ഗില്ലും കോലിയും കത്തിക്കയറിയ പരീക്ഷ, കിവീസിന്റെ മിനിമം സ്കോർ 20 ന് മുകളിൽ; എന്താണ് യോയോ?
Mail This Article
ന്യൂഡൽഹി ∙ കളിക്കാരുടെ ശാരീരികക്ഷമത അളക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്കിടയിൽ നടത്തിയ യോയോ ടെസ്റ്റിൽ ഓപ്പണർ ശുഭ്മൻ ഗിൽ ഒന്നാമതെത്തി. ഗില്ലിന് 18.7 പോയിന്റ് ലഭിച്ചെന്നാണ് വിവരം. താരങ്ങളുടെ കായിക ക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. കുറഞ്ഞത് 16.5 പോയിന്റ് എങ്കിലും നേടിയാൽ മാത്രമേ ടെസ്റ്റ് പാസാവുകയുള്ളൂ.
സാധാരണയായി കളിക്കാരുടെ യോയോ ടെസ്റ്റ് സ്കോർ പുറത്തുവിടാറില്ല. എന്നാൽ കഴിഞ്ഞ ദിവസം, യോയോ ടെസ്റ്റിൽ തനിക്ക് 17.2 പോയിന്റ് ലഭിച്ചതായി വിരാട് കോലി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. 6 വർഷം മുൻപ്, അന്നത്തെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് ശങ്കർ ബസുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീമിൽ യോയോ ടെസ്റ്റ് നടപ്പാക്കാൻ തീരുമാനിച്ചത്. അന്ന് 16.1 ആയിരുന്നു മിനിമം സ്കോർ. പിന്നീട് 16.5 ആയി ഉയർത്തി.
എന്താണ് യോയോ?
ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ മത്സരങ്ങളിൽ കായികതാരങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാൻ നടത്തുന്ന ഫിറ്റ്നസ് പരീക്ഷയാണ് യോയോ ടെസ്റ്റ്. 1990ൽ ഡാനിഷ് സോക്കർ സൈക്കോളജിസ്റ്റായ ഡോ. ജീൻ ബാങ്ക്ബോയാണ് യോയോ ടെസ്റ്റ് രൂപീകരിച്ചത്. തുടക്കത്തിൽ ഫുട്ബോൾ താരങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനാണ് യോയോ ടെസ്റ്റ് ഉപയോഗപ്പെടുത്തിയതെങ്കിലും പിന്നീട് മറ്റു കായിക ഇനങ്ങളിലേക്കും യോയോ എത്തി.
ക്രിക്കറ്റിൽ 20 മീറ്റർ അകലത്തിൽ വച്ചിരിക്കുന്ന 2 കോണുകൾക്കിടയിലാണ് യോയോ ടെസ്റ്റ് നടത്തുന്നത്. ഒരു കോണിൽ നിന്ന് ഓടി മറ്റേ കോണിൽ തൊട്ട് നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്തണം. ഇത്തരത്തിൽ ഒരു തവണ പോയിവരുന്നതിനെ ‘ഷട്ടിൽ’ എന്നു വിളിക്കും. ആദ്യ ലെവലിൽ ഒരു ഷട്ടിലായിരിക്കും.
ലെവൽ കൂടും തോറും ഷട്ടിലുകളുടെ എണ്ണം കൂടുകയും ഷട്ടിൽ പൂർത്തിയാക്കാനുള്ള സമയം കുറയുകയും ചെയ്യും. ഇങ്ങനെ 16.1 ഷട്ടിൽ പൂർത്തിയാക്കുമ്പോൾ ഒരു താരം 1120 മീറ്റർ ഓടുന്നു എന്നാണ് കണക്ക്. ന്യൂസീലൻഡ് പോലുള്ള ടീമുകളുടെ മിനിമം യോയോ സ്കോർ 20നു മുകളിലാണ്.
English Summary : Shubman Gill first in yoyo Test