ഗദ്ദാഫി സ്റ്റേഡിയത്തിലെ ലൈറ്റ് തകരാർ, കളി നിർത്തിവച്ചു; നാണംകെട്ട് പാക്കിസ്ഥാൻ
Mail This Article
ലഹോർ∙ ഏഷ്യാ കപ്പ് ടൂർണമെന്റിലെ പാക്കിസ്ഥാൻ– ബംഗ്ലദേശ് സൂപ്പർ ഫോര്‍ മത്സരത്തിനിടെ ഗ്രൗണ്ടിലെ ഫ്ലഡ്‍ലൈറ്റുകൾ തകരാറിലായി. പാക്കിസ്ഥാൻ ബാറ്റിങ് ആരംഭിച്ച് അഞ്ച് ഓവറുകൾ മാത്രം പിന്നിട്ടപ്പോഴാണ് ഗ്രൗണ്ടിലെ ലൈറ്റുകളിലൊന്ന് അണഞ്ഞത്. ഇതോടെ ലഹോർ നഗരത്തിലെ പ്രശസ്തമായ ഗദ്ദാഫി സ്റ്റേഡിയത്തിലെ കളി നിർത്തിവയ്ക്കേണ്ടിവന്നു. 20 മിനിറ്റോളമാണു കളി നിർത്തിയത്.
തകരാർ പരിഹരിച്ച ശേഷം കളി വീണ്ടും തുടങ്ങി. സംഭവം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിനും നാണക്കേടായി. പാക്കിസ്ഥാൻ ആരാധകർ തന്നെ സമൂഹമാധ്യമങ്ങളിൽ ബോര്‍ഡിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ലൈറ്റുകൾ കേടായതിനു പിന്നാലെ ഗാലറിയിലെ ആരാധകർ മൊബൈൽ ഫോൺ ലൈറ്റുകൾ ഓൺ ചെയ്തു നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
15 വര്‍ഷത്തിനു ശേഷമാണ് ഏഷ്യാ കപ്പുപോലൊരു പ്രധാന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പാക്കിസ്ഥാന് അവസരം ലഭിക്കുന്നത്. ഏഷ്യാകപ്പിൽ പാക്കിസ്ഥാനിൽ നടക്കുന്ന അവസാന മത്സരമായിരുന്നു ആതിഥേയരും ബംഗ്ലദേശും തമ്മിലുള്ളത്. സൂപ്പർ ഫോറിലെ മറ്റു മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണു നടക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച ‘ഹൈബ്രിഡ് മോഡൽ’ പ്രകാരം ഏഷ്യാ കപ്പിലെ നാലു മത്സരങ്ങൾ മാത്രമാണ് പാക്കിസ്ഥാനിൽ നടക്കുക. മറ്റു കളികളെല്ലാം ശ്രീലങ്കയിലാണു നടക്കുന്നത്.
ഏഴു വിക്കറ്റിനാണ് ബംഗ്ലദേശിനെതിരായ പാക്കിസ്ഥാന്റെ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് 38.4 ഓവറിൽ 193 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 63 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി പാക്കിസ്ഥാൻ വിജയത്തിലെത്തി. സൂപ്പർ ഫോറിലെ അടുത്ത മത്സരത്തിൽ ശനിയാഴ്ച ബംഗ്ലദേശ് ശ്രീലങ്കയെ നേരിടും. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.
English Summary: Flood light failure in Lahore Gaddafi Stadium