ADVERTISEMENT

ഇൻഡോർ ∙ ആദ്യം ശുഭ്മൻ ഗില്ലിന്റെ ക്ലാസ് (104), പിന്നാലെ ശ്രേയസ് അയ്യരുടെ മാസ് (105), ഒടുക്കം കെ.എൽ.രാഹുലിന്റെയും (38 പന്തിൽ 52) സൂര്യകുമാർ യാദവിന്റെയും (37 പന്തിൽ 72 നോട്ടൗട്ട്) സൂപ്പർ ഷോ; ബാറ്റർമാർ അടിമുടി ആഘോഷമാക്കിയ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 99 റൺസ് ജയം. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. മഴമൂലം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം ഡക്ക്‌വർത്ത് ലൂയിസ് നിയമം അനുസരിച്ച് 33 ഓവറിൽ 317 ആയി പുനർനിർണയിച്ചിരുന്നു. എന്നാൽ 28.2 ഓവറിൽ 217 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി. സ്കോർ: ഇന്ത്യ: 50 ഓവറിൽ 5ന് 399. ഓസ്ട്രേലിയ 28.2 ഓവറിൽ 217ന് പുറത്ത്.

ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് രണ്ടാം ഓവറിൽ ഓപ്പണർ മാത്യു ഷോർട്ടിനെ (9) നഷ്ടമായി. തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (0) ഗോൾഡൻ ഡക്കായതോടെ ഓസ്ട്രേലിയയുടെ തകർച്ച തുടങ്ങി. ജസ്പ്രീത് ബുമ്രയ്ക്കു പകരം ടീമിലെത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു 2 വിക്കറ്റും. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന ഡേവിഡ് വാർണർ (39 പന്തിൽ 53) ഓസീസിനെ മുന്നോട്ടുനയിച്ചു.

മൂന്നാം വിക്കറ്റിൽ 10 ഓവറിൽ 80 റൺസ് ചേർത്ത വാർണർ– മാർനസ് ലബുഷെയ്ൻ (27) സഖ്യം വെല്ലുവിളിയാകുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇരുവരെയും പുറത്താക്കിയ ആർ.അശ്വിൻ ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. പിന്നാലെയെത്തിയ ഓസീസ് ബാറ്റർമാരെ നിലയുറപ്പിക്കാൻ ഇന്ത്യൻ സ്പിന്നർമാർ സമ്മതിച്ചില്ല. വാലറ്റത്ത് ഷോൺ ആബട്ട് (36 പന്തിൽ 54) കൂറ്റൻ അടികളിലൂടെ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും വിജയിക്കാൻ അതു പോരായിരുന്നു. അശ്വിനും രവീന്ദ്ര ജഡേജയും 3 വിക്കറ്റ് വീതം നേടി.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെ (8) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 200 റൺസ് ചേർത്ത് ഗിൽ– ശ്രേയസ് സഖ്യം ശക്തമായ അടിത്തറ നൽകി. ഇരുവരും പുറത്തായ ശേഷം കൗണ്ടർ അറ്റാക്ക് ഏറ്റെടുത്ത രാഹുലും സൂര്യകുമാറും സ്കോറിങ്ങിന്റെ വേഗം കൂട്ടി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സൂര്യയാണ് ഇന്ത്യയുടെ ടോട്ടൽ 399ൽ എത്തിച്ചത്. 6 വീതം സിക്സും ഫോറും ചേരുന്നതാണ് സൂര്യയുടെ ഇന്നിങ്സ്. 27ന് രാജ്കോട്ടിലാണ് പരമ്പരയിലെ അവസാന മത്സരം.

English Summary : India won by 99 runs in the second ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT