ഷെഫാലിക്ക് അർധ സെഞ്ചറി, ഇന്ത്യയെ തടയാൻ മഴയ്ക്കും സാധിച്ചില്ല; സെമി ഫൈനലിൽ
Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ– മലേഷ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു. മലേഷ്യയുടെ മറുപടി ബാറ്റിങ് തുടങ്ങിയതിനു തൊട്ടുപിന്നാലെയാണു മഴയെത്തിയത്. തുടർന്ന് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ സെമി യോഗ്യത നേടി. 15 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണു നേടിയത്.
ഇന്ത്യയ്ക്കായി ഓപ്പണർ ഷെഫാലി വർമ അർധ സെഞ്ചറി നേടി. 39 പന്തുകളിൽനിന്ന് 67 റൺസാണു താരം അടിച്ചെടുത്തത്. അഞ്ചു സിക്സുകളും നാലു ഫോറുകളും താരം ബൗണ്ടറി കടത്തി. ജെമൈമ റോഡ്രിഗസ് 29 പന്തിൽ 47 റൺസെടുത്തു പുറത്താകാതെനിന്നു. ക്യാപ്റ്റൻ സ്മൃതി മന്ഥന 27 റൺസെടുത്തു. റിച്ച ഘോഷ് ഏഴു പന്തിൽ 21 റൺസടിച്ചു.
മറുപടി ബാറ്റിങ്ങിൽ മലേഷ്യ രണ്ടു പന്തുകൾ നേരിട്ടപ്പോഴേക്കും മഴയെത്തി. തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിനിടെയും മഴ കാരണം കളി നിർത്തിവച്ചിരുന്നു. സെപ്റ്റംബർ 24നാണ് സെമി ഫൈനൽ. ഇന്നു നടക്കേണ്ടിയിരുന്ന പാക്കിസ്ഥാൻ– ഇന്തൊനീഷ്യ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. റാങ്കിങ്ങിന്റെ പിൻബലത്തിൽ പാക്കിസ്ഥാനും സെമിയിലെത്തി.
English Summary: Asian games, India vs Malaysia Match Updates