ADVERTISEMENT

മുംബൈ∙ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ പ്രകടനം നിർണായകമാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി എന്നിവരെ മറികടന്നാണ് ഗംഭീർ ബാബറിനെ തിരഞ്ഞെടുത്തത്. ‘‘ഞാന്‍ ബാബർ അസമിനെ തിരഞ്ഞെടുക്കുന്നു. ഇവിടെ വിരാട് കോലി, രോഹിത് ശർമ, ഡേവിഡ് വാർണർ, ജോ റൂട്ട്, കെയ്ൻ വില്യംസൻ എന്നിവരെല്ലാമുണ്ട്. എന്നാൽ ബാബർ അസമിന്റെ മികവ് വ്യത്യസ്തമാണ്.’’– ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിനോടു പറഞ്ഞു.

അതേസമയം ബാബറിന്റെ ക്യാപ്റ്റൻസി ഇടത്തരം മാത്രമാണെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. ഏഷ്യാകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ബാബർ അസമിനെതിരെ വിമർശനം ശക്തമായിരുന്നു. ഏഷ്യാ കപ്പ് ഫൈനൽ ഉറപ്പിക്കാൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. സൂപ്പർ ഫോറിൽ ഇന്ത്യയോടും ശ്രീലങ്കയോടും തോറ്റാണ് പാക്കിസ്ഥാൻ പുറത്തായത്. മത്സര ശേഷം സീനിയർ താരങ്ങളെ ബാബർ വിമര്‍ശിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ ഡ്രസിങ് റൂമിൽ താരങ്ങൾ തമ്മില്‍ തർക്കമുണ്ടായി.

പേസർ ഷഹീൻ ഷാ അഫ്രീദിയാണ് ബാബറിനെ ചോദ്യം ചെയ്തു രംഗത്തെത്തിയത്. മികച്ച പ്രകടനം നടത്തിയവരെ വിമർശിക്കരുതെന്നായിരുന്നു അഫ്രീദിയുടെ നിലപാട്. എന്നാൽ ആരൊക്കെ കളിച്ചെന്നും, ഇല്ലെന്നും തനിക്ക് അറിയാമെന്ന് ബാബർ തിരിച്ചടിച്ചു. ഏകദിന ലോകകപ്പിലും ബാബർ അസമിന്റെ കീഴിലാണ് പാക്കിസ്ഥാൻ കളിക്കാനിറങ്ങുന്നത്. പരുക്കേറ്റ പേസർ നസീം ഷാ ഇല്ലാതെയാണ് പാക്കിസ്ഥാൻ ലോകകപ്പിന് ഇറങ്ങുന്നത്. വെറ്ററൻ താരം ഹസൻ അലി ടീമിൽ തിരിച്ചെത്തി.

ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീം– ബാബർ അസം, ശതബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുല്ല ഷഫീഖ്, മുഹമ്മദ് റിസ്‍വാൻ, ഇഫ്തിഖർ അഹമ്മദ്, ആഗാ സൽമാൻ, സൗദ് ഷക്കീൽ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഉസാമ മിർ, മുഹമ്മദ് വാസിം.

English Summary: Gautam Gambhir Picks Pakistan Star As One Who Can Set Cricket World Cup 'On Fire'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com