കോലിക്കും രോഹിത്തിനും വിശ്രമം; കരുത്ത് തെളിയിച്ച് യങ് ഇന്ത്യ, കീപ്പർ സ്ഥാനം ഭദ്രമാക്കി ഇഷാന്
Mail This Article
ട്രിനിഡാഡ് ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ 200 റൺസിന്റെ കൂറ്റൻ ജയത്തെക്കാൾ ഇന്ത്യയെ സന്തോഷിപ്പിക്കുന്നത് യുവതാരങ്ങളുടെ പ്രകടനമാണ്. രണ്ടാം മത്സരത്തിനു പിന്നാലെ പരമ്പര നിർണയിക്കുന്ന മൂന്നാം മത്സരത്തിലും സീനിയർ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും വിശ്രമം അനുവദിക്കാൻ തീരുമാനിച്ചത് തുടക്കത്തിൽ വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും യുവതാരങ്ങളുടെ മികവിലൂടെ ആ വിമർശനങ്ങളെ മറികടക്കാൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും സംഘത്തിനും സാധിച്ചു.
ഇഷൻ കിഷൻ (77), ശുഭ്മൻ ഗിൽ (85), സഞ്ജു സാംസൺ (59), ഹാർദിക് പാണ്ഡ്യ (70*) എന്നിവരുടെ അർധ സെഞ്ചറികളുടെ ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ വിൻഡീസിന്റെ പോരാട്ടം 35.3 ഓവറിൽ 151 റൺസിൽ അവസാനിച്ചു.
ബാറ്റിങ്ങിനു പുറമേ ബോളിങ്ങിലും യുവതാരങ്ങൾ മികവുകാട്ടി. മുകേഷ് കുമാർ (3 വിക്കറ്റ്), ഷാർദൂൽ ഠാക്കൂർ (4), കുൽദീപ് യാദവ് (2) എന്നിവരുടെ പ്രകടനം ഏറെക്കാലമായി പ്രതിസന്ധിയിൽ തുടരുന്ന ഇന്ത്യൻ ബോളിങ് നിരയ്ക്കു പ്രതീക്ഷ നൽകുന്നു. പരമ്പരയിൽ തുടർച്ചയായ മൂന്നാം അർധ സെഞ്ചറി നേട്ടത്തോടെ, ഋഷഭ് പന്തിന്റെ അഭാവത്തിൽ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനം തന്റെ കൈകളിൽ ഭദ്രമാണെന്ന് ഇഷൻ കിഷൻ തെളിയിച്ചു. കിഷൻ തന്നെയാണ് പരമ്പരയിലെ താരവും.
ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല: ഹാർദിക് പാണ്ഡ്യ
ട്രിനിഡാഡ് ∙ ഇന്ത്യൻ ടീമിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന് സാധിച്ചില്ലെന്ന് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. ടീമുകളുടെ യാത്രയും താമസവും സംബന്ധിച്ച കാര്യങ്ങൾ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അൽപം കൂടി ശ്രദ്ധിക്കണം. ആഡംബരങ്ങളൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. അടുത്ത തവണ ഇവിടെ കളിക്കാൻ വരുമ്പോൾ എല്ലാം മാറുമെന്നു പ്രതീക്ഷിക്കുന്നു– പാണ്ഡ്യ പറഞ്ഞു.
English Summary: Team India defeated West Indies by 200 runs, Clinch Series 2-1