ഹിറ്റ്മാനും കിങ് കോലിയും വീണു; പാക്ക് പരീക്ഷ ജയിച്ച രണ്ടുപേർ, രാഹുലിനെ മറികടക്കുമോ ഇഷാൻ?

Mail This Article
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും, ഇന്ത്യൻ ബാറ്റിങ് നിരയുടെ നിലവാരം എത്രത്തോളമുണ്ടെന്നു തുറന്നുകാട്ടുന്നതായിരുന്നു കാന്‍ഡിയിലെ പോരാട്ടം. ഇന്ത്യൻ ഇന്നിങ്സിനിടെ പല തവണ എത്തിനോക്കിപ്പോയ മഴ, പിന്നീട് വീണ്ടുമെത്തിയതോടെയാണ് പോയിന്റ് പങ്കുവയ്ക്കാൻ ഇരു ടീമുകളും തീരുമാനിച്ചത്.
ഇന്ത്യൻ ബാറ്റിങ്ങിൽ മുൻനിരയും വാലറ്റവും നിരാശപ്പെടുത്തിയപ്പോൾ പാക്കിസ്ഥാന്റെ ബോളിങ് പരീക്ഷണം ജയിച്ചത് മധ്യനിരയിൽ രണ്ടു താരങ്ങൾ മാത്രം. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും. ഇഷാൻ കിഷൻ 81 പന്തിൽ 82 റൺസും ഹാർദിക് പാണ്ഡ്യ 90 പന്തിൽ 87 റൺസും നേടി പുറത്തായി. അഞ്ചാം വിക്കറ്റിൽ 138 റൺസാണ് ഇഷാൻ– പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയ്ക്കായി പടുത്തുയർത്തിയത്.
ടോസ് നേടിയ ഇന്ത്യയുടെ തുടക്കം നിരാശയോടെയായിരുന്നു. ആദ്യ പത്ത് ഓവറുകളിൽ മികച്ച സ്കോർ നേടാനായില്ലെന്നു മാത്രമല്ല, പ്രധാനപ്പെട്ട മൂന്നു വിക്കറ്റുകൾ നഷ്ടമാകുകയും ചെയ്തു. ഷഹീൻ ഷാ അഫ്രീദിയുടെ മുന്നിൽ പിടിച്ചു നിൽക്കാനാകാതെയാണു രോഹിത് ശർമയും (22 പന്തിൽ 11), വിരാട് കോലിയും (ഏഴു പന്തിൽ നാല്) ബോൾഡായത്. പരുക്കിനു ശേഷമുള്ള തിരിച്ചുവരവിൽ ഏഷ്യാകപ്പ് സ്ക്വാഡിലേക്കു ഡയറക്ട് എൻട്രി ലഭിച്ച ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. ഒൻപതു പന്തുകളിൽനിന്നു 14 റൺസാണു താരം നേടിയത്. പേസർ ഹാരിസ് റൗഫിന്റെ പന്തിൽ ഫഖർ സമാൻ ക്യാച്ചെടുത്താണു അയ്യരുടെ പുറത്താകൽ. സ്കോർ 66 ൽ നില്‍ക്കെ ശുഭ്മൻ ഗില്ലും മടങ്ങിയപ്പോഴാണ്, ഇഷാൻ– പാണ്ഡ്യ സഖ്യം ഇന്ത്യയുടെ രക്ഷയ്ക്കെത്തുന്നത്.
നാലാം വിക്കറ്റ് വീഴുമ്പോൾ സ്കോർ 150 കടക്കുമോയെന്നു സംശയിക്കാവുന്നത്ര ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. അവിടെ നിന്നായിരുന്നു ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ബോളിങ് നിരയെ തന്നെ നേരിട്ട് ഇന്ത്യയുടെ തിരിച്ചുവരവ്. കെ.എൽ. രാഹുൽ വീണ്ടും പരുക്കേറ്റ് രണ്ടു മത്സരങ്ങൾ കളിക്കാതിരിക്കുന്നതിനാലാണ് ഇഷാൻ കിഷനെ പാക്കിസ്ഥാനെതിരെ ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി കളിക്കാനിറക്കിയത്. ലഭിച്ച അവസരം അതിവിദഗ്ധമായ ബാറ്റിങ്ങിലൂടെ ഇഷാൻ മുതലെടുക്കുകയും ചെയ്തു. രാഹുൽ തിരിച്ചുവന്നാലും ഇഷാനെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കുകയെന്നത് ഇതോടെ ടീം ഇന്ത്യയ്ക്കു ബുദ്ധിമുട്ടാകും. ഏകദിന ലോകകപ്പ് ടീമിലേക്കു കൂടി ഈ പ്രകടനത്തോടെ ഇഷാന് ശക്തമായ അവകാശമുന്നയിക്കാൻ സാധിക്കും.
രണ്ടു സിക്സും ഒൻപതും ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. ഹാർദിക് ഒരു സിക്സും ഏഴു ഫോറും പായിച്ചു. 38–ാം ഓവറിൽ ഇഷാനെ പുറത്താക്കി റൗഫ് കൂട്ടുകെട്ട് പൊളിക്കുമ്പോൾ ഇന്ത്യൻ സ്കോർ 200 കടന്നിരുന്നു. ഇരുവരുടേയും പുറത്താകലിനു ശേഷം വാലറ്റവും പൊരുതാതെ വീണപ്പോൾ, 50 ഓവർ പൂർത്തിയാക്കാതെ ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചു. രവീന്ദ്ര ജഡേജ (22 പന്തിൽ 14), ഷാർദൂൽ ഠാക്കൂർ (3 പന്തിൽ 3), കുൽദീപ് യാദവ്(13 പന്തിൽ 4), ജസ്പ്രീത് ബുമ്ര (14 പന്തിൽ 16), മുഹമ്മദ് സിറാജ് (1 പന്തിൽ 1) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ.
പാക്ക് ബോളിങ് കരുത്ത്
തുടക്കം മുതൽ മഴ ഒളിച്ചു കളിച്ച മത്സരത്തിൽ പാക്ക് ബോളിങ്ങിന്റെ ചൂട് ഇന്ത്യ നന്നായി അനുഭവിച്ചു. ഷഹീന്‍ അഫ്രീദി– നസീം ഷാ– ഹാരിസ് റൗഫ് ബോളിങ് ത്രയമാണ് ഏഷ്യാകപ്പിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധമെന്ന് ഉറപ്പിക്കാം. രോഹിത് ശർമ, വിരാട് കോലി എന്നിവരെ പുറത്താക്കി ഷഹീൻ ഇന്ത്യയ്ക്ക് തുടക്കത്തിലേ പ്രഹരമേൽപിച്ചു. ശ്രേയസ് അയ്യരെയും ശുഭ്മൻ ഗില്ലിനെയും മടക്കി ഇന്ത്യയെ നാലിന് 66 എന്ന നിലയിലൊതുക്കി ഹാരിസ് റൗഫ്. ഇന്ത്യയുടെ ചെറുത്തു നിൽപിൽ പാക്കിസ്ഥാന്റെ സ്പിൻ ബോളർമാർക്കു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
എന്നാൽ മധ്യനിരയിലെ 138 റണ്‍സ് കൂട്ടുകെട്ടും പാക്ക് പേസർമാര്‍ തന്നെ പൊളിച്ചു. ഇന്ത്യൻ സ്കോർ 300 കടക്കും എന്നു തോന്നിയിടത്തുനിന്ന് 266ന് ഓള്‍ ഔട്ട് ആക്കിയതും പാക്കിസ്ഥാന്റെ പേസ് ത്രയം തന്നെ. ഹാരിസ് ഇഷാനെയും ഷഹീൻ അഫ്രീദി ഹാർദിക്ക്, രവീന്ദ്ര ജഡേജ എന്നിവരെയും മടക്കി. വാലറ്റത്തെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി നസീം ഷായും ഗംഭീരമാക്കിയതോടെ ഇന്ത്യൻ ഇന്നിങ്സ് 48.5 ഓവറിൽ അവസാനിച്ചു. ടീം ഇന്ത്യയുടെ പത്തു വിക്കറ്റുകളും വീഴ്ത്തിയത് പാക്ക് ഫാസ്റ്റ് ബോളർമാരാണെന്ന പ്രത്യേകതയുമുണ്ട്.
English Summary: How Ishan Kishan and Hardik Pandya save India against Pakistan?