ADVERTISEMENT

ന്യൂഡൽഹി ∙ ആഴ്ചകൾ നീണ്ട അനിശ്ചിതത്വം നീങ്ങി; ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് വീസ ലഭിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് വീസ ലഭിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് സ്ഥിരീകരിച്ചത്. താരങ്ങളുടെ പാസ്പോർട്ട് വാങ്ങാൻ ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) നിർദ്ദേശം നൽകി. വീസ നടപടികൾ പതിവിലും നീണ്ടുപോകുന്നുവെന്നു ചൂണ്ടിക്കാട്ടി പിസിബി കഴിഞ്ഞ ദിവസം ഐസിസിക്കു പരാതി നൽകിയിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് ഐസിസിയുടെ നിലപാട്.

ഇന്ത്യയ്‌ക്കൊപ്പം ടൂർണമെന്റിൽ പങ്കെടുക്കുന്ന ഒൻപതു ടീമുകളിൽ പാക്കിസ്ഥാൻ ടീമിനു മാത്രം വീസ ലഭിക്കാതിരുന്നത് ആശയക്കുഴപ്പത്തിനു കാരണമായിരുന്നു. വീസ ലഭിക്കുന്നതിൽ വന്ന കാലതാമസത്തെ തുടർന്ന് പാക്കിസ്ഥാന‍് ക്രിക്കറ്റ് ടീം ദുബായ് യാത്ര റദ്ദാക്കിയിരുന്നു. ഈ മാസം. 29ന് ന്യൂസീലൻഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിനായി ഹൈദരാബാദിലേക്ക് പോകുന്നതിനു മുൻപ് ദുബായിലേക്ക് പോകാനും അവിടെ രണ്ടു ദിവസം തങ്ങാനുമായിരുന്നു ടീമിന്റെ പദ്ധതി. എന്നാൽ ഇന്ത്യൻ വീസ വൈകുന്നതിനാൽ കറാച്ചിയിൽനിന്നു നേരിട്ട് ഹൈദരാബാദിലേക്ക് തന്നെ വരാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

2012-13 ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാൻ ടീം ഇന്ത്യയിലേക്ക് വരുന്നത്. 2012–13 ലാണ് പാക്കിസ്ഥാനും ഇന്ത്യയും അവസാനം ദ്വിരാഷ്ട്ര പരമ്പര കളിച്ചതും. അതിനുശേഷം ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ടീം അവസാനമായി പാക്കിസ്ഥാനിലേക്ക് പോയത് 2006ലാണ്. ‌ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിലെ രണ്ടു താരങ്ങൾ മാത്രമാണ് ഇതിനു മുൻപു ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യയിലേക്ക് വന്നിട്ടുള്ളത്.

ഒക്‌ടോബർ 6നു ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പിനായി ബാബർ അസമിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ മാറി. ഈ മാസം 27 വരെയാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം.

പരുക്കേറ്റ പേസർ നസീം ഷായുടെ സേവനം പാക്കിസ്ഥാനു നഷ്‌ടമാകും. നസീമിന് പകരക്കാരനായി ഹസൻ അലിയെ ടീമിൽ ഉൾപ്പെടുത്തി. ഷഹീൻ ഷാ അഫ്രീദിയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാന്റെ പേസ് ആക്രമണം. ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഹസൻ അലി എന്നിവരും പിന്തുണയുമായെത്തും.

English Summary: Pakistan's visa issues sorted, team cleared to travel for the World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT