൾ നായകന്റെ കൂട്ടുകാരാണ് മടിയില്ലാതെ കബീർ ഖാന് പറഞ്ഞു കൊടുത്തത്.
ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളായി വളരുന്ന രൺവീർ സിങ്ങിന്റെ അർപ്പണബോധവും തുണയായി. നായകനായി അയാൾ തിരശ്ശീലയിൽ ജീവിച്ചു. ബോളിങ്ങിൽ കപിലും ബാറ്റിങ്ങിൽ സച്ചിനും അയാളെ പരിശീലിപ്പിച്ചു. നടരാജ് ഷോട്ടിൽ കപിൽ പ്രത്യേക പരിശീലനം നൽകി. നടന്മാരെല്ലാം ഇംഗ്ലണ്ടിലും ഇന്ത്യയിലും നെറ്റ് പ്രാക്ടീസ് നടത്തി തയാറെടുത്തു. സ്കോട്ട്ലൻഡിലെ എഡിൻബറയിലും ഗ്ളാസ്ഗോയിലും, ഇംഗ്ലണ്ടിലെ ടൺബ്രിഡ്ജ് വെൽസിലും ഓവലിലും ചിത്രീകരണം നടന്നു. ഷൂട്ടിങ്ങിന് എളുപ്പത്തിലൊന്നും കിട്ടാത്ത ലോഡ്സിലെ ലോക്കർറൂമിലും ബാൽക്കണിയിലും വരെ അവരെത്തി. 1983-നെ ആദരിക്കാൻ ഈ ഉദ്യമം വേണമായിരുന്നു, അത് ആസാദ്യകരമായി.
83-നു ശേഷം കപിൽ ഇന്ത്യയുടെ വികാരമായി. ക്യാപ്റ്റനായും കളിക്കാരനായും മാതൃകാ പുരുഷനായും അയാൾ രാജ്യത്തിന്റെ മനോമുകുരത്തിൽ കയറി; ചരിത്രത്തിന്റെ, കഥകളുടെ ഭാഗമായി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായി. കാലാന്തരത്തിൽ റെക്കോഡുകൾ തകർന്നു, മാറ്റത്തിന് വിധേയമായ കളിയിൽ ഒരിക്കലും തകരാതെ കപിലിന്റെ ഒരു ടെസ്റ്റ് റെക്കോർഡ് അവശേഷിക്കും - 5248 റൺസ്, 434 വിക്കറ്റ്. ഏകദിനത്തിലെ 3700 റൺസും 253 വിക്കറ്റും ഫീൽഡിങ് മികവും നേതൃത്വ ഗുണവും ചേരുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ഓൾറൗണ്ടർ. സോബേഴ്സ്, ബോതം, ഇമ്രാൻ, ഹാഡ്‍ലി എന്നിവർ ഉൾപ്പെട്ട എലീറ്റ് ക്ലബിലെ അംഗം. 1983ൽ രാജ്യത്തിന്റെ ഭാവന പിടിച്ചടക്കിയ കപിൽ അത് പിന്നീടൊരിക്കലും കൈവിട്ടില്ല, ക്രിക്കറ്റ് ഭ്രാന്ത് നിറഞ്ഞ തെരുവുകളിൽ അയാൾ പലരായി വീണ്ടും ജനിച്ചു കൊണ്ടിരുന്നു.
English Summary: India's World Cup Win in 1983, A Memoir