ഇന്ത്യ ഭാഗ്യം കാരണം ലോകകപ്പ് ജയിച്ചു, മികച്ച പ്രകടനങ്ങളില്ല: വിൻഡീസ് ഇതിഹാസം
Mail This Article
മുംബൈ∙ 1983 ലോകകപ്പ് ഇന്ത്യ ഭാഗ്യം കൊണ്ട് ജയിച്ചതാണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ആൻഡി റോബർട്സ്. വെസ്റ്റിൻഡീസ് ഫാസ്റ്റ് ബോളിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന ആൻഡി റോബർട്സ് 1975, 1979 ലോകകപ്പുകൾ ജയിച്ച ടീമുകളിലുണ്ടായിരുന്നു. 1983 ലോകകപ്പ് ഫൈനലിൽ ആൻഡി റോബർട്സ് ഉൾപ്പെട്ട വിൻഡീസ് ടീമിനെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയുടെ ഒരു താരത്തിന്റെയും പ്രകടനം മികച്ചതെന്നു പറയാനില്ലെന്നും റോബർട്സ് വ്യക്തമാക്കി.
‘‘ ഞങ്ങൾക്ക് അതു മോശം കളിയായിരുന്നു. 1983ൽ ഇന്ത്യയെ ഭാഗ്യം തുണച്ചു. ഇത്രയും വലിയൊരു ടീം ഉള്ള വെസ്റ്റിൻഡീസ് 1983 ൽ രണ്ടു കളികളാണ് തോറ്റത്, അതു രണ്ടും ഇന്ത്യയോടായിപ്പോയി. ലോകകപ്പിനു അഞ്ചോ, ആറോ മാസങ്ങൾക്കു ശേഷം വെസ്റ്റിൻഡീസ് ഇന്ത്യയെ 6–0ന് തോൽപിച്ചിട്ടുണ്ട്. ഫൈനലിൽ ഭാഗ്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു.’’– ആന്‍ഡി റോബർട്സ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ മികച്ചതെന്നു പറയാൻ ഒരു ഇന്നിങ്സ് പോലുമില്ല. ആർക്കും അര്‍ധ സെഞ്ചറി ലഭിച്ചില്ല. ബോളർമാരുടെ കാര്യമാണെങ്കിൽ ആരും നാലോ, അഞ്ചോ വിക്കറ്റുകളൊന്നും നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മികച്ചതെന്നു പറയാവുന്ന വ്യക്തിഗത പ്രകടനം ഇന്ത്യയ്ക്കില്ല. വിവിയൻ റിച്ചാർഡ്സിന്റെ പുറത്താകലാണ് വെസ്റ്റിൻഡീസിനു തിരിച്ചടിയായത്. അതിൽനിന്നു ഞങ്ങൾക്കു കരകയറാൻ സാധിച്ചില്ല.’’–ആൻഡി റോബർട്സ് പ്രതികരിച്ചു.
English Summary: Luck Went India's Way, No One Was Impressive: West Indies Great On 1983 World Cup