ADVERTISEMENT

ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ അവസാന ലാപ്പാണ് ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വൻകരയിലെ കിരീട പോരാട്ടം. എന്നാൽ പരീക്ഷണങ്ങൾക്കുള്ള സമയം അതിക്രമിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ആവനാഴിയിലെ ആയുധങ്ങൾക്കെല്ലാം മൂർച്ചകൂട്ടാനാകും ഓരോ ടീമും കച്ചകെട്ടുകയെന്നുറപ്പാണ്. ഏഷ്യാ കപ്പിലും കിരീട സാധ്യതയിൽ മുന്നിൽ ഇന്ത്യ തന്നെയാണെങ്കിലും രോഹിത്തിനും സംഘത്തിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് കണക്കുകളും മറ്റ് ടീമുകളുടെ സമീപകാല പ്രകടനങ്ങളും വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്കൊപ്പം തന്നെ കിരീട സാധ്യതകളിൽ മുന്നിലാണ് പാക്കിസ്ഥാനും. ശ്രീലങ്കയും രണ്ടും കൽപ്പിച്ചു തന്നെ. കറുത്ത കുതിരകളാകാൻ അഫ്ഗാനിസ്ഥാനും ബംഗ്ലദേശും. കന്നി ഏഷ്യകപ്പിൽ നേപ്പാളിന്റെ പ്രകടനവും നിർണായകമാകും.

ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ഏഷ്യ കപ്പിലെ കലാശപോരാട്ടം സെപ്റ്റംബർ 17നാണ്. ആറ് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാനും ശ്രീലങ്കയും. മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായുള്ള തയാറെടുപ്പുകളിൽ ടീമുകളെ സഹായിക്കുംവിധം 50 ഓവർ ഫോർമാറ്റിലാണ് മത്സരം. ഗ്രൂപ്പ് പോരാട്ടത്തിൽ മുന്നിലെത്തുന്ന നാല് ടീമുകൾ സൂപ്പർ ഫോറിൽ നേർക്കുനേർ വരും. വിജയികൾ കലാശപോരാട്ടത്തിലും ഏറ്റുമുട്ടും. 13 മത്സരങ്ങളിൽ ഫൈനൽ ഉൾപ്പടെ ഒൻപത് മത്സരങ്ങൾക്കും വേദിയാകുന്നത് ശ്രീലങ്കയാണ്. ഉദ്ഘാടന മത്സരമടക്കം നാല് പോരാട്ടങ്ങളാണ് പാക്കിസ്ഥാനിൽ നടക്കുക.

ഇന്ത്യൻ സാധ്യതകൾ

ടീം പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങൾ ഒരു പരിധിവരെ പ്രതിരോധിക്കാൻ ബിസിസിഐയ്ക്കും നായകൻ രോഹിത്തിനും സാധിച്ചിട്ടുണ്ട്. എന്നാൽ വിമർശനങ്ങൾക്കുള്ള മറുപടി സമ്പൂർണമാകാൻ കിരീടനേട്ടം അനിവാര്യമാണ്. നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കിരീടസാധ്യതയേറെയുള്ള ടീം തന്നെയാണ് ഇന്ത്യ. നായകൻ രോഹിത്തും വിരാട് കോലിയും നേതൃത്വം നൽകുന്ന ബാറ്റിങ് നിരയുടെ പ്രകടനമാകും നിർണായകമാകുക. ബോളിങ്ങിൽ പേസ് കുന്തമുന ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കുന്നു. ഒപ്പം മുഹമ്മദ് ഷമിയും സിറാജും കുൽദീപ് യാദവും. മധ്യനിരയിൽ ഓൾറൗണ്ട് മികവുമായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമെത്തുന്നതോടെ സന്തുലിതമാണ് ടീം ഇന്ത്യ. ഏത് ഘട്ടത്തിലും മത്സരം തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റിന്റെ പ്രകടനത്തിലും ഇന്ത്യ ആശ്രയിക്കും.

അടുത്തിടെ ഓസ്ട്രേലിയ, വിൻഡീസ് ടീമുകൾക്കെതിരെ ആധിപത്യം നേടാനായില്ലെങ്കിലും പ്രകടനം മികച്ചതായിരുന്നുവെന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ അഭിപ്രായപ്പെടുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം (ഏഴ്) കിരീടത്തിൽ മുത്തമിട്ട ടീമിന്റെ കഴിഞ്ഞ വർഷത്തെ പ്രകടനം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇത്തവണ അതിന് മറുപടി കൊടുക്കേണ്ടതുമുണ്ട്. അതിന് മുതിർന്ന താരങ്ങൾക്കൊപ്പം തന്നെ യുവപ്രതിഭകളുടെ മികവും സ്വാധീന ശക്തിയാകും. ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർ അവസരങ്ങൾ എങ്ങനെ വിനയോഗിക്കുന്നുവെന്ന് കാത്തിരുന്നു തന്നെ കാണണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മികച്ച വിജയനിരക്കാണ് ഇന്ത്യയ്ക്കുള്ളത്.

സ്ഥിരതയാർന്ന ബാറ്റിങ് ലൈൻഅപ്പ്, പാക്കിസ്ഥാന്റെ കരുത്ത്

ടൂർണമെന്റിൽ ഇന്ത്യയ്ക്കൊപ്പം തന്നെ അല്ലെങ്കിൽ ഇന്ത്യയേക്കാൾ കിരീട സാധ്യത കൽപ്പിക്കുന്ന ടീം ആതിഥേയ രാജ്യം കൂടിയായ പാക്കിസ്ഥാനാണ്. ബാബർ അസം നയിക്കുന്ന ലോക ഒന്നാം നമ്പർ ടീമിൽ ക്രിക്കറ്റ് പ്രേമികൾക്ക് പ്രതീക്ഷകളേറെയാണ്. സമീപകാല പ്രകടനങ്ങളെല്ലാം പാക്കിസ്ഥാന്റെ മികവ് അടിവരയിടുന്നതാണ്. ന്യൂസിലൻഡ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരെ നേടിയ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാൻ ഏഷ്യ കപ്പിലേക്കെത്തുന്നത്.

ബാറ്റിങ് നിര തന്നെയാണ് പാക്കിസ്ഥാന്റെ പ്രധാന കരുത്ത്. ബാബർ അസം, ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ എന്നിവരുടെ സ്ഥിരതയാർന്ന പ്രകടനവും വെടിക്കെട്ട് ഫോമുമാണ് പാക്കിസ്ഥാന്റെ കിരീട സാധ്യതകളുടെ അടിസ്ഥാനം. ശതാബ് ഖാൻ - മുഹമ്മദ് നവാസ് സ്പിൻ കൂട്ടുകെട്ടും ഷഹീൻ അഫ്രീദിയുടെ പേസ് ആക്രമണവും ഏതു ലോകോത്തര ബാറ്ററെയും വെള്ളംകുടിപ്പിക്കാൻ പോന്നതാണ്. സ്വന്തം നാട്ടിലെ മത്സരങ്ങളും പാക്കിസ്ഥാന് അനുകൂല ഘടകമാണ്. 

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങൾ
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങൾ

കിരീടധാരണത്തിന് ലങ്കയും

കിരീട നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്ക ഇത്തവണ ഏഷ്യാ കപ്പിനിറങ്ങുന്നത്. ദസുൻ ഷനക നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് യുവത്വമാണ്. ഒപ്പം കുശാൽ മെൻഡിസ്, വാനിന്ദു ഹസരങ്ക തുടങ്ങിയ പരിചയസമ്പന്നരും അണിനിരക്കുമ്പോൾ കിരീട സാധ്യതകളിൽ ശ്രീലങ്കയും സജീവമാകും. ശ്രീലങ്കൻ ക്രിക്കറ്റ് അതിന്റെ തിരിച്ചുവരവിന്റെ പാതയിലാണ്.

ലങ്കൻ പ്രീമിയർ ലീഗ് താരങ്ങളുടെ പ്രഫഷനൽ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്നു. എൽപിഎല്ലിലും താരം ഹസരങ്ക തന്നെയായിരുന്നു. തന്റെ ഓൾറൗണ്ട് മികവ് ടൂർണമെന്റിലുടനീളം പുറത്തെടുത്ത ഹസരങ്ക അതേ പ്രകടനം ഏഷ്യാ കപ്പിലും പുറത്തെടുത്താൽ ലങ്കൻ ടീമിന് അത് വലിയ മുതൽകൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഏഷ്യൻ വൻകരയിലും ഏഷ്യാ കപ്പിലും ഇന്ത്യയെ പോലെ തന്നെ കണക്കുകളിൽ മുൻനിരയിലാണ് ശ്രീലങ്ക. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കിരീട നേട്ടവുമായാണ് വൻകരയിലെ പോരാട്ടത്തിനെത്തുന്നത് എന്നത് ലങ്കൻ പ്രതീക്ഷകളും സജീവമാക്കുന്നു.

ശ്രീലങ്കൻ താരങ്ങളുടെ ആഹ്ലാദം. Photo: Twitter@SrilankaCricket
ശ്രീലങ്കൻ താരങ്ങളുടെ ആഹ്ലാദം. Photo: Twitter@SrilankaCricket

കറുത്ത കുതിരകളാകുമോ?

കിരീട സാധ്യതകളിൽ മുൻനിരയിൽ ഈ ടീമുകളാണെങ്കിൽ ടൂർണമെന്റിൽ കറുത്ത കുതിരകളാകാൻ സാധ്യത അഫ്ഗാനിസ്ഥാനും ബംഗ്ലദേശുമാണ്. ഏത് ദിവസവും തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുന്ന കരുത്തുറ്റ യുവനിരയാണ് അഫ്ഗാനിസ്ഥാന്റെ മികവ്. പല വമ്പന്മാരെയും അട്ടിമറിച്ച ചരിത്രമുള്ള അഫ്ഗാനിസ്ഥാൻ നിലവിൽ ലോകക്രിക്കറ്റിലെ സജീവ സാനിധ്യമാണ്. റാഷിദ് ഖാൻ തന്നെയാകും അഫ്ഗാൻ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുക. അഫ്ഗാനിസ്ഥാനൊപ്പം മുൻനിര ടീമുകളുടെ മുന്നേറ്റത്തിന് തടയിടാനും കിരീട പോരാട്ടത്തിന്റെ തന്നെ ഭാഗമാകാനും ബംഗ്ലദേശിനും സാധിച്ചേക്കും. അനുഭവസമ്പത്തിന്റെ ബലത്തിലാണ് ബംഗ്ലദേശ് ഇത്തവണ കളത്തിലിറങ്ങുന്നത്.

English Summary: Asia Cup 2023, Team Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com