'സഞ്ജുവിന്റെ സമീപനത്തിൽ മാറ്റം വരണം; സിലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനത്തിൽ തെറ്റില്ല'

Mail This Article
ന്യൂഡൽഹി∙ ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നിരവധിപ്പേർ രംഗത്തുവന്നിരുന്നു. ആരാധകർക്കു പുറമെ ക്രിക്കറ്റ് നിരീക്ഷകരും മുൻ താരങ്ങളുമുൾപ്പെടെ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. താരത്തെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ പോലും ഉൾപ്പെടുത്താതെ ബിസിസിഐ തഴഞ്ഞെന്നും ഇവർ പറയുന്നു. എന്നാൽ ഇതിൽനിന്നും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ്.ശ്രീശാന്ത്.
സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന സിലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ അനുകൂലിക്കുന്നതായി ശ്രീശാന്ത് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സഞ്ജു ബാറ്റിങിനോടുള്ള സമീപനം മാറ്റണമെന്നും മുന്‍ കളിക്കാരുടെ അഭിപ്രായങ്ങൾ മാനിക്കാൻ തയാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു. പിച്ചിന്റെ സ്വഭാവമനുസരിച്ച് കളിക്കണമെന്ന് ആരെങ്കിലും പറഞ്ഞാലും സഞ്ജു അതു കേൾക്കാതെ ഒരേ രീതിയിലാണ് ബാറ്റു ചെയ്യാറെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.
'സിലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം ശരിയാണ്. ഒരു കളിക്കാരന്‍ സ്വയം മനസ്സിലാക്കുകയെന്നത് വളരെ പ്രധാനമാണ്. ഗാവസ്കർ, ഹർഷ ഭോഗ്‌ലെ, രവി ശാസ്ത്രി തുടങ്ങിയവരെല്ലാം സഞ്ജുവിനെ ഓവർറേറ്റ് ചെയ്യുകയാണ്. സഞ്ജു പ്രതിഭയുള്ള കളിക്കാരനാണെന്നതിൽ സംശയമില്ല. എന്നാൽ അദ്ദേഹത്തിന്റെ ബാറ്റിങിനോടുള്ള സമീപനം പ്രശ്നമാണ്. സഞ്ജുവിനെ കാണുമ്പോഴെല്ലാം ഞാൻ പറയാറുള്ളത് ഇതേ കാര്യമാണ്. എല്ലാ ബോളർമാരെയും ഒരുപോലെ നേരിടരുത്, പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി വേണം കളിക്കാൻ. ഏതു ബോളർക്കെതിരെയും വലിയ ഷോട്ട് കളിക്കാം. എന്നാൽ അത് കൃത്യമായ അവസരത്തിലായിരിക്കണം.
ഞാനടക്കമുള്ള മലയാളികൾ പലപ്പോഴും സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്ന് പറയാറുണ്ട്. എന്നാൽ ഇപ്പോൾ അത് പറയാനാകില്ല. അയർലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. 10 വർഷമായി അദ്ദേഹം ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ഒരു ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു. ഇക്കാലയളവിൽ 3 സെഞ്ചറികൾ നേടിയെന്നല്ലാതെ സ്ഥിരതയുള്ള പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനായിട്ടില്ല. ഏകദിനത്തിൽ കൂടുതൽ പന്തുകൾ നേരിടാനുള്ള ക്ഷമ സഞ്ജു കാണിക്കണം.' –ശ്രീശാന്ത് പറഞ്ഞു.
English Summary:'Change That Attitude': Ex-cricketer Sreesanth Gives His Verdict On Sanju Samson's World Cup Snub