ജൊഹാനസ്ബർഗ് ∙ മാർക്കോ ജാൻസന്റെ ഓൾറൗണ്ട് മികവിൽ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 122 റൺസ് ജയം. ഇതോടെ 5 മത്സര പരമ്പര 3–2ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു.
93 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് ടോപ് സ്കോറർ. വാലറ്റത്ത് 23 പന്തിൽ 3 സിക്സും 4 ഫോറും അടക്കം 47 റൺസ് നേടിയ ജാൻസനാണ് സ്കോർ 300 കടത്തിയത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 34.1 ഓവറിൽ 193 റൺസിന് പുറത്തായി. 39 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ജാൻസന്റെ സ്പെല്ലാണ് ഓസ്ട്രേലിയയെ വേഗം വീഴ്ത്തിയത്.
ജാൻസൻ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. എയ്ഡൻ മാർക്രം പ്ലെയർ ഓഫ് ദ് സീരീസായി. ആദ്യ 2 മത്സരങ്ങളും തോറ്റ ശേഷമാണ് അടുത്ത 3 മത്സരങ്ങൾ ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്.
English Summary: South Africa won ODI series against Australia