ഫോമിലേക്ക് ഉയർന്ന് സഞ്ജു; ഏഷ്യാക്കപ്പ് ടീമിൽ ഇടം നേടുമോ?
.jpg?w=1120&h=583)
Mail This Article
ഡബ്ലിൻ ∙ ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം അയർലൻഡിനെതിരെ താരം പുറത്തെടുത്ത വെടിക്കെട്ട് പ്രകടനം പ്രതീക്ഷകൾക്ക് കരുത്തേകുന്നു. മത്സരത്തിൽ 26 പന്തു നേരിട്ട സഞ്ജു 153.85 സ്ട്രൈക്ക് റേറ്റിൽ 40 റൺസാണ് നേടിയത്. 5 ഫോറും ഒരു സിക്സുമുൾപ്പെടുന്നതാണ് ഇന്നിങ്സ്.
ഉപനായകൻ ഗെയ്ക്‌വാദിനൊപ്പം 71 റൺസ് കൂട്ടിച്ചേർത്ത സഞ്ജു, ടീമിനെ ഉയർന്ന സ്കോറിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നാലാം നമ്പർ ബാറ്ററെ കണ്ടെത്താനായി ടീം മാനേജ്മെന്റ് തല പുകയ്ക്കുന്നതിനിടെയാണ് താരത്തിന്റെ പ്രകടനം ചർച്ചയാകുന്നത്. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റർമാരായ ഇഷാൻ കിഷനെയും കെ.എൽ. രാഹുലിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.
പരുക്കിൽനിന്ന് മോചിതനായി രാഹുല്‍ ടീമില്‍ എത്തുകയാണെങ്കിൽ ആരാധകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവും. ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ സംഘത്തെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഓഗസ്റ്റ് 30നാണ് ഏഷ്യാക്കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 2ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റ് ആയതിനാൽ മത്സരങ്ങളെ ഗൗരവത്തോടെയാണ് ടീം മാനേജ്മെന്റ് നോക്കിക്കാണുന്നത്.
English Summary: Sanju Samson returns to form ahead of team selection for asia cup