23 വർഷത്തെ നാണക്കേട്, ഇനി ശ്രീലങ്കയുടെ തലയിൽ; പക വീട്ടാനുള്ളതാണ്!

india-asia-cup
മത്സരശേഷം ശ്രീലങ്കൻ താരങ്ങൾക്കു ഷെയ്ക് ഹാന്‍ഡ് നൽകുന്ന ഇന്ത്യൻ താരങ്ങൾ. Photo: FB@IndianCricketTeam
SHARE

കൊളംബോ∙ ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 50 റൺസിന് ഇന്ത്യ ചുരുട്ടിക്കെട്ടി. 51 റൺസ് ലക്ഷ്യത്തിലേക്ക് 6.1 ഓവറിൽ കുതിച്ചെത്തി പത്ത് വിക്കറ്റ് വിജയവും സ്വന്തമാക്കി. ആറു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. ഫൈനൽ വിജയത്തോടെ 23 വർഷമായി കൈവശം സൂക്ഷിച്ചിരുന്ന നാണക്കേടിന്റെ ഒരു റെക്കോർഡും ശ്രീലങ്കയുടെ തലയിൽവച്ചുകൊടുത്താണ് ഇന്ത്യ മടങ്ങുന്നത്.

2000 ൽ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലിൽ ഇന്ത്യയെ ശ്രീലങ്ക 54 റൺസിനു പുറത്താക്കിയിരുന്നു. 23 വർഷം  മുൻപ് ഷാർജയിൽവച്ചായിരുന്നു ഇന്ത്യയെ ശ്രീലങ്ക നാണംകെടുത്തിവിട്ടത്. 2023 ൽ മറ്റൊരു ഫൈനലിൽ 50 റൺസിൽ ലങ്കയെ പുറത്താക്കിയ ഇന്ത്യയ്ക്ക് മധുരപ്രതികാരമാണിത്. ശ്രീലങ്കയെ സ്വന്തം നാട്ടിൽ തന്നെ 10 വിക്കറ്റിന് തോൽപിക്കാനായെന്നതു ടീം ഇന്ത്യയ്ക്ക് ഇരട്ടിമധുരമാകും.

ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്കോറാണ് ഏഷ്യാ കപ്പ് ഫൈനലിൽ ലങ്കയുടെ പേരിലായത്. മിർപൂരിൽ 2014ൽ ബംഗ്ലദേശ് നേടിയ 58 റൺസായിരുന്നു ഞായറാഴ്ച വരെ ചെറിയ സ്കോർ. ശ്രീലങ്കയുയർത്തിയ വിജയലക്ഷ്യം 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. അതായത് ഇന്ത്യൻ വിജയം 263 പന്തുകൾ ബാക്കിനിൽക്കെയാണ്. ഏകദിന ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2001ൽ 231 പന്തുകൾ ബാക്കിനിൽക്കെ കെനിയയ്ക്കെതിരെ വിജയിച്ചതായിരുന്നു മുൻപത്തെ മികച്ച റെക്കോര്‍ഡ്.

ബാക്കിയുള്ള പന്തുകളുടെ കണക്കെടുത്താൽ, ഒരു ഏകദിന ടൂർണമെന്റ് ഫൈനലിലെ ഏറ്റവും വലിയ വിജയവും ഇന്ത്യയുടേതാണ്. 2003 ൽ ഇംഗ്ലണ്ടിനെതിരെ 226 പന്തുകള്‍ ബാക്കിനിൽക്കെ വിജയിച്ചെന്ന ഓസ്ട്രേലിയയുടെ റെക്കോർഡ് ഇന്ത്യ പഴങ്കഥയാക്കി. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ആക്രമണത്തിന്റെ കുന്തമുനയായ മുഹമ്മദ് സിറാജ് ഏകദിനത്തിൽ ആറു വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ഇന്ത്യൻ താരമായി.

English Summary: India's Asia Cup win, Revenge To Sri Lanka After 23 Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS