Asia Cup Final

സിറാജിന്റെ ‘ആറാട്ടും’ ലങ്കാദഹനവും, ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാകപ്പ് കിരീടം

മത്സരശേഷം മുഹമ്മദ് സിറാജിനെ അഭിനന്ദിക്കുന്ന ഹാർദിക് പാണ്ഡ്യ. Photo: IndianCricketTeam
മത്സരശേഷം മുഹമ്മദ് സിറാജിനെ അഭിനന്ദിക്കുന്ന ഹാർദിക് പാണ്ഡ്യ. Photo: IndianCricketTeam
SHARE

കൊളംബോ∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എട്ടാം കിരീടം. ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ 10 വിക്കറ്റുകൾക്ക് ഇന്ത്യ വിജയിച്ചു. ശ്രീലങ്ക ഉയർത്തിയ 51 റൺസ് വിജയ ലക്ഷ്യത്തിൽ  6.1 ഓവറിൽ ഇന്ത്യയെത്തി.  ഓപ്പണർമാരായ ശുഭ്മൻ ഗിൽ ( 19 പന്തിൽ 27), ഇഷാന്‍ കിഷൻ (18 പന്തിൽ 23 ) എന്നിവർ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജാണു കളിയിലെ താരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റൺസെടുത്തു പുറത്തായിരുന്നു. ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് സിറാജ് വീഴ്ത്തിയത് ആറു വിക്കറ്റുകൾ. പതും നിസംഗ (നാല് പന്തിൽ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റൻ ദസുൻ ശനക (പൂജ്യം), കുശാല്‍ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജിന്റെ പന്തുകളിൽ പുറത്തായത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ്. Photo: IndianCricketTeam
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ്. Photo: IndianCricketTeam

ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് വഴങ്ങിയത് 21 റൺസ് മാത്രം. പവർ പ്ലേയിൽ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റൺനേടാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. ഈ അഞ്ച് ഓവറുകളിൽനിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകൾ. വഴങ്ങിയത് ഒരു ബൗണ്ടറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയിൽ സിറാജ് സ്വന്തം പേരിലാക്കിയത്.

ഏകദിന ചരിത്രത്തിൽ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണ് ഇന്ത്യയ്ക്കെതിരെ നേടിയത്. ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത് രണ്ടു താരങ്ങൾ മാത്രം. കുശാല്‍ മെൻഡിസും (34 പന്തിൽ 17), ദുഷൻ ഹേമന്ദയും (15 പന്തിൽ 13). പതിനാറാം ഓവറിലെ അവസാന രണ്ടു പന്തുകളിലും വിക്കറ്റുകൾ വീഴ്ത്തി ഹാർദിക് പാണ്ഡ്യയാണ് ലങ്കയുടെ പതനം പൂർത്തിയാക്കിയത്. പാണ്ഡ്യ മൂന്നു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.

മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാൻ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനൽ ദിനം പേസർമാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകൾ മെയ്ഡനായിരുന്നു.

English Summary : India vs Sri Lanka in Asia Cup final cricket match Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS