ശ്രീലങ്കയെ തകർത്തെറിഞ്ഞു, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കു സ്വർണം

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയെ തകർത്ത് സ്വർണം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യൻ വിജയം 19 റൺസിന്. ബാറ്റിങ്ങിലെ മെല്ലെപ്പോക്ക്, ബോളിങ്ങിലെ മികവു കൊണ്ടാണ് ഇന്ത്യ മറികടന്നത്.
22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ആറു റൺസ് മാത്രമാണു വഴങ്ങിയത്. രാജേശ്വരി ഗെയ്‍ക്‌വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തിരുന്നു. സ്മൃതി മന്ഥനയും ജെമീമ റോഡ്രിഗസും മാത്രമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സ്മൃതി 45 പന്തിൽ 46 റൺസെടുത്തു പുറത്തായി. ജെമീമ 40 പന്തിൽ 42 റൺസെടുത്തു. മറ്റ് ഇന്ത്യൻ ബാറ്റർമാരെല്ലാം രണ്ടക്കം തികയ്ക്കാനാകാതെ മടങ്ങുകയായിരുന്നു.

അഞ്ചു പന്തുകൾ മാത്രം നേരിട്ട ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രണ്ട് റൺസെടുത്തു പുറത്തായി. ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മലയാളി താരം മിന്നു മണിക്ക് ഫൈനൽ മത്സരത്തിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ല. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾസ് ഷൂട്ടിങ്ങിലായിരുന്നു ആദ്യ സ്വർണ നേട്ടം.
English Summary : Asian Games Cricket Final, India vs Sri Lanka Updates