പൊരിവെയിലിൽ ദക്ഷിണാഫ്രിക്കയുടെ പരിശീലനം, അഫ്ഗാൻ ടീം തിരുവനന്തപുരത്തെത്തി
Mail This Article
തിരുവനന്തപുരം∙ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിനു തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ തിരുവനന്തപുരം സ്പോർട്സ് ഹബ്ബിൽ പരിശീലനത്തിനിറങ്ങി. ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണ് പരിശീലനം തീരുമാനിച്ചിരുന്നതെങ്കിലും കനത്ത വെയിൽ കാരണം മിക്ക താരങ്ങളും നേരത്തേ ഡ്രസിങ് റൂമിലേക്കു മടങ്ങി.
ക്യാപ്റ്റൻ ടെംബ ബവൂമ പരിശീലന സമയം മുഴുവൻ സ്പിൻ പന്തുകൾ നേരിട്ടു. നെറ്റ്സിലും കൂറ്റനടികൾക്കായിരുന്നു ക്വിന്റൻ ഡികോക്കിന്റെ ശ്രമം. എയ്ഡൻ മാർക്രം, റാസി വാൻഡർ ദസൻ എന്നിവരാണ് ആദ്യം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഇന്നും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലനം.
സന്നാഹ മത്സരങ്ങൾക്കായി അഫ്ഗാനിസ്ഥാൻ ടീം ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് എത്തി. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് എത്തിയത്. നാളെ വൈകിട്ട് 6 മുതൽ രാത്രി 9 വരെ സ്പോർട്സ് ഹബ്ബിൽ ടീം പരിശീലനം നടത്തും. ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകളും നാളെ എത്തും. ന്യൂസീലൻഡ് ടീം 30നും ഇന്ത്യൻ ടീം ഒന്നിനുമാണ് തിരുവനന്തപുരത്ത് എത്തുക. 29 മുതൽ 3 വരെയാണ് സ്പോർട്സ് ഹബ് സ്റ്റേഡിയം 4 സന്നാഹ മത്സരങ്ങൾക്കു വേദിയാകുന്നത്.
English Summary : South African team started training at Thiruvananthapuram Sports Hub