പേസർമാർക്ക് ഒരു പിന്തുണയും ലഭിക്കാത്ത പ്രേമദാസയിലെ പിച്ചിൽ മുഹമ്മദ് സിറാജ് എങ്ങനെ 6 വിക്കറ്റ് നേടി ശ്രീലങ്കയെ തകർത്തു? ഉത്തരം ലളിതം– കൃത്യമായ ലൈൻ ആൻഡ് ലെങ്തും ‘പ്ലാൻ ബിയും’. ഒറ്റ നോട്ടത്തിൽ ഈർപ്പത്തിന്റെയോ പച്ചപ്പുല്ലിന്റെയോ ഒരംശം പോലുമില്ലാത്ത പിച്ചിലാണ് 7 ഓവറിൽ ഒരു മെയ്ഡൻ, 32 ഡോട്ട് ബോളുകൾ, 21 റൺസ് വഴങ്ങി 6 വിക്കറ്റ് എന്ന അവിസ്മരണീയ സ്പെല്ലുമായി സിറാജ് കത്തിക്കയറിയത്.
തന്റെ സ്പെല്ലിലെ 74% പന്തുകളും സിറാജ് ഗുഡ് ലെങ്ത്തിലാണ് എറിഞ്ഞത്. ബാക്കി 22% പന്തുകൾ ദ് സ്ലോട്ട് (ഗുഡ് ലെങ്ത്തിനും ഫുൾ ലെങ്ത്തിനും ഇടയിൽ) ലെങ്ത്തിലും. രണ്ടേ രണ്ടു പന്തുകൾ മാത്രമായിരുന്നു ഷോട്ട് ലെങ്ത്തിൽ പിച്ച് ചെയ്തത്. ഇതിലൂടെ ലങ്കൻ ബാറ്റർമാർക്കു ബാക്ക് ഫൂട്ടിലേക്കിറങ്ങി പ്രതിരോധിക്കാനുള്ള അവസരം സിറാജ് നിഷേധിച്ചു. പന്ത് പിച്ച് ചെയ്ത ശേഷം സ്വിങ് ചെയ്യുന്നതിനാൽ ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കുക എളുപ്പമല്ലായിരുന്നു. ഇതോടെ ഫ്രണ്ട് ഫൂട്ട് ഡ്രൈവുകൾക്കു ശ്രമിച്ച ലങ്കൻ താരങ്ങൾ വേഗം പുറത്തായി.
പ്ലാൻ ബി
വലംകൈ ബാറ്റർമാർക്കെതിരെ സിറാജിന്റെ സ്വാഭാവിക ബോൾ ഔട്ട് സ്വിങ്ങറാണ്. മികച്ച സീം പൊസിഷനുള്ള (പന്തിലെ തുന്നലുകൾ വരുന്ന ഭാഗം. പന്തിന്റെ സ്വിങ്ങിനെ സഹായിക്കുന്നത് സീം പൊസിഷനാണ്) സിറാജിന് പിച്ചിൽ നിന്ന് ആനൂകൂല്യം ലഭിച്ചില്ലെങ്കിലും ഔട്ട് സ്വിങ്ങർ എറിയാൻ പ്രയാസമില്ല. ഈ ഔട്ട് സ്വിങ്ങറുകളാണ് തുടക്കത്തിൽ വിക്കറ്റ് വീഴ്ത്താൻ സിറാജിനെ സഹായിച്ചത്. എന്നാൽ പന്ത് ഔട്ട് സ്വിങ് ചെയ്യുമെന്ന് ഉറപ്പായതോടെ ലങ്കൻ ബാറ്റർമാർ പന്തിന്റെ ലൈനിൽ കളിക്കുന്നതിനു പകരം സ്വിങ് പ്രതീക്ഷിച്ച് ലൈനിനു പുറത്തേക്കു ബാറ്റ് വീശാൻ തുടങ്ങി.
ഇതോടെയാണ് സിറാജ് പ്ലാൻ ബിയിലേക്ക് തിരിഞ്ഞത്. സ്ക്രാമ്പിൾ സീം (സീം 45 ഡിഗ്രി ചെരിച്ചു പിടിച്ച് പന്തെറിയുന്ന രീതി) പന്തുകൾക്ക് പേരുകേട്ട സിറാജ്, തുടർച്ചയായ ഔട്ട് സ്വിങ്ങറുകൾക്കൊടുവിൽ അപ്രതീക്ഷിതമായി സ്ക്രാമ്പിൾ സീമിൽ ഇൻ സ്വിങ്ങർ എറിഞ്ഞു. ഔട്ട് സ്വിങ്ങർ പ്രതീക്ഷിച്ചു കളിച്ച ലങ്കൻ ബാറ്റർമാർ ഇതോടെ അങ്കലാപ്പിലായി. സിറാജിന്റെ സീം പൊസിഷൻ മനസ്സിലാക്കുന്നതിനു മുൻപ് 6 ബാറ്റർമാർ ഔട്ടായിക്കഴിഞ്ഞിരുന്നു.
English Summary: Mohammed Siraj's bowling variations against Sri Lanka in Asia Cup final