കാൽ അനങ്ങിയാൽ ഔട്ടാക്കും, ധോണി സ്റ്റൈലിന് ശ്രമിച്ചു; ഇഷാന്റെ നീക്കം പാളി- വിഡിയോ
Mail This Article
പ്രോവിഡൻസ്∙ വിക്കറ്റിനു പിന്നിൽ ‘ധോണി സ്റ്റൈല്‍’ സ്റ്റംപിങ്ങിനു ശ്രമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ റോവ്മൻ പവലിനെ സ്റ്റംപ് ചെയ്തു പുറത്താക്കാനായിരുന്നു ഇഷാൻ കിഷന്റെ ശ്രമം. വിൻഡീസ് ബാറ്റിങ്ങിനിടെ യുസ്‍വേന്ദ്ര ചെഹൽ എറിഞ്ഞ ഏഴാം ഓവറിലായിരുന്നു ഇഷാൻ കിഷന്റെ നീക്കം. ചെഹലിന്റെ പന്ത് കയ്യില്‍ കിട്ടിയ ഇഷാൻ റോവ്മൻ പവൽ ക്രീസിൽനിന്ന് കാലുയർത്താൻ വേണ്ടി കാത്തിരുന്നു.
സെക്കൻഡുകളുടെ വ്യത്യാസത്തിൽ പവൽ ബാക്ക്ഫൂട്ട് ഒന്നുയർത്തി ക്രീസിൽ തന്നെ നിലയുറപ്പിച്ചു. ഇതിനിടെ ഇഷാൻ കിഷൻ സ്റ്റംപ് ചെയ്ത് അപ്പീൽ പോയി. എന്നാല്‍ അംപയര്‍മാരുടെ റിവ്യൂവിൽ ഔട്ടല്ലെന്നു തെളിഞ്ഞു. മുൻപ് ബംഗ്ലദേശിനെതിരായ മത്സരത്തിൽ എം.എസ്. ധോണി സമാനമായ രീതിയിൽ മിന്നൽ സ്റ്റംപിങ് നടത്തിയിരുന്നു. ബംഗ്ലദേശ് താരം സാബിർ റഹ്മാനെയാണ് ധോണി പുറത്താക്കിയത്.
എന്നാൽ ഇഷാൻ കിഷന്റേത് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത നീക്കമാണെന്ന് ആരാധകരിൽ ചിലർ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. വെസ്റ്റിൻഡീസിനെതിരെ ബാറ്റിങ്ങിൽ വലിയ സ്കോർ കണ്ടെത്താൻ ഇഷാന് സാധിച്ചിരുന്നില്ല. 23 പന്തുകൾ നേരിട്ട താരം 27 റൺസെടുത്തു പുറത്തായി. റൊമാരിയോ ഷെഫേഡിന്റെ പന്തിൽ താരം ബോൾഡാകുകയായിരുന്നു.
രണ്ടാം ട്വന്റി20യിൽ രണ്ട് വിക്കറ്റ് വിജയമാണു വെസ്റ്റിൻഡീസ് നേടിയത്. ഇന്ത്യ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ വിൻഡീസ് മറികടന്നു. ജയത്തോടെ വിൻഡീസ് പരമ്പരയിൽ 2–0ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 ചൊവ്വാഴ്ച പ്രൊവിഡൻസിൽ നടക്കും. ഈ കളി തോറ്റാല്‍ ഇന്ത്യയ്ക്കു പരമ്പര നഷ്ടമാകും. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് നാല് റൺസിന് വിജയിച്ചിരുന്നു.
English Summary: Ishan Kishan attempt Dhoni style stumping against West Indies