ഫൈനലുകളിലെ കണ്ണീർത്തോൽവികൾക്ക് ഇതോടെ അവസാനം! സ്വർണത്തിൽ ഇന്ത്യൻ മുത്തം

Mail This Article
ഹാങ്ചോ ∙ ലോകക്രിക്കറ്റ് ഫൈനലുകളിലെ കണ്ണീർത്തോൽവികൾക്ക് ഇതോടെ അവസാനം! ഏഷ്യൻ ഗെയിംസിൽ അരങ്ങേറ്റം കുറിച്ച വനിതാ ക്രിക്കറ്റിന്റെ ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് തോൽപിച്ച് സ്വർണം നേടിയ ഇന്ത്യ ഏഷ്യൻ ഗെയിംസിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 116 റൺസെടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി 97 റൺസിൽ അവസാനിച്ചു.
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെയും 2020 ട്വന്റി20 ലോകകപ്പിലെയും ഫൈനൽ തോൽവികളുടെ നിരാശയകറ്റുന്നതായിരുന്നു വനിതാ ടീമിന്റെ ഈ സുവർണ വിജയം. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7ന് 116. ശ്രീലങ്ക–20 ഓവറിൽ 8ന് 97. മൂന്നാം സ്ഥാന മത്സരത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു തോൽപിച്ച ബംഗ്ലദേശ് വെങ്കലം സ്വന്തമാക്കി.

2 മത്സരങ്ങളുടെ സസ്പെൻഷനുശേഷം തിരിച്ചെത്തിയ ഹർമൻപ്രീത് കൗറാണ് ഫൈനലിൽ ഇന്ത്യയെ നയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നാലാം ഓവറിൽ ഷെഫാലി വർമയെ നഷ്ടമായി (9). എന്നാൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ക്ഷമയോടെ പിച്ചുനിന്ന് സ്മൃതി മന്ഥനയും (45 പന്തിൽ 46), ജമൈമ റോഡ്രിഗസും (40 പന്തിൽ 42) ഇന്ത്യൻ സ്കോറുയർത്തി. രണ്ടാം വിക്കറ്റിൽ 73 റൺസാണ് ഇരുവരും ചേർന്നു നേടിയത്. 15–ാം ഓവറിൽ ഒന്നിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന 4 ഓവറിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയതോടെ 116 റൺസിൽ ഒതുങ്ങി.
ദീപ്തി ശർമയെറിഞ്ഞ ആദ്യ ഓവറിൽ ഒരു സിക്സും ഫോറും നേടിയ ലങ്കൻ ഓപ്പണർ ചമരി അത്തപ്പത്തു ഇന്ത്യയെ ഞെട്ടിച്ചാണ് തുടങ്ങിയത്. എന്നാൽ മൂന്നാം ഓവർ എറിയാനെത്തിയ ടൈറ്റസ് സാധു, 2 വിക്കറ്റുകൾ നേടി ലങ്കയെ പ്രതിരോധത്തിലാക്കി. ഒരോവറിനുശേഷം വീണ്ടുമെത്തിയ സാധു അത്തപ്പത്തുവിനെയും (12) പുറത്താക്കിയതോടെ ലങ്കയുടെ പ്രതീക്ഷകൾ മങ്ങി. 4 ഓവറിൽ 6 റൺസ് മാത്രം വഴങ്ങിയാണ് സാധു 3 വിക്കറ്റെടുത്തത്. 8 പന്തുകൾക്കിടെയായിരുന്നു 3 വിക്കറ്റുകളും.










English Summary: India beat Sri Lanka by 19 runs to win gold medal in Asian Games