ADVERTISEMENT

കൊളംബോ ∙ എന്താണ് സംഭവിക്കുന്നതെന്ന് ശ്രീലങ്കൻ ടീമിനും കാണികൾക്കും മനസ്സിലാകുന്നതിനു മുൻപേ എല്ലാം അവസാനിച്ചിരുന്നു! 129 പന്തുകൾ മാത്രം ദൈർഘ്യമുണ്ടായിരുന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഏഴാം കിരീടം മോഹിച്ചെത്തിയ ശ്രീലങ്കയ്ക്കു നാണക്കേടിന്റെ ചരിത്രഭാരം ‘സമ്മാനിച്ച’ ടീം ഇന്ത്യ, തങ്ങളുടെ എട്ടാം ഏഷ്യാ കപ്പ് കിരീടം നേടി.

7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജിന്റെ അവിസ്മരണീയ സ്പെല്ലിന്റെ മികവിൽ 15.2 ഓവറിൽ ശ്രീലങ്കയെ 50 റൺസിനു പുറത്താക്കിയ ഇന്ത്യ, 6.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. സ്കോർ: ശ്രീലങ്ക 15.2 ഓവറിൽ 50ന് പുറത്ത്, ഇന്ത്യ 6.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 51.  കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി ലങ്കൻ ബാറ്റർമാരെ എറിഞ്ഞൊതുക്കിയ മുഹമ്മദ് സിറാജാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്നായി 9 വിക്കറ്റ് നേടി ഇന്ത്യയുടെ കിരീട നേട്ടത്തിന് ചുക്കാൻ പിടിച്ച സ്പിന്നർ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദ് സീരീസ്.

സിറാജ് മാജിക് 

മഴമൂലം 40 മിനിറ്റ് വൈകി ആരംഭിച്ച ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാൻ ലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനകയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബാറ്റർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുമെന്നു പ്രതീക്ഷിച്ച പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ പക്ഷേ, ലങ്കയെ കാത്തിരുന്നത് അപ്രതീക്ഷിത ട്വിസ്റ്റ് ആയിരുന്നു. മത്സരത്തിലെ ആദ്യ ബോൾ മുതൽ പന്ത് തലങ്ങും വിലങ്ങും സ്വിങ് ചെയ്യാ‍ൻ തുടങ്ങിയതോടെ ലങ്കൻ ബാറ്റർമാർ അപകടം മണത്തു.

മത്സരശേഷം ശ്രീലങ്കൻ താരങ്ങൾക്കു ഷെയ്ക് ഹാന്‍ഡ് നൽകുന്ന ഇന്ത്യൻ താരങ്ങൾ. Photo: FB@IndianCricketTeam
മത്സരശേഷം ശ്രീലങ്കൻ താരങ്ങൾക്കു ഷെയ്ക് ഹാന്‍ഡ് നൽകുന്ന ഇന്ത്യൻ താരങ്ങൾ. Photo: FB@IndianCricketTeam

ആദ്യ ഓവറിലെ മൂന്നാം പന്തിൽ തകർപ്പൻ ഔട്ട് സ്വിങ്ങറിലൂടെ ലങ്കൻ ഓപ്പണർ കുശാൽ പെരേരയെ (0) വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ കൈകളിൽ എത്തിച്ച ജസ്പ്രീത് ബുമ്രയാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. നാലാം ഓവറിൽ 4 ലങ്കൻ ബാറ്റർമാരെ പുറത്താക്കി മുഹമ്മദ് സിറാജ് ശ്രീലങ്കയെ ഞെട്ടിച്ചു. w,0,w,w,4,w– സിറാജ് ഇടിച്ചുകുത്തിപ്പെയ്ത നാലാം ഓവറിൽ തന്നെ ശ്രീലങ്കയുടെ ഫൈനൽ പ്രതീക്ഷകൾ ഒലിച്ചുപോയി. ആറാം ഓവറിലെ നാലാം പന്തിൽ ക്യാപ്റ്റൻ ദാസുൻ ശനകയെ (0) പുറത്താക്കിയ സിറാജ് മത്സരത്തിൽ 5 വിക്കറ്റ് തികച്ചു. രണ്ട് ഓവറിനു ശേഷം കുശാൽ മെ‍ൻഡിസിനെയും (17) പുറത്താക്കിയ സിറാജ്, ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ 6 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

സിംബാബ്‌വെയുടെ പേരിലുള്ള (35) ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടോട്ടൽ എന്ന റെക്കോർഡ് ശ്രീലങ്ക തിരുത്തുമോ എന്നുമാത്രമായിരുന്നു പിന്നീട് അറിയേണ്ടിയിരുന്നത്. എന്നാൽ 13 റൺസ് നേടിയ വാലറ്റക്കാരൻ ദുഷൻ ഹേമന്ദ ശ്രീലങ്കൻ സ്കോർ 50 ൽ എത്തിച്ചു. മറുപടി ബാറ്റിങ്ങിൽ ശുഭ്മൻ ഗിൽ (27 നോട്ടൗട്ട്), ഇഷാൻ കിഷൻ (23 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങിൽ 6.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം ഇന്ത്യ മത്സരവും കിരീടവും സ്വന്തമാക്കി. ഏഷ്യാ കപ്പ് ജയം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾക്ക് ശക്തി പകരും.

English Summary: India thrashed Sri Lank in Asia Cup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT