ഇന്ത്യയ്ക്ക് സന്തോഷ സ്വർണദിനം; സന്തോഷ ജന്മദിനം പൂജയ്ക്ക്

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിലെ വിജയത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഗ്രൗണ്ടിൽ നിന്നു തിരിച്ചുകയറിയത് തന്നെ ആഘോഷത്തിന്റെ അരങ്ങോടെയാണ്. തലയിൽ വെള്ളക്കുപ്പി ബാലൻസ് ചെയ്ത് സൂപ്പർ സ്റ്റാർ സ്മൃതി മന്ഥന. ചുണ്ടിലൊരു കോണിൽ പുഞ്ചിരിയൊളിപ്പിച്ച് അൽപം ഗൗരവത്തോടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മുത്തുമണിച്ചിരിയുമായി മിന്നു മണി. മത്സരം കഴിഞ്ഞെങ്കിലും വായുവിൽ അദൃശ്യമായ പന്തിനെ കൈകൊണ്ട് ഡ്രൈവ് ചെയ്യുന്നപോലെ ഷെഫാലി വർമ.
ആഘോഷത്തിന്റെ സായാഹ്നമായിരുന്നു അത്. വിജയത്തിന്റെ കപ്പുയർത്തി മാത്രം ശീലമുള്ള ക്രിക്കറ്റ് താരങ്ങൾക്ക് മെഡൽ പോഡിയത്തിന്റെ ഏറ്റവും ഉയരത്തിൽ നിന്ന് സ്വർണം കഴുത്തിലണിയുന്നത്, കരിയറിലെ അപൂർവ നിമിഷങ്ങളിലൊന്നായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ജഴ്സിയിൽ ബിസിസിഐയുടെ ലോഗോയാണ് ഉണ്ടാവുക. ഇത്തവണ രാജ്യത്തിന്റെ സ്വന്തം ജഴ്സിയിൽ കളിക്കാനിറങ്ങി മെഡൽ വാങ്ങിയതിന്റെ സന്തോഷത്തെക്കുറിച്ചാണ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന മിക്സ്ഡ് സോണിൽ ഇന്ത്യൻ ബാറ്റർ ജമൈമ റോഡ്രിഗസിന് പറയാനുണ്ടായിരുന്നത്.
ഇത്രയും അഭിമാനത്തോടെ ഇതിനു മുൻപ് ദേശീയ ഗാനത്തിന് കാതോർത്തിട്ടില്ലെന്നും ജമൈമ പറഞ്ഞു. സ്വർണത്തിനൊപ്പം സ്മൃതി മന്ഥന മറ്റൊരു ആഗ്രഹംകൂടി പങ്കുവച്ചു. ഒളിംപിക്സിൽ ക്രിക്കറ്റ് ഒരു മത്സരയിനമായി, അവിടെയും മെഡൽ നേടണമെന്ന്. സുനിൽ ഛേത്രിയടക്കം മറ്റു മത്സരയിനങ്ങളിലെ ഇന്ത്യൻ താരങ്ങളിൽ കൂടുതൽ പേരെ കാണാനും പരിചയപ്പെടാനും ഏഷ്യൻ ഗെയിംസിലൂടെ സാധിച്ചതിന്റെ ത്രില്ലിലായിരുന്നു വിക്കറ്റ് കീപ്പർ റിച്ച ഘോഷ്.
ഇന്നാണ് ഏഷ്യൻ ഗെയിംസ് സ്വർണവുമായുള്ള ഇന്ത്യൻ ടീമിന്റെ മടക്കയാത്ര.അതിനുള്ള പാക്കിങ് തുടങ്ങണമെന്നു പറഞ്ഞ്, ഇന്ത്യൻ ടീം മടങ്ങാനൊരുങ്ങുമ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ‘ഹാപ്പി ബർത്‌ഡേ പൂജ’ എന്ന ആശംസയുയർന്നത്. മധ്യപ്രദേശുകാരി ഓൾറൗണ്ടർ പൂജാ വസ്ട്രാക്കറുടെ 24–ാം പിറന്നാൾ ആയിരുന്നു ഇന്നലെ. ആരോടും പറയാതെ പൂജ രഹസ്യമാക്കിയ വിശേഷം അതോടെ പരസ്യമായി. ഇന്ത്യൻ ടീമിന്റെ വിജയാഘോഷം പൂജയുടെ പിറന്നാളാഘോഷത്തിലേക്ക് വഴിമാറുകയും ചെയ്തു.
English Summary: Pooja Vastrakar birthday celebrations at China