ലങ്കയെ തകർത്തെറിഞ്ഞ പ്രകടനം; ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സിറാജ്

Mail This Article
മുംബൈ∙ ബോളര്‍മാരുടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിലെ ആറു വിക്കറ്റ് പ്രകടനത്തിനു പിന്നാലെയാണ് റാങ്കിങ്ങിലെ ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം. കരിയറിൽ രണ്ടാം തവണയാണ് സിറാജ് റാങ്കിങ്ങിൽ ഒന്നാമതാകുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയായിരുന്നു ആദ്യ നേട്ടം. ഏഷ്യാ കപ്പിനു മുൻപ് ഒന്‍പതാമതായിരുന്നു സിറാജ്.
പുതിയ റാങ്കിങ്ങിൽ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. സിറാജിന് 694 പോയിന്റുണ്ട്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് 678 പോയിന്റുമായി രണ്ടാമതുണ്ട്. ട്രെന്റ് ബോൾട്ടാണു മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ചൈനാമാൻ ബോളർ കുൽദീപ് യാദവ് ഒൻപതാമതാണ്.
ഏഴ് ഓവറുകള്‍ പന്തെറിഞ്ഞ സിറാജ് 21 റൺസ് മാത്രം വഴങ്ങിയാണ് ശ്രീലങ്കയ്ക്കെതിരായ ഫൈനലിൽ ആറു വിക്കറ്റുകൾ സ്വന്തമാക്കിയത്. പവർ പ്ലേയിൽ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റൺ നേടാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. ഈ അഞ്ച് ഓവറുകളിൽനിന്ന് താരം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകളാണ്. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിങ് പ്രകടനമാണ് കൊളംബോയിൽ സിറാജ് സ്വന്തം പേരിലാക്കിയത്.
English Summary: ICC ODI Rankings: Mohammed Siraj claims the top spot among bowlers