ADVERTISEMENT

മൊഹാലി∙ സജീവ ക്രിക്കറ്റർമാരിൽ ഏറ്റവും സമര്‍ഥനായ കളിക്കാരിൽ ഒരാളാണ് ഇന്ത്യൻ താരമായ രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റ് നിയമങ്ങളിൽ ഉൾപ്പെടെ അശ്വിന്റെ അറിവിൽ ആർക്കും തർക്കമില്ല. ഏറെനാളുകൾക്കുശേഷമാണ് താരം ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഓസ്ട്രേലിയയ്‌ക്കെതിരെ മൊഹാലിയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ പത്ത് ഓവറിൽ 47 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്.

എന്നാൽ മത്സരത്തിന് ശേഷം അശ്വിൻ നടത്തിയ പ്രകടനമാണ് ആരാധകരുടെ മനം കവർന്നത്. ഓസീസിനെതിരെ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന അശ്വിൻ, മത്സരേഷം രാത്രിയിൽ നെറ്റ്‌സിൽ ബാറ്റിങ് പരിശീലനം നടത്തുകയായിരുന്നു. മുഖ്യപരിശീലകനായ രാഹുൽ ദ്രാവിഡ് ഫീൽഡിങ്ങിനായി മൈതാനാത്ത് ഉണ്ടായിരുന്നു.

ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഓസ്ട്രേലിയൻ പരമ്പരയിൽ അശ്വിനു മികവു തെളിയിച്ചേ മതിയാകൂ. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് ലോകകപ്പ് കളിക്കാൻ പറ്റുമോ എന്ന കാര്യം സംശയമാണ്. അവസാന ഏകദിനത്തിൽ അക്ഷറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് അനുസരിച്ചാകും കളിപ്പിക്കുക. അക്ഷർ ഇല്ലെങ്കിൽ അശ്വിൻ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് പരിഗണനയിലുള്ളത്. ഏഷ്യാ കപ്പ് ഫൈനലിൽ വാഷിങ്ടൻ സുന്ദർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചെങ്കിലും ബാറ്റിങ്ങിനും ബോളിങ്ങിനും അവസരം കിട്ടിയില്ല.

ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടീമിൽ അശ്വിനും വാഷിങ്ടൻ സുന്ദറും ഇടംപിടിച്ചു. പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഇവരുടെ ലോകകപ്പ് പ്രവേശനം. ടെസ്റ്റിൽ അഞ്ച് സെഞ്ചറിയും ഏകദിനത്തിൽ ഒരു അർധസെ‍ഞ്ചറിയും അടിച്ചിട്ടുള്ള അശ്വിനാകും കൂടുതൽ സാധ്യത. ഇതുതന്നെയാകും മത്സരശേഷം ഉടൻ പരിശീലനത്തിന് ഇറങ്ങാൻ താരത്തിനെ പ്രേരിപ്പിച്ച ഘടകവും.

English Summary: Ashwin rushes for late-night batting practice after India beat Australia, makes coach Rahul Dravid field

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT