ADVERTISEMENT

മൊഹാലി ∙ ഏകദിന ലോകകപ്പിനുള്ള അതേ ടീമുമായി എത്തിയിട്ടും സീനിയർ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ഇന്ത്യയെ പിടിച്ചുകെട്ടാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. 5 വിക്കറ്റിന്റെ ആധികാരിക ജയവുമായി ഓസ്ട്രേലിയയ്ക്കെതിരായ 3 മത്സര ഏകദിന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 276ന് പുറത്ത്. ഇന്ത്യ 48.4 ഓവറിൽ 5ന് 281. 5 വിക്കറ്റ് നേട്ടവുമായി ഓസ്ട്രേലിയൻ ബാറ്റിങ്ങിനെ വരിഞ്ഞുകെട്ടിയ മുഹമ്മദ് ഷമിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. നാളെ ഇൻഡോറിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

277 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ആശിച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മൻ ഗില്ലും (74) ഋതുരാജ് ഗെയ്ക്‌വാദും  നൽകിയത്. 21.4 ഓവറിൽ 142 റൺസ് നേടിയ സഖ്യം ഇന്ത്യയ്ക്കു മികച്ച അടിത്തറ നൽകി.   ഇരുവരെയും പുറത്താക്കിയ ഓസീസ് സ്പിന്നർ ആദം സാംപയാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ഏൽപിച്ചത്.

മൂന്നാമനായെത്തിയ ശ്രേയസ് അയ്യർ (3) റണ്ണൗട്ട് ആയതോടെ വിക്കറ്റ് നഷ്ടമില്ലാതെ 142 എന്ന നിലയിൽനിന്ന് 3ന് 151 എന്ന സ്കോറിലേക്ക് ഇന്ത്യ വീണു. പിന്നാലെ ഇഷാൻ കിഷനും (18) പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായതാണ്. എന്നാൽ അഞ്ചാം വിക്കറ്റിൽ 80 റൺസ് കൂട്ടുകെട്ടുമായി ക്യാപ്റ്റൻ കെ.എൽ.രാഹുലും (58 നോട്ടൗട്ട്) സൂര്യകുമാർ യാദവും (50) ഇന്ത്യയെ മുന്നോട്ടു നയിച്ചു. 47–ാം ഓവറിലെ നാലാം പന്തിൽ സൂര്യ പുറത്തായെങ്കിലും രാഹുൽ ടീമിനെ വിജയത്തിലെത്തിച്ചു.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ മിച്ചൽ മാർഷിനെ (4) നഷ്ടമായി. മുഹമ്മദ് ഷമിയുടെ  ഔട്ട് സ്വിങ്ങറിൽ സ്ലിപ്പിൽ ശുഭ്മൻ ഗില്ലിനു ക്യാച്ച് നൽകിയാണ് മാർഷ് മടങ്ങിയത്. രണ്ടാം വിക്കറ്റിൽ 17.4 ഓവറിൽ 92 റൺസ് കൂട്ടിച്ചേർത്ത ഡേവിഡ് വാർണർ (52)– സ്റ്റീവ് സ്മിത്ത് (41) സഖ്യം ഓസീസിനെ മുന്നോട്ടുനയിച്ചു. എന്നാൽ, വാർണറെ ജഡേജയും സ്മിത്തിനെ ഷമിയും പുറത്താക്കിയതോടെ ഓസ്ട്രേലിയ വീണ്ടും പ്രതിരോധത്തിലായി.

നന്നായി തുടങ്ങിയ മാർനസ് ലബുഷെയ്ൻ (39) അശ്വിന് വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ കൂറ്റൻ അടികളുമായി കളംനിറഞ്ഞ ജോഷ് ഇൻഗ്ലിസ് (45) മാർകസ് സ്റ്റോയ്നിസ് (29) എന്നിവരാണ് സ്കോർ 250 കടക്കാൻ ഓസ്ട്രേലിയയെ സഹായിച്ചത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസ് (9 പന്തിൽ 21 നോട്ടൗട്ട്) ഓസീസ് ടോട്ടൽ 276ൽ എത്തിച്ചു.

English Summary : India won by five wickets in the first ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com