മന്ഥന, ദ് ഗോഡസ്, സ്മൃതിയെ കാണാൻ ഗാലറിയിലെത്തി ചൈനീസ് ആരാധകൻ

Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യ– ശ്രീലങ്ക പോരാട്ടം കാണാൻ ഇന്ത്യൻ ആരാധകർ കുറവായിരുന്നെങ്കിലും സ്റ്റേഡിയത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ഥനയുടെ ഒരു സൂപ്പർ ഫാൻ ഉണ്ടായിരുന്നു; ബെയ്ജിങ് സ്വദേശി ജുൻ യു. ‘മന്ഥന, ദ് ഗോഡസ്’ (മന്ഥന എന്ന ദേവത) എന്നെഴുതിയ ബോർഡുമായാണ് ജുൻ യു മത്സരം കാണാൻ എത്തിയത്.
ബെയ്ജിങ് യൂണിവേഴ്സിറ്റിയിലെ ജിയോളജി ബിരുദ വിദ്യാർഥിയായ ജുൻ യു, കഴിഞ്ഞ ദിവസമാണ് സ്മൃതിയെ കാണാനായി ഹാങ്ചോയിലേക്ക് എത്തിയത്. ഇന്റർനെറ്റ് വഴിയാണ് സ്മൃതിയുടെ ക്രിക്കറ്റ് വിഡിയോകൾ കണ്ടത്. വനിതാ ക്രിക്കറ്റിന്റെ ഫൈനലിൽ ശ്രീലങ്കയെ 19 റൺസിന് തോൽപിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 116 റൺസെടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി 97 റൺസിൽ അവസാനിച്ചു.
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലെയും 2020 ട്വന്റി20 ലോകകപ്പിലെയും ഫൈനൽ തോൽവികളുടെ നിരാശയകറ്റുന്നതായിരുന്നു വനിതാ ടീമിന്റെ ഈ സുവർണ വിജയം. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7ന് 116. ശ്രീലങ്ക–20 ഓവറിൽ 8ന് 97. മൂന്നാം സ്ഥാന മത്സരത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനു തോൽപിച്ച ബംഗ്ലദേശ് വെങ്കലം സ്വന്തമാക്കി.
ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ക്ഷമയോടെ പിച്ചുനിന്ന് സ്മൃതി മന്ഥനയും (45 പന്തിൽ 46), ജമൈമ റോഡ്രിഗസുമാണ് (40 പന്തിൽ 42) ഇന്ത്യൻ സ്കോറുയർത്തിയത്. രണ്ടാം വിക്കറ്റിൽ 73 റൺസാണ് ഇരുവരും ചേർന്നു നേടിയത്. 15–ാം ഓവറിൽ ഒന്നിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന 4 ഓവറിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയതോടെ 116 റൺസിൽ ഒതുങ്ങി.
English Summary: Smriti Mandhanna's super fan from China