ADVERTISEMENT

ലഹോർ∙ ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ ഇന്ത്യ– ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന് ആരോപിച്ച് തനിക്കു നിരവധി സന്ദേശങ്ങൾ ലഭിച്ചതായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മത്സരത്തിൽ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണങ്ങൾ  ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അക്തർ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.

‘‘നിങ്ങൾ എന്താണു ചെയ്യുന്നതെന്നു മനസ്സിലാകുന്നില്ല. എനിക്ക് ഒരുപാട് സന്ദേശങ്ങളും മീമുകളും ലഭിക്കുന്നുണ്ട്. പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ ബോധപൂർവ്വം ശ്രമിച്ചെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്. നിങ്ങൾക്കു കുഴപ്പമൊന്നുമില്ലല്ലോ? വെല്ലാലഗെയും അസലങ്കയും അത്രയും മികച്ച പന്തുകളാണ് എറിഞ്ഞത്. 20 വയസ്സുള്ള ആ പയ്യനെക്കണ്ടോ ? വെല്ലാലഗെ 43 റൺസും അഞ്ച് വിക്കറ്റുകളുമാണു സ്വന്തമാക്കിയത്. ഇന്ത്യ ബോധപൂർവം തോൽക്കാൻ നോക്കിയെന്നും പറഞ്ഞ് ഇന്ത്യയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും എന്നെ ആളുകൾ ഫോണിൽ വിളിക്കുന്നുണ്ട്.’’– അക്തർ പറഞ്ഞു.

‘‘ഇന്ത്യ എന്തിനാണു തോൽക്കുന്നത്? ഫൈനൽ കളിക്കുകയെന്നതാണ് അവരുടെ ആവശ്യം. ശ്രീലങ്കയ്ക്കെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. കുൽദീപ് യാദവിന്റെ പ്രകടനം അതിഗംഭീരമെന്നു പറയേണ്ടിവരും. ജസ്പ്രീത് ബുമ്രയെ നോക്കൂ, ചെറിയ സ്കോർ പ്രതിരോധിക്കുന്നതിന് ഇന്ത്യ നടത്തിയ പോരാട്ടം നോക്കൂ. ശ്രീലങ്കയുടെ വെല്ലാലഗെ തന്നെക്കൊണ്ട് ആകുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നു. ബാറ്റിങ്ങിനും ബോളിങ്ങിനും അദ്ദേഹമുണ്ട്. പാക്കിസ്ഥാൻ താരങ്ങളിൽ ഞാൻ ഈ പോരാട്ടം കണ്ടിട്ടില്ല.’’

‘‘ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും നസീം ഷായും പരുക്കില്ലാതെ 10 ഓവറുകൾ പന്തെറിയണമെന്നതാണ് ഇപ്പോൾ നമ്മുടെ പ്രതീക്ഷ. പാക്കിസ്ഥാൻ തിരിച്ചടിക്കുകയാണ് ഇപ്പോൾ വേണ്ടത്. ഇത് അപമാനകരമാണ്.’’– അക്തർ വ്യക്തമാക്കി. സൂപ്പർ ഫോർ റൗണ്ടിൽ പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോൽപിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 41 റൺസിനാണ് ഇന്ത്യ ലങ്കയെ തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 213 റൺസെടുത്തു പുറത്തായി. മറുപടിയിൽ 41.3 ഓവറിൽ 172 റൺസെടുത്തു ശ്രീലങ്ക ഓള്‍ഔട്ടായി.

English Summary: Shoaib Akhtar Fumes At "India Fixed The Game" Accusation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com