എന്നെ നിലനിർത്താൻ എല്ലാം ചെയ്യുമെന്നു പറഞ്ഞു: ആർസിബി കൈവിട്ടതെന്ന് ചെഹൽ

Mail This Article
മുംബൈ∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനെതിരെ രൂക്ഷവിമർശനമുയര്‍ത്തി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. ടീമിൽനിന്ന് ഒഴിവാക്കിയ ശേഷം ലേലത്തിനു മുന്‍പ് ബാംഗ്ലൂർ ടീമിൽനിന്ന് ആരും തന്നെ വിളിച്ചില്ലെന്ന് ചെഹൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘‘എനിക്ക് അതിൽ വളരെയേറെ സങ്കടമുണ്ട്. ആർസിബിയിലാണു ഞാന്‍ കളി തുടങ്ങിയത്. എട്ട് വർഷത്തോളം അവർക്കായി കളിച്ചു. അവർ കാരണമാണ് ഞാൻ ഇന്ത്യൻ ടീമിലെത്തിയത്. തുടക്കം മുതൽ വിരാട് ഭയ്യ എന്നിൽ വിശ്വാസമർപ്പിച്ചു. എട്ട് വർഷം കൊണ്ട് ഞങ്ങൾ ഒരു കുടുംബം പോലെയായി. അവിടെ കളിക്കാൻ ഞാൻ ഒരുപാട് പണം ചോദിച്ചെന്നൊക്കെയാണ് ചില റിപ്പോർട്ടുകളിലുണ്ടായിരുന്നത്. എന്നാൽ അതൊന്നും സത്യമല്ല.’’– ചെഹൽ അഭിമുഖത്തിൽ പറഞ്ഞു.
‘‘ബാംഗ്ലൂരിനായി 140 മത്സരങ്ങൾ കളിച്ച താരമാണു ഞാന്‍. എന്നാൽ വളരെ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. എന്നെ സ്വന്തമാക്കാനായി ലേലത്തിൽ എല്ലാം ചെയ്യുമെന്ന് ആർസിബി ഫ്രാഞ്ചൈസി ഉറപ്പു നൽകിയിരുന്നു. ലേലത്തിന് ശേഷം എനിക്കു ദേഷ്യം വന്നു. ഞാൻ അവർക്കായി എട്ടു വർഷം കളിച്ചു. ചിന്നസ്വാമി സ്റ്റേഡിയമാണ് എന്റെ പ്രിയപ്പെട്ട മൈതാനം. ആർസിബിയുടെ നടപടി വളരെ മോശമായാണ് എനിക്കു തോന്നിയത്. രാജസ്ഥാൻ റോയൽസും ആർസിബിയും തമ്മിലുള്ള മത്സരം വന്നപ്പോൾ അവരുടെ പരിശീലകരോടു ഞാൻ സംസാരിച്ചില്ല.’’– ചെഹൽ വ്യക്തമാക്കി.
‘‘രാജസ്ഥാൻ റോയൽസിൽ ചേർന്നതോടെ ഞാന്‍ ഡെത്ത് ഓവറുകളിൽ പന്തെറിയാൻ തുടങ്ങി. ബാംഗ്ലൂരിൽ കളിക്കുമ്പോൾ 16, 17 ഓവറിലൊക്കെ എന്റെ ക്വാട്ട പൂർത്തിയാക്കുമായിരുന്നു. റോയൽസിൽ ഞാൻ അഞ്ചു മുതൽ പത്തു ശതമാനം വരെ കൂടുതൽ മെച്ചപ്പെട്ടു. എന്തു നടന്നാലും അതു നല്ലതിനാണെന്ന് അപ്പോൾ മുതൽ ഞാൻ വിശ്വസിച്ചു തുടങ്ങി. രാജസ്ഥാനൊപ്പം ചേർന്നത് എന്നെ വളരേയേറെ സഹായിച്ചു.’’– ചെഹൽ പ്രതികരിച്ചു. 2022 ലെ ഐപിഎൽ താരലേലത്തിലാണ് ചെഹൽ രാജസ്ഥാൻ റോയൽസിലെത്തിയത്.
English Summary: Yuzvendra Chahal reveals inside story over RCB