വനിതാ ടീം ദയനീയമായി തോൽക്കുന്നതു ചൈനയ്ക്കു താൽപര്യമില്ല, ക്രിക്കറ്റിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
Mail This Article
ഷിയാഷെൻ സ്പോർസ് സെന്ററിലെ വോളിബോൾ കോർട്ടിൽ ഇന്ത്യ–ജപ്പാൻ മത്സരം നടക്കുമ്പോൾ ഗാലറിയിൽ ഇന്ത്യ–ചൈന ഉഭയകക്ഷി ചർച്ചയ്ക്ക് ഒരാളെ കിട്ടി. പേര് യാൻ ലിമിങ്. ചൈനയിലെ ടെലികോം കമ്പനി ജീവനക്കാരനാണ്. ഇന്ത്യയുടെ മത്സരം നടക്കുന്നെന്ന് അറിഞ്ഞ് വന്നതാണ്. ലിമിങ്ങിനോട് ‘സൗഹൃദ മത്സരത്തിൽ’ ഏർപ്പെട്ടത് രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചല്ല, തികച്ചും കായിക കാര്യങ്ങൾ.
ഫുട്ബോൾ ഭ്രാന്തനാണ് ലിമിങ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ഫാൻ. ചൈനയിൽ ലയണൽ മെസ്സിയെക്കാൾ കൂടുതൽ ആരാധകർ ക്രിസ്റ്റ്യാനോയ്ക്കെന്നാണ് അവകാശവാദം. നമ്മുടെ സുനിൽ ഛേത്രിയെയും ഇഷ്ടമാണ്. ചൈനീസ് ഫുട്ബോൾ ടീമിനെക്കുറിച്ചാണ് തുടക്കംതൊട്ടേ വാചാലനായത്. ഇതൊക്കെ പറയാൻ ഒരാളെ കിട്ടാൻ ലിമിങ് കാത്തിരിക്കുകയായിരുന്നു എന്നു തോന്നി. ഏഷ്യൻ ഗെയിംസിന്റെ തുടക്കത്തിൽ ഇന്ത്യയെ തോൽപിച്ച ചൈനീസ് ടീമിനെ പ്രശംസിക്കുകയായിരുന്നു ഏറെ നേരം. ഐഎസ്എൽ ഫുട്ബോൾ നടക്കുന്നതിനാൽ പ്രധാന താരങ്ങളൊന്നും ഇന്ത്യൻ ടീമിൽ ഇല്ലെന്നും പരിശീലനമില്ലാതെ എത്തിയാണ് ഇന്ത്യ ചൈനയ്ക്കെതിരെ കളിച്ചതെന്നു പറഞ്ഞിട്ടും കക്ഷി വകവയ്ക്കുന്നതേയില്ല.
ചൈനയ്ക്കു മുൻപിൽ ചെറുതാകാൻ പാടില്ലല്ലോ...ചർച്ചയുടെ റൂട്ട് മാറ്റാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫൈനൽ പ്രവേശം എടുത്തിട്ടു. അതോടെ ലിമിങ്ങിന്റെ ഭാവം മാറി. മുഖത്ത് ചെറിയൊരു അനിഷ്ടം. ക്രിക്കറ്റിനോടുള്ള ഇഷ്ടക്കുറവാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ അതല്ല, ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ചൈന ടീമിനെ ഇറക്കാത്തതിലുള്ള പ്രതിഷേധമായിരുന്നു ആ ഭാവമാറ്റത്തിനു കാരണം. വനിതാ ക്രിക്കറ്റിൽ മത്സരിക്കുന്ന ടീമുകളുടെ ആദ്യഘട്ട ലിസ്റ്റിൽ ചൈനയുടെ പേരുണ്ടായിരുന്നത്രേ. പക്ഷേ അന്തിമ ലിസ്റ്റായപ്പോൾ ആരുമറിയാതെ അതു പിൻവലിച്ചു.
അതിനു കാരണങ്ങൾ പലതുണ്ടാകാം, പക്ഷേ ലിമിങ് പറഞ്ഞതാണ് പ്രധാന കാരണമായി തോന്നിയത്. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറുകളിലൊന്ന് ചൈനീസ് വനിതാ ടീമിന്റെ പേരിലാണ്–14 റൺസ്. മറ്റിനങ്ങളിൽ സ്വർണം വാരിക്കൂട്ടി മുന്നേറുമ്പോൾ ക്രിക്കറ്റിൽ വനിതാ ടീം ദയനീയമായി തോൽക്കുന്നതു കാണാൻ ചൈനയ്ക്കു താൽപര്യം കാണില്ല. ക്രിക്കറ്റിനോട് അത്ര ഇഷ്ടമൊന്നും ഈ രാജ്യത്തിന് ഇല്ല. ഒളിംപിക്സിൽ കപ്പ് കിട്ടുന്ന മത്സരയിനമല്ലാത്തതിനാൽ വെറുതെ പരിശീലനത്തിന് സമയം കളയേണ്ടെന്നാണ് സർക്കാരിന്റെ ലൈൻ. എത്രയായാലും ഇന്നത്തെ ഇന്ത്യയുടെ ഫൈനൽ കാണാൻ വരുമെന്നു വാക്കുപറഞ്ഞാണ് ലിമിങ് പിരിഞ്ഞത്.
English Summary : Yan Liming, a football fan in China